ഡോ. ഐഷ വി
എന്റെ അച്ഛാമ്മയെ കുറിച്ച് കുറച്ചൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ എന്റെ അച്ഛന്റെ അച്ഛനെ കുറിച്ച് അറിയാനുള്ള ജിജ്ഞാസ സ്വാഭാവികമായും ഉണ്ടാകുമല്ലോ? അതിനാൽ അച്ഛന്റെ അച്ഛനെ കുറിച്ചാണ് ഞാൻ പിറ്റേ ദിവസം അച്ഛനോട് ചോദിച്ചത്. അച്ഛാച്ചന്റെ പേര് കറുമ്പൻ എന്നാണെന്നും പേര് പോലെ കരിം കറുപ്പ് നിറമായിരുന്നു അച്ഛന്റെ അച്ഛനെന്ന് അച്ഛൻ എനിയ്ക്ക് പറഞ്ഞു തന്നു. കാവനാട്ട് കുടുംബാംഗമായിരുന്ന അച്ഛാച്ഛന്റെ അച്ഛനമ്മമാർ താമസിച്ചിരുന്നത് കൊല്ലം കിളികൊല്ലൂരിലായിരുന്നു. അച്ഛാച്ഛന്റെ അച്ഛന്റെ പേര് മാതേവൻ (മഹാദേവൻ ലോപിച്ചത്) എന്നായിരുന്നു. അച്ഛാച്ചന്റെ അമ്മ 113 വയസ്സു വരെ ജീവിച്ചിരുന്ന പൂർണ്ണ ആരോഗ്യവതിയായ സ്ത്രീയാണെന്നാണ് അച്ഛൻ പറഞ്ഞത്. അവരുടെ പേര് ഞാൻ ചോദിച്ചപ്പോൾ അച്ഛന് അറിയില്ലായിരുന്നു. അച്ഛാച്ഛന്റെ മറ്റ് മക്കളോടെല്ലാം ഞാൻ അന്വേഷിച്ചെങ്കിലും അവർക്കാർക്കും ആ പൂർവികയുടെ പേര് അറിയില്ലായിരുന്നു. കൊച്ചു മക്കൾക്ക് അവരുടെ അച്ഛാമ്മയുടെ പേര് അറിയാ ത്തതിൽ എനിയ്ക്ക് അതിശയം തോന്നി. ഒരു സ്ത്രീയായതു കൊണ്ടാണോ ആരും അവരുടെ പേര് ഓർത്ത് വയ്ക്കാഞ്ഞതെന്ന് ഞാൻ ചിന്തിച്ചു. ഒരനാഥ ബാലനെ കൂടി എടുത്ത് വളർത്തിയ അവർക്ക് എന്റെ മനസ്സിൽ ഒരു മഹതിയുടെ സ്ഥാനമായിരുന്നു. അവർക്ക് ആകെ രണ്ട് മക്കളായിരുന്നു. ഒരു മകളും ഒരു മകനും (എന്റെ അച്ഛാച്ഛൻ). അച്ഛാച്ഛന്റെ പെങ്ങളുടെ ഭർത്താവ് തിരുവിതാം കൂറിലെ പേഷ്കാർ ആയിരുന്നു. ഇന്നത്തെ ജില്ലാ കളക്ടറുടെ സ്ഥാനം. അച്ഛാച്ഛന്റെ പെങ്ങൾക്ക് ശങ്കരൻ എന്ന ഒരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീമാൻ ശങ്കരനും ഭാര്യയ്ക്കും കുട്ടികൾ ഇല്ലായിരുന്നു. എന്റെ വിവാഹത്തിന് അവർ സന്നിഹിതരായിരുന്നു.
എന്റെ അച്ഛാച്ചന്റെ വിദ്യാഭ്യാസം വാരണപ്പള്ളി ഗുരുകുലത്തിലായിരുന്നു. അന്നൊക്കെ ഗുരു കുല വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു തിരുവിതാം കൂറിൽ നിലനിന്നിരുന്നത്. ആ കാലഘട്ടത്തിൽ വിദ്യനേടാൻ അവസരം ലഭിച്ചവർ തുലോം തുച്ഛം. കുഞ്ഞായിരുന്ന കറുമ്പന് സഹായത്തിനായി “ചാത്തിനൻ”എന്ന പരിചാരകനെ കൂടി അച്ഛാച്ചന്റെ അച്ഛനമ്മമാർ ഗുരുകുലത്തിൽ താമസിപ്പിച്ചിരുന്നു. ചാത്തിനൻ കുട്ടിയെ നന്നായി നോക്കി. ചാത്തിനനെ ഞാനിവിടെ അനുസ്മരിച്ചില്ലെങ്കിൽ ഒരു പക്ഷേ മറ്റാരും തന്നെ ചാത്തിനന്റെ പേരുപോലും സൂചിപ്പിച്ചില്ലെന്നിരിയ്ക്കും. ഉയരങ്ങളിലെത്തിയ പലരുടേയും പേര് നാലാൾ അറിയുമ്പോഴും അവർക്ക് ഒരു കൈ സഹായം ചെയ്തവരുടെ പേര് ആരും തന്നെ അനുസ്മരിച്ചില്ലെന്നിരിയ്ക്കും.
വാരണപ്പള്ളി ഗുരുകുലത്തിൽ അച്ഛാച്ചന്റെ സഹപാഠിയായിരുന്നു ശ്രീ നാരായണ ഗുരു. ശ്രീ ആറാട്ടുപുഴ വേലായുധന്റെ പുത്രനായ ആന സ്ഥാനത്ത് കുഞ്ഞു പണിയ്ക്കരും അച്ഛാച്ഛന്റെ സഹപാഠിയായിരുന്നു. ആന സ്ഥാനത്ത് കുഞ്ഞു പണിയ്ക്കരുടെ മകളെ അച്ഛാച്ഛന്റെ മൂത്ത മകൻ പിൽക്കാലത്ത് വിവാഹം കഴിച്ചു.
പഠനമൊക്കെ കഴിഞ്ഞ് പ്രായപൂർത്തിയായപ്പോൾ അച്ഛാച്ഛൻ കൃഷിയാണ് ജീവിത മാർഗ്ഗമായി തിരഞ്ഞെടുത്തത്. അക്കാലത്ത് കൃഷിയിൽ മികവ് പുലർത്തുന്നവർക്ക് തിരുവിതാംകൂർ മഹാരാജാവ് കല്പിച്ചു നൽകുന്ന സ്ഥാനപ്പേരായിരുന്നു “ചാന്നാർ” എന്നത്. അങ്ങിനെ കറുമ്പൻ , ” കറുമ്പൻ ചാന്നാർ” ആയിത്തീർന്നു. കിളികൊല്ലൂർ , അഞ്ചൽ, കിഴക്കനേല, കിഴക്കേ കല്ലട തുടങ്ങിയ സ്ഥലങ്ങളിൽ സ്വത്തുക്കൾ ഉണ്ടായിരുന്ന അദ്ദേഹം കിഴക്കേ കല്ലട സ്ഥിര വാസസ്ഥലമായി തിരഞ്ഞെടുത്തു. കാവുങ്ങൽ കുടുംബാംഗമായ കൊച്ചു കുഞ്ചേക്കിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യഭാര്യ . ആദ്യ ഭാര്യയുടെ മരണശേഷം എന്റെ അച്ഛാമ്മയെ അദ്ദേഹം വിവാഹം കഴിച്ചു.
സംസ്കൃതത്തിൽ അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം മക്കളെ കൊണ്ട് പല പുരാണ ഗ്രന്ഥങ്ങളും വായിപ്പിയ്ക്കുകയും അവ വ്യാഖ്യാനിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പരാശ്രയ ജീവി ആകാതെ സ്വാശ്രയ ശീലം മക്കളിൽ വളർത്തിയെടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്വയാർജ്ജിത സ്വത്തിൽ നിന്നും അല്പമെങ്കിലും മിച്ചം വയ്ക്കാൻ അറിയുന്നവനാണ് ധനവാൻ എന്നാണ് അദ്ദേഹം മക്കളെ പഠിപ്പിച്ചത്. അതുപോലെ കഴിയുന്നതും കടം വാങ്ങാതിരിയ്ക്കുക. കടം വാങ്ങുന്നെങ്കിൽ അത് എന്ന് തിരിച്ച് കൊടുക്കാൻ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ കടം വാങ്ങാവൂ എന്നും വാങ്ങുന്ന കടം കൃത്യമായി തിരിച്ചു കൊടുക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു. തോപ്പു വിളയിൽ തറവാട്ടിലെ മറ്റു തായ് വഴികളിൽ പെട്ട പെങ്ങന്മാരുടെ മക്കൾക്കു കൂടി ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. അനന്തിരവന്മാരെ അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിനായി മദിരാശിയിലേയ്ക്ക് അയച്ചിരുന്നു. അന്ന് കേരള സർവകലാശാല പിറവിയെടുത്തിട്ടില്ലാത്ത കാലമാണ്. തിരുവിതാം കൂറിൽ മരുമക്കത്തായ സമ്പ്രദായം മാറ്റി മക്കത്തായ സമ്പ്രദായമാക്കിയപ്പോൾ സ്വാഭാവികമായും സ്വത്തുക്കൾ എല്ലാം മക്കൾക്ക് വന്ന് ചേരേണ്ടതാണ്. എന്നാൽ ധർമ്മിഷ്ഠനായ അദ്ദേഹം സ്വത്ത് ഭാഗം ചെയ്തപ്പോൾ ഒരു പകുതി സ്വത്ത് പല തായ് വഴികളിൽപ്പെട്ട മരുമക്കൾക്കും ഒരു പകുതി മക്കൾക്കും കൊടുത്തു.
സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനോ പുരുഷനൊപ്പം സ്ത്രീയെ പരിഗണിയ്ക്കുന്നതിനോ അദ്ദേഹം അത്ര ശ്രദ്ധിച്ചിരുന്നില്ല എന്നാണ് എന്റെ നിരീക്ഷണത്തിൽ നിന്നു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. സ്ത്രീയ്ക്ക് അർഹമായ പരിഗണ നൽകാതിരുന്നതിൽ എനിയ്ക്കദ്ദേഹത്തോട് നീരസവും തോന്നിയിട്ടുണ്ട്.
അച്ഛാച്ഛൻ ഇരട്ട കുട്ടികൾക്ക് പേരിടാനായി തന്റെ സഹപാഠിയായിരുന്ന ശ്രീ നാരായണ ഗുരുവിന്റെ അടുത്ത് ( വർക്കല) കൊണ്ടുപോയി. ഇരട്ടകൾ ആയിരുന്നെങ്കിലും ഒരാൾക്ക് മുഖത്തല്പം കറുപ്പ് കൂടുതലും മറ്റേയാൾക്ക് വെളുപ്പ് കൂടുതലുമായിരുന്നു. രണ്ടു കുട്ടികളേയും നന്നായി നിരീക്ഷിച്ച ഗുരു ” കാർത്ത്യായനീ ഗൗരീ കാളീ ഹൈമവതീശ്വരീ …” എന്ന ശ്ലോകം ചൊല്ലി. അയനം കറുത്ത കുട്ടിയ്ക്ക് കാർത്ത്യായനി എന്നും ഗൗരം(വെളുപ്പ്) കൂടിയ കുട്ടിയ്ക്ക് ഗൗരി എന്നും പേരിട്ടു. രണ്ടും പാർവതീ ദേവിയുടെ പര്യായങ്ങൾ. ഇതിൽ കാർത്ത്യായനി അപ്പച്ചിയുടെ കൊച്ചു മകളെയാണ് എന്റെ അനുജൻ വിവാഹം ചെയ്തത്.
കാര്യങ്ങൾ ചെയ്യാനും ചെയ്യിക്കാനും അച്ഛാച്ഛൻ മികവ് പുലർത്തിയിരുന്നു. കാരണവരായിരുന്ന് ഭരിക്കുക മാത്രമല്ല കൃഷിയിടത്തിലേയ്ക്കിറങ്ങി പണി ചെയ്യുകയും അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അദ്ദേഹത്തിന്റെ കാൽ പാദങ്ങളിൽ തള്ള വിരലുകൾക്ക് താഴെയായി എല്ലുകൾ തള്ളി നിന്നിരുന്നു. അദ്ദേഹത്തിന്റെ മക്കളുടേയും കൊച്ചുമക്കളുടേയും കാര്യമെടുത്താൽ എന്റെ കാൽ പാദങ്ങളിൽ രണ്ടിലും അതുപോലെ എല്ലു തള്ളി നിൽക്കുന്നത് കിട്ടിയിട്ടുള്ളൂ എന്ന് കുടുംബാംഗങ്ങൾ പലരും പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് ഒരു പാദത്തിൽ മാത്രമേ ഈ പ്രത്യേകത ലഭിച്ചിട്ടുള്ളൂ. എന്റെ അച്ഛൻ വിശാലമായ കൃഷിയിടത്തിൽ അച്ഛാച്ഛൻ എവിടെയാണ് നിൽക്കുന്നത് എന്നറിയാൻ ഇളകിയ മണ്ണിൽ പതിഞ്ഞ കാൽപാദം നോക്കി പോകുമായിരുന്നത്രേ. ജനറ്റിക്സ് പഠിച്ചപ്പോൾ എനിയ്ക്ക് തോന്നിയിട്ടുണ്ട് എന്റെ കാലിന്റെ പ്രത്യേകത ഒരു റിസിസീവ് ജീനിന്റേതാണെന്ന് . അതുപോലെ അച്ഛാച്ഛന്റെ കരിം കറുപ്പ് നിറവും റിസിസീവ് ജീനാണെന്ന് . കാരണം മക്കളും കൊച്ചുമക്കളുമെടുത്താൽ ദാമോദരൻ വല്യച്ഛന്റെ മകനായ കൊച്ചു കറുമ്പൻ എന്നു വിളിച്ചിരുന്ന ലാൽ സുരേഷിന് മാത്രമാണ് അച്ഛാച്ചനോടടുത്ത നിറം ലഭിച്ചിട്ടുള്ളത്. ലാൽ സുരേഷിനെ കാണുമ്പോൾ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ അച്ഛാച്ഛനെ ഞാൻ സങ്കല്പിച്ചിരുന്നു. ആ കുടുംബത്തിലെ മറ്റൊരു പ്രത്യേകത പിതാവിൽ നിന്നും പുത്രനിലേയ്ക്ക് മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഹൈപ്പർ ട്രൈക്കോസിസ്( ചെവികളിൽ എഴുന്ന്_ നിൽക്കുന്ന രോമങ്ങൾ”) എന്ന .ജനിതക സ്വഭാവമായിരുന്നു. ഇതൊക്കെ നിരീക്ഷിയ്ക്കുക എന്റെ പതിവായിരുന്നു.
അച്ഛാച്ഛന്റെ കൃഷി രീതികൾ ശാസ്ത്രീയമായ കൃഷിരീതിയായിരുന്നു. കൃഷി മാറ്റം അദ്ദേഹം കൃത്യമായി ചെയ്തിരുന്നു. വാഴ നട്ടിടത്ത് അടുത്ത തവണ വാഴയെല്ലാം പിഴുതിട്ട് ചേനയേ നടുകയുള്ളൂ . ചേന നട്ടിടത്ത് വിള മാറ്റം ചെയ്യുമ്പോൾ വാഴ നടും. അതിനാൽ ഒരു സസ്യം വലിച്ചെടുക്കാത്ത പോഷകങ്ങൾ മറ്റ് സസ്യത്തിന് വലിച്ചെടുക്കാനാകും. കിഴക്കേ കല്ലടയിലെ 18 ഏക്കർ വരുന്ന പറമ്പിന്റെ അതിരുകളിൽ അദ്ദേഹം മുരിങ്ങ നട്ടു. മൂന്ന് കാളവണ്ടി നിറയെ മുരിങ്ങയ്ക്ക ഓരോ വിളവെടുപ്പിലും ചന്തയിലെത്തിയ്ക്കാൻ കഴിഞ്ഞിരുന്നു എന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. നടീൽ വസ്തുക്കളുടെ എണ്ണം കൂട്ടാൻ അദ്ദേഹം കാച്ചിൽ മുറിച്ച് നട്ടിരുന്നത്രേ. കാച്ചിലിന്റെ ചെത്തിയെടുത്ത തോലിൽ നിന്നും ധാരാളം തൈകൾ ഉത്പാദിപ്പിയ്ക്കാൻ എനിയ്ക്കും കഴിഞ്ഞിട്ടുണ്ട്. ബുൾബുൾ അധികം പിടിയ്ക്കാത്ത വർഷങ്ങളിൽ ഈ രീതി പ്രായോഗികമാണ്.
അദ്ദേഹത്തിന് കൃഷിയോടുണ്ടായിരുന്നതു പോലുള്ള ആത്മ ബന്ധം എനിക്കും പിന്നെ ഗൗരി അപ്പച്ചിയുടെ മകൻ ശങ്കരനണ്ണനുമാണ് കിട്ടിയിട്ടുള്ളത്. പറമ്പിലെ കൃഷി കൂടാതെ നെൽകൃഷിയും അദ്ദേഹം ചെയ്തിരുന്നു. കൊയ്ത്ത് കാലം കഴിയുമ്പോൾ ഉമിത്തീയ്യിൽ കോഴിമുട്ട വേവിച്ച് തിന്നുന്ന രീതി എന്റെ അച്ഛൻ കുട്ടിക്കാലത്ത് ചെയ്തിരുന്നതായി പറഞ്ഞിട്ടുണ്ട്. വൈക്കോലിനിടയിലും പശുവിന്റെ പുൽകൂട്ടിലും മറ്റും കോഴികൾ മുട്ടയിട്ട് വയ്ക്കും. ഇത് വീട്ടിലെ സ്ത്രീ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാറില്ല. കുട്ടികൾ മുട്ടയെടുത്ത് അതിന്റെ പുറത്ത് ചാണകം പൊതിഞ്ഞ ശേഷം ഉമിത്തീയിൽ ഇട്ട് ചുടും. പിന്നീട് തീയിൽ നിന്നെടുക്കുമ്പോൾ മുട്ട പുഴുങ്ങിയ പാകത്തിന് ലഭിക്കുമത്രേ. മുട്ടയിൽ പൊതിഞ്ഞ ചാണകം ഭസ്മമാകുകയും ചെയ്യും. അഗ്നിയ്ക്ക് വിശുദ്ധീകരിക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ?
ഒരായുഷ്കാലത്തേയ്ക്ക് വേണ്ട നന്മകൾ മക്കൾക്കും അനന്തരവർക്കും പകർന്നു നൽകിയ ശേഷമാണ് വെറും 69 വർഷക്കാലത്തെ ഭൗമ ജീവിതം കഴിഞ്ഞ് അദ്ദേഹം പോയത്. അപ്പോൾ എന്റെ അച്ഛന് 13 വയസ്സ്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
Leave a Reply