ഡോ. ഐഷ വി
ഇന്ദിര ടീച്ചർ സ്വതവേയുള്ള ലാളിത്യത്തോടെ കലണ്ടറുകളെ കുറിച്ച് ക്ലാസ്സ് എടുത്തു. ജനുവരിയെ കുറിച്ച് പറഞ്ഞപ്പോൾ ടീച്ചർ ജാനസ് എന്ന പുരാതന റോമൻ ദൈവത്തെ കുറിച്ച് പറഞ്ഞു. രണ്ട് മുഖമുള്ള ദൈവം. ഒരു മുഖം ഭൂതകാലത്തേയ്ക്കും ഒന്ന് ഭാവികാലത്തേയ്ക്കും ഉറ്റുനോക്കുന്നതാണത്രേ . ജാനസിനെ അവർ ആദി ദൈവമായും മാറ്റങ്ങളുടെ തമ്പുരാനായും വാതിലുകളുടെ കാവലാളായും കണക്കാക്കുന്നു. അങ്ങനെയുള്ള ദ്വൈമുഖ ദൈവത്തിന്റെ പേരിൽ നിന്നാണത്രേ ജനുവരിയ്ക്ക് ആ പേര് ലഭിച്ചത്. ജനുവരിയെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള ജനങ്ങൾ ആഘോഷത്തോടെ ഉണർന്നിരിയ്ക്കും. പഴയവയിൽ നിന്ന് പാഠമുൾക്കൊണ്ട് പുതു വർഷത്തിലേയ്ക്ക് ഒരു രൂപ മാറ്റം. “Ring out the wild bells, Ring in the new” എന്ന് ചിലർ ആവേശത്തോടെ ഉത്ബോദിപ്പിയ്ക്കും. നമ്മുടെ മനസ്സും ശരീരവും സമൂഹവും കാലവും ഭൂമിയും അനസ്യൂതം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ആ മാറ്റത്തിന്റെ തമ്പുരാനും ഈ ജാനസ് തന്നെ. മാറ്റം പല തരത്തിലാകാം. ജനനമുണ്ടെങ്കിൽ മരണവുമുണ്ട്. സുഖമുണ്ടെങ്കിൽ ദുഃഖവും ഉണ്ട്. സമ്പത്തുണ്ടെങ്കിൽ ക്ഷിതിയുണ്ട്. ഈ യാഥാർത്ഥ്യങ്ങളെ കൂടി ജാനസ് പ്രതിനിധീകരിക്കുന്നു. സൃഷ്ടിയുടെ ദൈവമായും റോമാക്കാർ ജാനസിനെ കാണുന്നു. മാറ്റങ്ങളുടെ ലോകത്ത് ട്രപ്പീസ് കളിക്കാരെപ്പോലെ ഒരു സംതുലിതാവസ്ഥയിൽ കഴിയാൻ കഴിയുന്നവർക്ക് വിജയം ഉറപ്പാക്കാം.
2019 -ൽ ആരംഭിച്ച കോവിഡ് 2020 കഴിഞ്ഞ് ജനിതക മാറ്റത്തിലൂടെ 2021 ലെത്തി നിൽക്കുന്നു. അതിജീവിയ്ക്കാൻ വേണ്ടി ശാസ്ത്രീയമായി ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുക എന്നതാണ് നമ്മുടെ മുന്നിലുള്ള പോം വഴി. നമ്മൾ മാറാൻ ജനുവരി വരെ കാത്തു നിൽക്കേണ്ടതില്ല. നന്നാവാൻ തീരുമാനിച്ചാൽ ആനിമിഷം തന്നെ നന്നാവുക . ഇനി ജനുവരിയിൽ ചില നല്ല കാര്യങ്ങൾ പദ്ധതി ആവിഷ്കരിച്ച് തുടങ്ങിയാലോ അത് തുടർന്ന് കൊണ്ട് പോകാനും ശ്രദ്ധിക്കുക.
എന്റെ ജീവിതത്തിലും ജനുവരി ചില നല്ല കാര്യങ്ങൾ സമ്മാനിച്ചിട്ടുണ്ട്. എന്റെ മൂത്തമകന്റെ ജന്മദിനം 2000 ജനുവരി ഒന്നാണ്. മില്ലേനിയം ബേബിയായി. എനിക്ക് കംപ്യൂട്ടർ സയൻസിൽ പി എച്ച് ഡി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ചതും 2014 ജനുവരിയിലാണ്.
ഞാൻ ജോലി ലഭിച്ച ശേഷം ഇരിങ്ങാലക്കുട ഉദയാ പ്രൊവിൻഷ്യൽ ഹൗസിന്റെ വിമൽ ഭവൻ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസിക്കുന്ന സമയത്ത് സിസ്റ്റർ ടെറസ്സല്ല പറഞ്ഞത് ഡിസംബറിൽ നമ്മൾ മനസ്സും ശരീരവും പരിസരവും ഒന്ന് ശുചീകരിക്കും പുതു വർഷമായ ജനുവരിയെ വരവേൽക്കാൻ. എല്ലാ മാസവും ഒരു ദിവസമെങ്കിലും നമ്മൾ മാറ്റി വയ്ക്കണം നമ്മുടെ വീടും പരിസരവും ഓഫീസുമൊക്കെ ശുചിയാക്കാൻ എന്ന്.
എന്നും ശരീരവും മനസ്സും ശുചിയാക്കിയാൽ വരുന്ന ഓരോ നിമിഷവും നമുക്ക് പുതുമയുള്ളതായിത്തീരും. പഴയ നിമിഷങ്ങളുടെ അനാവശ്യ ഭാരങ്ങൾ ഒഴിച്ചു വയ്ക്കാൻ നമുക്ക് ശ്രമിക്കാം. ഇന്നിൽ ഈ നിമിഷത്തിൽ ശരിയായി ജീവിക്കാൻ വേണ്ടി. നമ്മൾ ജീവിക്കുന്ന നിമിഷങ്ങൾ മാത്രമേ നമ്മുടെ സ്വന്തമായുള്ളൂ. അതിനാൽ ഇന്ന് ഇപ്പോൾ ചെയ്യാൻ പറ്റുന്ന നന്മകൾ എല്ലാം നമ്മൾ ചെയ്തേക്കുക. ഏവർക്കും എന്റെ പുതുവത്സരാശംസകൾ.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply