ഡോ. ഐഷ . വി.
കമലാക്ഷിയെ ഞാനാദ്യം കാണുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ക്ലാസ്സിൽ ചെന്ന ആദ്യ ദിവസം തന്നെ കമലാക്ഷി എന്നോട് കൂട്ടുകൂടി . കമലാക്ഷിയ്ക്ക് ഒന്നാം ക്ലാസ്സിൽ എന്നേക്കാൾ ഒരു വർഷം കൂടുതൽ പരിചയം ഉണ്ട്. കാരണം കമലാക്ഷി ഒന്നിൽ തോറ്റ കുട്ടിയായിരുന്നു. അന്നൊക്കെ ഇന്നത്തെ പോലെ എല്ലാവരെയും ജയിപ്പിക്കുന്ന (ആൾ പ്രമോഷൻ ) പരിപാടിയില്ലായിരുന്നു. കമലാക്ഷിയ്ക്ക് മൂന്ന് ചേച്ചിമാരും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ കമലാക്ഷിയെ പരിചയപ്പെടുന്നതിന് മുമ്പ് കമലാക്ഷിയുടെ അച്ഛൻ മരിച്ചു പോയിരുന്നു. സ്കൂളിൽ നിന്ന് കാസർഗോഡ് നെല്ലി കുന്നിലെ ഞങ്ങളുടെ വീട്ടിലേയ്ക്കു പോകുന്ന വഴിയിൽ ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന പൊടിപ്പു മിൽ കഴിഞ്ഞ് ഒരു ചെറിയ ഓലപ്പുരയിലായിരുന്നു കമലാക്ഷിയും കുടുംബവും താമസിച്ചിരുന്നത്. ഓലപ്പുരയുടെ മുകളിൽ പുല്ലുകൊണ്ട് മേയുന്ന രീതി അക്കാലത്ത് അവിടെ യുണ്ടായിരുന്നു. ഈ വീടിന്റെ പ്രത്യേകത ഒരു തെങ്ങ് അകത്ത് നിർത്തിയാണ് മേൽക്കൂര മേഞ്ഞിരിക്കുന്നത് എന്നതാണ്. അവിടെ ആകെയുണ്ടായിരുന്ന അലങ്കാരച്ചെടി ഒരു പൊട്ടിയ ഗ്ലാസ്സിൽ നട്ടുപിടിപ്പിച്ച പത്തു മണിച്ചെടിയാണ്. ചിലപ്പോൾ അവരതെടുത്ത് ഓലപ്പുരയുടെ മുകളിൽ സ്ഥാപിക്കും. ചിലപ്പോൾ അവരതെടുത്ത് മുറ്റത്ത് വയ്ക്കും. ഒരു ദിവസം കമലാക്ഷി അതിൽ നിന്നും ഒരു കൊച്ചു തണ്ടൊടിച്ച് എനിയ്ക്ക് സമ്മാനിച്ചു. ഞാനത് വീട്ടിൽ കൊണ്ടുപോയി നട്ടുപിടിപ്പിച്ചു.
കാസർഗോഡ് , ഗവ. ടൗൺ യു പി എസി ലായിരുന്നു ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സ് വരെ ഞാൻ പഠിച്ചിരുന്നത്. അന്ന് കാസർകോഡ് ജില്ലയായിരുന്നില്ല. താലൂക്ക് മാത്രം. ചെറിയ പട്ടണം. അന്ന് ഗവ.ടൗൺ യു പി എസ് സ്ഥിതി ചെയ്തിരുന്നത് മല്ലികാർജുന ക്ഷേത്രത്തിന് എതിർ വശത്തായിരുന്നു. മുനിസിപ്പൽ ഓഫീസ്, താലൂക്ക് ഓഫീസ് തുടങ്ങിയ വയൊക്കെ സമീപത്തായിരുന്നു. സ്കൂൾ ഗേറ്റ് കയറി ചെന്നാൽ വലതു വശത്ത് ഒരു കിണർ. അതു കഴിഞ്ഞ് വലതു വശത്തുള്ള ഇരു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്റ്റെയർകെയ്സിനടുത്തുള്ള മുറിയായിരുന്നു ഞങ്ങളുടെ ഒന്നാം ക്ലാസ്സ് . മുകളിലത്തെ നിലയിലായിരുന്നു പ്രധാനാധ്യാപകന്റെ/ പ്രധാനാധ്യാപികയുടെ മുറി. നന്ദിനി ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ. ആ സ്കൂളിൽ കന്നട മീഡിയത്തിനും മലയാളം മീഡിയത്തിനും പ്രത്യേകം ക്ലാസ്സുകൾ ഉണ്ടായിരുന്നു. ഞാനും കമലാക്ഷിയും മലയാളം മീഡിയത്തിലായിരുന്നു. അതേ സ്കൂളിലെ സരോജിനി ടീച്ചറിന്റെ മകൾ ജയശ്രീ ഞങ്ങളുടെ ക്ലാസ്സിലായിരുന്നു. ജയശ്രീ മിക്കവാറും ദിവസങ്ങളിൽ റോസ് നിറത്തിലുള്ള റോസാപ്പൂ ചൂടിയായിരുന്നു വരവ്.
ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടു പറമ്പിൽ ആകെ ആറ് വീടുകളുണ്ടായിരുന്നു. എല്ലാം ഒരു കുഞ്ഞിക്കണ്ണൻ വൈദ്യൻ വക . അതിൽ ഒരു വീട്ടിലെ ബാങ്കറുടെ മകൾ സുകന്യയും മറ്റൊരു വീട്ടിലെ വക്കീലിന്റെ മകൾ മഞ്ജുളയും ഞങ്ങളുടെ അതേ സ്കൂളിൽ സീനിയർ ക്ലാസ്സിൽ കന്നട മീഡിയത്തിലായിരുന്നു പഠിച്ചിരുന്നത്. ചിലപ്പോൾ ഞാൻ മഞ്ജുളയുടേയും സുകന്യയുടേയും കൂടെയാവും സ്കൂളിൽ പോവുക. ചിലപ്പോൾ അച്ഛനോടൊപ്പവും. ഇവർ കൂടെയില്ലാത്തപ്പോൾ കമലാക്ഷി യോടൊപ്പവും . കമലാക്ഷി യോടൊപ്പമുള്ള യാത്ര ഊരു മുഴുവൻ ചുറ്റിയുള്ളതാകും. കമലാക്ഷിയുടെ അമ്മയും ചേച്ചിമാരും പല വീടുകളിൽ പണിയെടുത്താണ് ജീവിത യാനം മുമ്പോട്ട് പോയിരുന്നത്. കമലാക്ഷിയുടെ അമ്മ അതിരാവിലെ ജോലിക്ക് പോയിരുന്നത് മുറ്റംനിറയെ വൈവിധ്യമാർന്ന റോസാ പൂക്കളുള്ള ഒരു വീട്ടിലിലായിരുന്നു. ഞങ്ങൾ അവിടെയെത്തുമ്പോൾ കമലാക്ഷിയുടെ അമ്മ പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുകയായിരിക്കും. അവിടെ നിന്നും കമലാക്ഷിക്ക് പ്രാതൽ കിട്ടും. പിന്നെ നേരെ സ്കൂളിലേയ്ക്ക് . കമലാക്ഷിയുടെ ഉച്ച ഭക്ഷണം മിലൻ ഹോട്ടലിൽ . ആദ്യ വീട്ടിലെ പണികഴിഞ്ഞാൽ കമലാക്ഷിയുടെ അമ്മയ്ക്ക് മിലൻ ഹോട്ടലിൽ പാചകത്തിന് സഹായിക്കുന്ന പണിയാണ്. സ്കൂളിന് പുറകിലുള്ള നിറയെ റോസാ പൂക്കളുള്ള മറ്റൊരു വീട്ടിൽ കമലാക്ഷിയുടെ ഒരു ചേച്ചി ജോലിക്ക് പോയിരുന്നു. കമലാക്ഷിയുടെ ഒരു ചേച്ചി അതേ സ്കൂളിൽ പഠിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും വന്ന് കുടുംബമായി കാസർഗോഡ് താമസിച്ചിരുന്ന ഒരു ഹിന്ദി ടീച്ചറിന്റെ വീട്ടിൽ ഈ ചേച്ചി ജോലിയ്ക്ക് പോയിരുന്നു. മിക്കവാറും അരി പാറ്റി കല്ലു പെറുക്കി കൊടുക്കുന്ന ജോലിയായിരുന്നു ആ ചേച്ചി ചെയ്തിരുന്നത്. ആ ടീച്ചറിന്റെ വീട്ടിൽ നിന്ന് കമലാക്ഷിക്കും എന്തെങ്കിലും ലഘു ഭക്ഷണം ലഭിക്കും.
അങ്ങനെ ആ കുടുംബം ബാലവേല, ബാലാവകാശം, വിദ്യാഭ്യാസാവകാശം എന്നിവയെ കുറിച്ചൊന്നും അറിയാതെ വേവലാതിപ്പെടാതെ വിശപ്പടക്കി.
കമലാക്ഷിയുടെ കൂടെ ഊരു ചുറ്റുന്നതിനിടയിൽ ഞാൻ മുമ്പ് പഠിച്ചിരുന്ന ഗിൽഡിന്റെ നഴ്സറി സ്കൂളിലെ ആയ കണ്ടാൽ അച്ഛനോട് പറഞ്ഞു കൊടുക്കും ഇങ്ങനെ കറങ്ങി നടക്കരുത് എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും. അതിനാൽ അല്പം ഭയത്തോടെയായിരുന്നു കറക്കം.
അമ്മ അനുജത്തിയെ പ്രസവിച്ചത് 1973 ജൂലൈ 5 നായിരുന്നു. ആയതിനാൽ ആദ്യത്തെ മൂന്നാലു മാസം എന്റെ ഉച്ച ഭക്ഷണം അച്ഛന്റെ സുഹൃത്തായ ഒരു നമ്പ്യാരുടെ ഹോട്ടലിൽ ആയിരുന്നു. നമ്പ്യാരുടെ മൂന്ന് മക്കൾ ഞങ്ങളുടെ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. ആദ്യ ദിവസം തന്നെ അച്ഛൻ അവരെ എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു – അവരോടൊപ്പം ഞാൻ ഹോട്ടലിലേയ്ക്ക് പോകും . അവരുടെ വീട്ടിൽ പുസ്തകം വച്ച് ഹോട്ടലിന്റെ പിന്നാമ്പുറത്തു കൂടെ ഹോട്ടലിൽ കയറും. പോകുന്ന വഴിക്ക് ഒരു കാലിത്തൊഴുത്തുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഈ കാലിത്തൊഴുത്തിലെ വെള്ളം നമ്പ്യാരുടെ വീട്ടിൽ നിന്നും ഹോട്ടലിലേയ്ക്ക് പോകുന്ന നടവഴിയിലേയ്ക്കു ഒഴുകി കിടന്നിരുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഒരു ദിവസം ഈ കൂട്ടികളോടൊപ്പം ഞാൻ ഹോട്ടലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു ബാർബർ ഷോപ്പിൽ ഇരുന്ന ഒരു പയ്യൻ റോഡ് മുറിച്ച് ഓടി വന്ന് എന്നെ പൊക്കിയെടുത്തു. ഞാൻ പേടിച്ച് നിലവിളിച്ചപ്പോൾ അയാൾ എന്നെ താഴെ നിർത്തി. ഈ സംഭവം ഞാൻ വീട്ടിൽ പറഞ്ഞു ആരാണയാൾ എന്ന് അച്ഛനമ്മമാർക്ക് പിടി കിട്ടിയില്ല. അതിന്റെ പിറ്റേന്ന് ഉച്ച ഭക്ഷണം കഴിക്കാൻ പോകാതെ ഞാൻ സ്കൂളിൽ തന്നെ നിന്നു. അപ്പോൾ സുകന്യ ആ വഴിയ്ക്ക് വന്നു. ഞാൻ സുകന്യയോട് കാര്യം പറഞ്ഞപ്പോൾ സുകന്യ എന്നെ മുൻ വശത്തെ റോഡിലൂടെ ഹോട്ടലിൽ കൊണ്ടാക്കി. ഞാൻ ചെന്നപ്പോൾ നമ്പ്യാർ കൗണ്ടറിൽ ഇരുപ്പുണ്ടായിരുന്നു. മോളെത്തിയോ എന്ന് പറഞ്ഞ് അകത്തേയ്ക്ക് നയിച്ച് ഭക്ഷണം തന്നു. പിന്നീട് കുറച്ചു ദിവസം കൂടിയേ എനിക്കവിടുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നുള്ളൂ. അത് ഞാൻ തനിച്ച് ഹോട്ടലിന്റെ മുൻഭാഗത്തുകൂടി പോയി കഴിച്ചിട്ട് സ്കൂളിലേയ്ക്ക് തിരികെ പോന്നു. എനിയ്ക്ക് ഉച്ച ഭക്ഷണം തന്ന വകയിൽ നമ്പ്യാർ കാശൊന്നും വാങ്ങിയില്ലെന്ന് പിന്നീട് അച്ഛൻ പറഞ്ഞറിഞ്ഞു. ഇതു കൂടാതെ നമ്പ്യാർ ചില സഹായങ്ങളൊക്കെ അച്ഛന് ചെയ്ത് കൊടുത്തിരുന്നു. അതിലൊന്ന് വാടക വീട് കണ്ടെത്തി കൊടുത്തത്, പിന്നെ നമ്പ്യാരുടെ വക ചില ജംഗമ വസ്തുക്കളായ ഡസ്ക് കസേര, സിമന്റിൽ ഉണ്ടാക്കിയ ജലസംഭരണി ആട്ടുകല്ല്, അമ്മിക്കല്ല് തുടങ്ങിയവയായിരുന്നു അത്. ഇതെല്ലാം വീടൊഴിഞ്ഞ് പോരുന്ന സമയത്ത് അച്ഛൻ നമ്പ്യാർക്ക് തിരികെ കൊടുത്തു. അമ്മ അനുജത്തിയെ പ്രസവിച്ചു കിടന്ന സമയത്ത് അമ്മയെയും കുഞ്ഞിനേയും നോക്കാനായി ദേവിയെന്ന സ്ത്രീയേയും നമ്പ്യാർ തന്നെ പറഞ്ഞയച്ചു കൊടുക്കുകയും ചെയ്തു. ദേവി അവരുടെ ദൗത്യം നന്നായി നിർവ്വഹിച്ചു.വടക്കൻ കേരളത്തിലുള്ളവർ തെക്കൻ കേരളത്തിലുള്ളവരോട് മാന്യമായും സ്നേഹത്തോടെയും പെരുമാറുന്നതിന് ഉത്തമോദാഹരണമാണമായിരുന്നു നമ്പ്യാരുടെ പെരുമാറ്റ രീതി.
Leave a Reply