ഡോ. ഐഷ വി
വിളഞ്ഞു പഴുത്ത കർപ്പൂര മാങ്ങ പോലെ മധുരമുള്ളതാണ് ഇന്ദിരാമ്മയെ കുറിച്ചുള്ള ഓർമ്മകളും. ഇന്ദിരാമ്മയെ ആദ്യം കണ്ട ദിവസം അവർ തങ്ങളെ സ്വീകരിച്ചത് ഒരു പാത്രം നിറയെ മാമ്പഴ കഷണങ്ങളുമായിട്ടായിരുന്നു. ചിരാവാത്തോട്ടത്തു നിന്നും വയൽ വഴി കുഴുപ്പിലച്ചാമ്മയുടെ വീട്ടിലേയ്ക്ക് പോകുമ്പോൾ ആയിരുന്നു ആദ്യമായി ഇന്ദിരാമ്മയെ കാണുന്നത്. അപരിചിതയായ ഒരു സ്ത്രീ തോട്ടു വരമ്പിലൂടെ മൂന്ന് കൂട്ടികളുമായി വരുന്നത് നോക്കി നിൽക്കുകയായിരുന്നു ഇന്ദിരാമ്മ. അങ്ങനെ ഞങ്ങൾ അടുത്തെത്തിയപ്പോൾ തോടിന്റെ അക്കരെ ഇക്കരെ നിന്നുകൊണ്ട് ഇന്ദിരാമ്മയും അമ്മയും പരിചയപ്പെട്ടു. പറഞ്ഞു വന്നപ്പോൾ വല്യമാമനെ അവർക്കറിയാം. വല്യമാമന്റെയടുത്താണ് അവർ മരുന്ന് വാങ്ങാൻ പോകുന്നത്. മാത്രമല്ല, അമ്മയും ഇന്ദിരാമ്മയും ഒരേ കുടുംബക്കാർ ആണത്രേ. ഒല്ലാൽ കുടുംബം. അങ്ങനെ ഇന്ദിരാമ്മ ഞങ്ങളെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഞങ്ങൾ തോട് മുറിച്ച് കടന്ന് ഇന്ദിരാമ്മയുടെ വീട് നിൽക്കുന്ന പറമ്പിലേയ്ക്ക് കയറി. അവർ ഞങ്ങളെ അകത്തേയ്ക്ക് ആനയിച്ചു. മക്കളെയും ഭർത്താവിനേയും പരിചയപ്പെടുത്തി. മൂന്നാമത്തെ മകളോട് മാമ്പഴം കൊണ്ടുവരാൻ പറഞ്ഞു. ആ ചേച്ചി മാമ്പഴം ചെത്തി വൃത്തിയാക്കി കഷണങ്ങളാക്കി കൊണ്ടുവന്നു. മാമ്പഴമൊക്കെ കഴിച്ച് ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.
പിന്നീട് ഞങ്ങൾ ചിറക്കരത്താഴത്ത് താമസമായപ്പോഴാണ് ഇന്ദിരാമ്മയെ വീണ്ടും കാണുന്നത്. ഗിരിജ ചേച്ചിയുടെ വിവാഹ നിശ്ചയത്തിന്റെ അന്ന്. രാവിലെ തന്നെ ഇന്ദിരാമ്മയെത്തി പച്ചക്കറികൾ അരിയാൻ മറ്റു സ്ത്രീകളെ സഹായിച്ചു. അവർ തമ്മിൽ കുശലാന്വേഷണം നടത്തുന്നതും വിശേഷങ്ങൾ പങ്കു വയ്ക്കുന്നതും ഞാൻ കേട്ടിരുന്നു. ഇന്ദിരാമ്മയുടെ ഒരു മകളെ വിവാഹം കഴിച്ചത് രാജസ്ഥാനിൽ ജോലിയുള്ള റയിൽവേ ജീവനക്കാരനായിരുന്നു. ആ മകളുടെ പ്രസവത്തിന് ഇന്ദിരാമ്മയ്ക്ക് അങ്ങോട്ട് പോകാൻ സാധിച്ചില്ല. പക്ഷേ അവിടത്തെ ആൾക്കാർ അവരുടെ ആചാരമനുസരിച്ച് വേണ്ടതെല്ലാം ചെയ്യുകയും അമ്മയേയും കുഞ്ഞിനേയും അണിയിച്ചൊരുക്കി ആഘോഷങ്ങൾ നടത്തുകയും ചെയ്തു. അതിനാൽ ഇന്ദിരാമ്മയ്ക്ക് ആ കാര്യത്തിൽ ആശ്വാസമായിരുന്നു.
അന്ന് ഇന്ദിരാമ്മ പറഞ്ഞ മറ്റൊരു കാര്യം ഗൾഫുകാരായ ആങ്ങളമാരെ കുറിച്ചായിരുന്നു. ആങ്ങളമാർ ഇന്ദിരാമ്മയെ സാമ്പത്തികമായി സഹായിക്കാൻ എപ്പോഴും സന്നദ്ധരായിരുന്നു. എന്നാൽ അവരുടെ ഭാര്യമാർ കൂടി അറിഞ്ഞ് സമ്മതിച്ച് നൽകുന്ന തുക മാത്രമേ ഇന്ദിരാമ്മ സ്വീകരിച്ചിരുന്നുള്ളൂ. നാത്തൂന്മാർ കൂടി ഇക്കാര്യമറിയണമെന്നായിരുന്നു ഇന്ദിരാമ്മയുടെ നിലപാട്. ഇന്ദിരാമ്മയുടെ ഈ നിലപാട് എനിക്കിഷ്ടപ്പെട്ടു.
ചിറക്കരത്താഴത്തേയ്ക്ക് ബസ് സർവ്വീസ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞ് കാപ്പിൽ ഇടവ ഭാഗത്തു നിന്നും വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ ഒരു പെൺകുട്ടി പരവൂരിൽ നിന്നും ഞങ്ങളുടെ നാട്ടിലേയ്ക്കുള്ള ബസിൽ കയറി ലാസ്റ്റ് പോയിന്റായ ചിറക്കര താഴത്തെത്തി. ഇന്ദിരാമ്മയും ആ ബസ്സിലുണ്ടായിരുന്നു. ബസ്സുകാർ അവിടെ ഇറക്കിവിട്ട പെൺകുട്ടി എങ്ങോട്ടും പോകാനിടമില്ലാതെ നിന്നപ്പോൾ ഇന്ദിരാമ്മ ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി. അന്ന് ആറേഴ് മക്കളുള്ള വീട്ടിലേയ്ക്ക് ഒന്നിനെ കൂടി സ്വീകരിക്കാൻ അവർക്ക് പ്രശ്നമില്ലായിരുന്നു. അന്ന് ഇന്നത്തെപ്പോലെ ഫോണില്ലാതിരുന്ന കാലമായതുകൊണ്ട് നാട്ടിൽ നിന്നും ഒരാളെ കുട്ടിയുടെ വീട്ടിലേയ്ക്കയച്ചു. കുട്ടിയുടെ വീട്ടിൽ നിന്നും ആളെത്തി കുട്ടിയെ അനുനയിപ്പിച്ച് തിരികെ കൂട്ടിക്കൊണ്ടുപോയി.
ഇന്ദിരാമ്മയുടെ ഒരു മകൾ സുനില എന്റെ കൂട്ടുകാരിയും മറ്റൊരു മകൾ അനില എന്റെ അനുജത്തിയുടെ കൂട്ടുകാരിയുമായിരുന്നു. ചിറക്കര ക്ഷേത്രത്തിൽ പോയി വരുന്ന വഴി ഇന്ദിരാമ്മ ഞങ്ങളുടെ വീട്ടുമുറ്റത്തു കൂടെയും അപ്പുറത്തെ വീട്ടുമുറ്റത്തു കൂടെയും കയറി ഇറങ്ങി കുശലം പറഞ്ഞു സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു പതിവ്. പിന്നീട് അവർ കടുത്ത പ്രമേഹ ബാധിതയായിതീർന്നു. അങ്ങനെ ഒരു ദിവസം ക്ഷേത്രത്തിൽ പോയിട്ട് തിരികെ വരും വഴി ഞങ്ങളുടെ വീട്ടിൽ കയറി കഞ്ഞി വെള്ളം ചോദിച്ചു. അന്ന് കുത്തരിയുടെ കഞ്ഞി വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഞാനതെടുത്ത് കൊടുത്തു. പ്രമേഹ ബാധിതർക്ക് കുത്തരിയുടെ കഞ്ഞി വെള്ളം കുടിച്ചു കൂടെന്ന് പറഞ്ഞ് അവർ കുടിച്ചില്ല.
ഞാൻ കോഴിക്കോട് ആർ ഇ സി യിൽ പഠിക്കുന്ന കാലത്തായിരുന്നു ഇന്ദിരാമ്മയുടെ മരണം. ഞാൻ കോഴിക്കോട് നിന്ന് എത്തിയ ദിവസം ഞാനും ശ്രീദേവി അപ്പച്ചിയുടെ മകൾ ലീനയും കൂടിയായിരുന്നു ഇന്ദിരാമ്മയുടെ മരണത്തിന് പോയത്. ഞങ്ങൾ ചെന്നപ്പോൾ അവർക്കായി ഒരു കല്ലറ അവിടെ തയ്യാറാകുന്നുണ്ടായിരുന്നു. ഇന്ദിരാമ്മയുടെ ആഗ്രഹപ്രകാരമാണ് കല്ലറയിൽ അടക്കുന്നതെന്ന് ലീന പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ പതിവില്ലാത്ത ഒരു രീതിയാണ് കല്ലറയിൽ അടക്കം ചെയ്യുന്നത്. അതിനാൽത്തന്നെ എനിയ്ക്കതിൽ പുതുമ തോന്നി. അങ്ങനെ ഇന്ദിരാമ്മ സുമംഗലിയായി ഈ ലോകത്തോട് യാത്ര പറഞ്ഞു.
ഇന്ദിരാമ്മയുടെ മരണശേഷം വീടും പറമ്പും ഒരു മകനാണ് ലഭിച്ചത് . മകൻ അത് പണയം വച്ച് ജപ്തി നടപടികൾ നേരിടേണ്ടി വന്നതു മൂലം ഇന്ദിരാമ്മയുടെ ഭർത്താവിന് താമസിക്കാൻ ഇടമില്ലാതായി. അങ്ങനെ ചിറക്കര ത്താഴം ജങ്ഷനിൻ അദ്ദേഹം പണി കഴിപ്പിച്ച കടമുറിയിലേയ്ക്ക് താമസം മാറി. സുനിലയുടെ ഭർത്താവിന്റെ വീടും ആ കടമുറിയ്ക്ക് സമീപമായിരുന്നു. കശുവണ്ടി ഫാക്ടറിയുടെ കെട്ടിട നിർമ്മാണവും പുകക്കുഴൽ നിർമ്മാണവും നല്ല വശമുള്ള മേസ്തിരിയായിരുന്നു അദ്ദേഹം. പിന്നീടദ്ദേഹം ജ്യോത്സ്യവും പഠിച്ചു. ഞാൻ ഡിഗ്രി കഴിഞ്ഞ് കുറച്ചു നാൾ ടൈപ്റ്റെറ്റിംഗ് പഠിക്കാൻ പോയപ്പോൾ വഴിയിൽ വച്ച് അദ്ദേഹം എന്നെ കണ്ടപ്പോൾ എന്റെ നക്ഷത്രവും മറ്റും ചോദിച്ച് മനസ്സിലാക്കി. എന്നിട്ട് പറഞ്ഞു. “നീ ടൈപ് റൈറ്റിംഗ് പഠിക്കേണ്ടവളല്ല. വേറെ കോഴ്സുകൾ ചെയ്യുക. നല്ല നിലയിലെത്തും”. പിന്നീട് ഞാൻ കംപ്യൂട്ടർ സയൻസ് എടുത്ത് പഠിച്ചപ്പോൾ അന്ന് പഠിച്ച ടൈപ് റൈറ്റിംഗ് കംപ്യൂട്ടർ കീ ബോർഡുമായി താദാത്മ്യം പ്രാപിക്കൽ എളുപ്പമാക്കി.
വർഷങ്ങൾ കഴിഞ്ഞ് 2008 ഏപ്രിൽ 23 ന് ഞങ്ങളുടെ വീടിന് തറക്കല്ലിടുന്ന സമയത്ത് ഞാൻ ഇന്ദിരാമ്മയുടെ ഭർത്താവിനെ ക്ഷണിച്ചു. അദ്ദേഹം രാവിലെ തന്നെ സ്ഥലത്ത് എത്തി ചേർന്നു. ഞാൻ ദക്ഷിണ കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന് വളരെ സന്തോഷമായി. സ്വന്തം നാട്ടിൽ ലഭിച്ച ഒരംഗീകാരമായാണ് അദ്ദേഹം അതിനെ വിലയിരുത്തിയത്. കൊല്ലം ജില്ലയിലെ വിവിധ കശുവണ്ടി ഫാക്ടറികൾ നന്നായി പൂർത്തിയാക്കിയെങ്കിലും സ്വന്തം നാട്ടിൽ ഒരംഗീകാരവും ലഭിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ചിലപ്പോൾ അങ്ങനെയാണ്. ഒരാളുടെ കഴിവുകൾ ആ നാട്ടിലെ പലരും അറിയുന്നുണ്ടാവില്ല.
അന്ന് ചടങ്ങ് കഴിഞ്ഞ് പോകുന്നതിന് മുമ്പായി കട്ടിളവയ്ക്കൽ ചടങ്ങ് നടക്കുമ്പോൾ കട്ടിളയുടെ അടിയിൽ ഒരു സ്വർണ്ണത്തരി കൂടി വയ്ക്കണമെന്ന് എന്നെ പറഞ്ഞേൽപ്പിച്ചു. എന്നിട്ട് പറഞ്ഞ കാര്യം “അന്ന് ഞാനുണ്ടാവില്ല” എന്നായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ആ ഓണക്കാലത്തിന് മുമ്പ് , കട്ടിളവയ്ക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ദിരാമ്മയുടെ ലോകത്തേയ്ക്ക് യാത്രയായിരുന്നു.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply