ഡോ. ഐഷ വി
കാലം 1976-77. പണിക്കാരൻ നെല്ല് കുതിർത്ത് കിഴി കെട്ടി മുളവന്നപ്പോൾ വയലിൽ വിതയ്ക്കാനായി കൊണ്ടു പോയി. അമ്മാമ അമ്മയോട് പറയുന്നത് കേട്ടു. ഇന്ന് കാക്കയും കിളിയും കൊണ്ടുപോകാതെ നോക്കിയാൽ മുളച്ചു കിട്ടും. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും ഒരുങ്ങി എന്നെയും ഒരുക്കി. ഞങ്ങൾ വയലിലേയ്ക്ക് നടന്നു. ഒരു ചാട്ട കൂടി അമ്മ കൈയ്യിലെടുത്തിരുന്നു. ചിരവാ തോട്ടത്തെ വീടിന് കിഴക്കു വശത്തുള്ള പറമ്പിന് നടുവിലൂടെ അമ്മയുടെ അച്ഛൻ വെട്ടിതയ്യാറാക്കിയിരുന്ന വഴിയിലൂടെ ഞാനും അമ്മയും കൂടി നടന്നു. മഠത്തിൽ കുളത്ത് വാതുക്കൽ എത്തിയപ്പോർ വഴിയുടെ വീതി കുറഞ്ഞു. ഞാനും അമ്മയും കൂടി അല്പം വലത്തോട്ട് തിരിഞ്ഞ് വീണ്ടും ഇടത്തോട്ട് കിടന്ന നടന്നു പോകാൻ മാത്രം സൗകര്യമുള്ള വഴിയിലൂടെ വീണ്ടും താഴേയ്ക്ക് കുറച്ചു ദൂരം നടന്നപ്പോൾ വയലിലെത്തി. അന്ന് എല്ലാ വയലിലും കൃഷിയുണ്ടായിരുന്നു. കരഭൂമി കൃഷിയിടങ്ങളായി ഉപയോഗിച്ചിരുന്നത് സമയാ സമയങ്ങളിൽ പല്ലുകളഞ്ഞ് കയ്യാല കോരി മനോഹരമായി ഇട്ടിരുന്നത് പ്രോലെ വയലുകളും മനോഹരമാക്കി ഇട്ടിരുന്നു. . തോട്ടു വരമ്പുകളും ഇട വരമ്പുകളും വയലിലെ ചെളി കൊണ്ടു തന്നെ ബലപ്പെടുത്തി ചെളിയിലിറങ്ങി പുല്ല് പിഴുതു കളഞ്ഞ് മനോഹരമാക്കിയിട്ടിരിയ്ക്കുന്ന വയൽ വരമ്പിലൂടെ ഞങ്ങൾ ഒരു തോട്ടിനടുത്തെത്തി. അമ്മ ചെരിപ്പ് ഊരി കൈയ്യിൽ പിടിച്ചു. അതു കണ്ട് ഞാനും. ഞങ്ങൾ രണ്ടു പേരും കൂടി തോട്ടിലിറങ്ങി മറുകരയിലെത്തി. ഇപ്പോഴാണ് ഞാൻ സ്കൂളിൽ പോകുന്ന വഴിയ്ക്ക് ചിറക്കര വയലിലെ തോട് മുറിച്ച് കടക്കുമ്പോൾ ചെരുപ്പ് ഊരിപ്പോകുന്നതിന് ഒരു പരിഹാരമായത്. കാസർ ഗോഡു നിന്നും ചിറക്കര സ്കൂളിലേയ്ക്ക് മാറിയപ്പോൾ തോട് മുറിച്ച് കടക്കുമ്പോഴൊക്കെ എന്റെ ചെരുപ്പ് ഒഴുക്കു വെള്ളത്തിൽ ഒഴുകി പോവുകയും പിന്നെ അതിന്റെ പുറകേ പോയി പിടിക്കുകയും ചെയ്യുന്നത് എനിക്കൊരു പ്രശ്നമായിരുന്നു. ഇപ്പോൾ അതിന് പരിഹാരമായിരിക്കുന്നു. ചെരുപ്പ് ഊരി കൈയ്യിൽ പിടിക്കുക.
അങ്ങനെ ഞങ്ങൾ വീണ്ടുമൊരു വയൽ വരമ്പിലേയ്ക്ക് തോട്ടു വരമ്പിൽ നിന്നുമിറങ്ങി നടന്ന് വയലിനക്കരെയെത്തി. പ്ലാവറക്കുന്നിന് താഴെ മൂന്ന് വശം കരയും ഒരു വശം തോട്ടു വരമ്പുമായുള്ള കണ്ടമായിരുന്നു അത്. ഒരു കരയിൽ മൺകട്ട കൊണ്ട് നിർമ്മിച്ച ഓല മേഞ്ഞ ഒരു വീടുണ്ടായിരുന്നു. അമ്മ എന്നെ വയലിനരികത്തിരുത്തി. തലയിൽ ഒരു തോർത്ത് കെട്ടിത്തന്നു. കൈയ്യിൽ ഒരു ചാട്ടയും . വിതച്ച നെല്ല് കാക്ക കൊണ്ട് പോകാതെ നോക്കണമെന്ന് അമ്മ എന്നോട് പറഞ്ഞു. ഞാൻ അനുസരിച്ചു. അമ്മ തിരികെ പോയി. ഞാൻ അവിടെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ മൺ വീട്ടിൽ നിന്നും എന്റെ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ ഇറങ്ങി വന്നു. ചോദിച്ചപ്പോൾ ഉളിയനാട് സ്കൂളിൽ നാലാം ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് പറഞ്ഞു. കക്ഷി തോട്ടു വരമ്പിൽ നിന്ന പൂകൈതയുടെ ഇലയുടെ തുമ്പ് മുറിച്ചെടുത്തു. തുമ്പറ്റം ആ കുട്ടിയുടെ കൈയ്യിൽ പിടിച്ചിട്ട് അല്പം വീതിയുള്ള വശം എന്റെ നേർക്ക് നീട്ടി. പിടിക്കാൻ പറഞ്ഞു. ഞാൻ വീതിയുള്ള വശത്ത് പിടിച്ചപ്പോൾ ഒറ്റവലി. കൈ വിരലുകളിൽ കൈതോലയുടെ മുള്ളുകൊണ്ട് ചെറിയ മുറിവായി. എനിക്ക് ദേഷ്യം വന്നു. കാക്കയെ ഓടിക്കാൻ കൊണ്ടുവന്ന ചാട്ട ഞാനൊന്നു വീശി. പയ്യൻ വീടിനുള്ളിലേയ്ക്ക് വലിഞ്ഞു. കാക്കയോ കിളിയോ നെല്ല് കൊത്തിക്കൊണ്ട് പോകുവാൻ വരുമ്പോൾ ഞാനൊന്ന് ചാട്ടവീശും. അപ്പോൾ പറവകൾ പറപറക്കും. ഇത് ഉച്ചവരെ തുടർന്നു. അമ്മാമയ്ക്ക് കരഭൂമി ഉണ്ടായിരുന്നെങ്കിലും വയൽ ഇല്ലായിരുന്നു. ഈ വയൽ ആരോ ഒരാൾ ഒറ്റികൊടുത്തതാണ്. അങ്ങനെ ഉച്ചയായപ്പോൾ അമ്മയെത്തി. എന്നെയും കൂട്ടി വീട്ടിലേയ്ക്ക് പോയി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
Leave a Reply