ഡോ. ഐഷ വി
അച്ഛൻ പറഞ്ഞു തന്ന അച്ചന്റെ കുട്ടിക്കാലത്തെ ഓർമ്മകളിലൊന്ന് ഇങ്ങനെയാണ്. ഒൻപതാം വയസ്സിൽ മാതാവും 13-ാം വയസ്സിൽ പിതാവും നഷ്ടപ്പെട്ട അച്ഛൻ അതീവ ദുഃഖിതനായിരുന്നു. മക്കൾക്ക് ഒരായുഷ്കാലത്തേയ്ക്കുള്ള നന്മകൾ പകർന്നു നൽകിയാണ് അച്ചന്റെ അച്ഛൻ യാത്രയായത്. പ്രായപൂർത്തിയാകാത്ത ഇളയ 2 ആൺമക്കൾക്ക് ജീവിക്കാനായി ഒരു കിഴിക്കെട്ട് നിറയെ പണം നൽകിയിട്ട് ആ പണം തന്റെ ഒരു മരുമകളുടെ അച്ഛനെ ഏൽപ്പിയ്ക്കാൻ ശട്ടം കെട്ടി. മരുമകളുടെ അച്ഛന് തൊണ്ടു മൂടുന്ന ബിസിനസ് ഉണ്ടായിരുന്നു. ആറു മാസം കൂടുമ്പോൾ അതിൽ നിന്നും ആദായം ലഭിയ്ക്കും അത് കൊണ്ട് ഫീസും മറ്റു കാര്യങ്ങളുമൊക്കെ നടത്താം എന്ന് മക്കളെ പറഞ്ഞ് ഏൽപ്പിച്ചു. മക്കൾ അത് അനുസരിക്കുകയും ചെയ്തു.
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് അതീവ ദുഃഖിതനായ അച്ഛൻ തൊട്ടടുത്തുള്ള വൈദ്യശാലയുടെ തിണ്ണയിൽ തലയിൽ കൈയും വച്ചിരിപ്പായി. ഇതു കണ്ട വൈദ്യർ അച്ഛനെ അടുത്ത് വിളിച്ച് മറ്റൊന്നും പറയാതെ ഒരു പുസ്തകം വായിക്കാനായി നൽകി. ഡെയിൽ കാർണഗിയുടെ “How to stop worrying and start living ” എന്ന പുസ്തകമായിരുന്നു അത്. കാലം 1949 . ഒരു 13 കാരന് ആ പുസ്തകത്തിലെ മുഴുവൻ കാര്യങ്ങളും അന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അച്ഛന്റെ മനസിൽ ഉറഞ്ഞു കൂടിയിരുന്ന ദു:ഖം നിശേഷം മാറ്റാൻ ഈ പുസ്തകത്തിന്ന് കഴിഞ്ഞു. നല്ല പുസ്തകങ്ങൾ നല്ല കുട്ടുകാരെ പോലെയാണ്. നോവുന്ന മനസ്സിന്റെ വേദനയറിയുന്ന വൈദ്യൻ അതിലും ശ്രേഷ്ഠൻ.
Don’t think of what you are lacking only think of what you have എന്ന് എന്റെ അച്ഛനെ കൊണ്ട് ചിന്തിപ്പിച്ച ഡെയിൽ കാർണഗിയ്ക്ക് ആയിരം പ്രണാമങ്ങൾ
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ
Leave a Reply