ഡോ. ഐഷ വി
ചാത്തന്നൂരിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ കൊല്ലം ഗവ. ആശുപത്രിയിലെ ഹെഡ് നഴ്സിനെ കണ്ടു. പതിവു പോലെ കുശലാന്വേഷണങ്ങൾ നടത്തി. വിഷയം എങ്ങനെയോ കായംകുളം കെ വി കെ യും ഐസ്റ്റഡും സംയുക്തമായി നടത്തിയ ടെയിനിംഗിൽ എത്തി. പപ്പായയാണ് താരം. പപ്പായയുടെ ഗുണഗണങ്ങളെപ്പറ്റി സിസ്റ്റർ നന്നായി സംസാരിച്ചു. കൂട്ടത്തിൽ സിസ്റ്റർക്ക് ഗവ. ജോലി കിട്ടുന്നതിന് മുമ്പ് ബെൻസിഗർ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ പ്രമേഹ ബാധിതർ ഉണങ്ങാ വ്രണവുമായി വന്നാൽ മാഗ്സൾഫും ഗ്ലിസറിനും മുറിവിൽ വച്ചുകെട്ടാൻ ഉപയോഗിക്കുകയേ ഇല്ല. പകരം മാസങ്ങളായി ഉണങ്ങാതെ നിൽക്കുന്ന വ്രണത്തിലേയ്ക്ക് പച്ച പപ്പായയുടെ കറ നീക്കിയിറക്കി വ്രണത്തിൽ വച്ച് കെട്ടും രണ്ട് മൂന്ന് ദിവസം കഴിയുമ്പോൾ വ്രണത്തിലെ പഴുപ്പ് നിറം മാറി ചുവപ്പുനിറം വച്ച് തുടങ്ങും. പിന്നെ വ്രണമുണങ്ങാൻ അധികം താമസമില്ല.
ഇതേ പോലെ കായംകുളം കെ വി കെ യിലെ ജിസി മാഡം ട്രെയിനിംഗിനു വന്ന ഒരു സ്ത്രീയുടെ ഭർത്താവിന്റെ അനുഭവം ഞങ്ങളോട് പങ്ക് വച്ചിരുന്നു. മറ്റു ട്രെയിനേഴ്സ് എല്ലാം ശാന്തമായി ക്ലാസ്സ് കേൾക്കുമ്പോൾ ഒരു സ്ത്രീയ്ക്കുമാത്രം ആകെ അസ്വസ്തത, ട്രെയിനിംഗിൽ പങ്കെടുത്തില്ലെങ്കിലും വേണ്ടില്ല വേഗം വീട്ടിലെത്തിയാൽ മതിയെന്ന ചിന്ത. ആകെ അസ്വസ്തയായിരുന്ന അവരോട് മാഡം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി . വിഷമ ഹേതു ആ സ്ത്രീയുടെ ഭർത്താവിന്റെ കാലിലെ ഉണങ്ങാത്ത പ്രമേഹ വ്രണമാണ്. കാര്യങ്ങൾ കേട്ട ശേഷം മാഡം അവരോട് പറഞ്ഞു. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കി തുടച്ച വ്രണത്തിൽ പച്ച പപ്പായക്കറ ഇറ്റിക്കാൻ. അവർ അതുപോലെ ചെയ്തു. രോഗിയ്ക്ക് നീറ്റൽ സഹിക്കാൻ വയ്യാതായപ്പോൾ മാഡത്തെ വിളിച്ചു. തത്ക്കാലം വേദാനാസംഹാരി കഴിച്ച് കടിച്ച് പിടിച്ച് കിടന്നോളാൻ നിർദ്ദേശിച്ചു. അവർ അനുസരിച്ചു. മൂന്ന് ദിവസം ഇത് ആവർത്തിച്ചു. നാലാം ദിവസം മുതൽ വ്രണത്തിന്റെ കുഴിയിൽ ഉരുക്കു വെളിച്ചെണ്ണ നിറക്കാൻ നിർദ്ദേശിച്ചു . 21 ദിവസം ഇതാവർത്തിച്ചപ്പോൾ വ്രണം പൂർണ്ണമായും ഉണങ്ങി. പല ചികിത്സ മൂന്ന് മാസത്തിലധികം പരീക്ഷിച്ചിട്ടും ഉണങ്ങാത്ത വ്രണമാണ് കേവലം പപ്പായക്കറ ഉരുക്ക് വെളിച്ചെണ്ണ ചികിത്സയിലൂടെ മൂനാഴ്ച കൊണ്ട് ഉണങ്ങിക്കിട്ടിയത്. അപ്പോഴേയ്ക്കും ഒരു എറണാകുളം ബസ്സെത്തി . ഞങ്ങൾ അതിൽ കയറി യാത്രയായി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply