ഡോ. ഐഷ വി

1978-ൽ ബികോം ബിരുദധാരിയായ ശ്രീ പ്രകാശൻ ഏതാനും സുഹൃത്തുക്കളുമായി ചേർന്ന് ചിറക്കര താഴം ജംങ്ഷന് വടക്ക് ഭാഗത്തായി കല്ലിടുക്കിൽ വീടിനടുത്തായി ഒരു ഓലഷെഡിൽ ഏതാനും ബഞ്ചും ഡസ്കും ബോർഡുമൊക്കെയായി ഒരു ട്യൂഷൻ സെന്റർ തുടങ്ങി. നാളതുവരെ പലരും വീട്ടിൽ ട്യൂഷനെടുത്തിരുന്നെങ്കിലും ഇതുപോലെ ഒരു ട്യൂഷൻ സെന്റർ ഇന്നാട്ടിൽ നടത്തിയിരുന്നില്ല. സമീപ പഞ്ചായത്തുകളിൽ ട്യൂഷൻ സെന്ററുകൾ ഉണ്ടായിരുന്നെങ്കിലും ചിറക്കര ഗ്രാമത്തിൽ എൻെറ അറിവിൽ ആദ്യത്തേത് എന്ന് പറയാം. ശ്രീദേവി അപ്പച്ചി ഇളയമകൾ സോണിയെ അവിടെ പഠിക്കാനയച്ചു. സോണി അവിടെ പഠിച്ച കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പാഠഭാഗങ്ങൾ അവരുടെ വീട്ടിൽ വച്ച് ഉരുവിടുമ്പോൾ ഇപ്പുറത്തെ വീട്ടിലിരുന്ന ഞാനും അത് കേട്ടുപഠിക്കുകയായിരുന്നു.” Decide വെർ ബ് . I decided to go. ഞാൻ പോകാൻ തീരുമാനിച്ചു.” ആറാം ക്ലാസ്സുകാരിയായ ഞാൻ ഡിക്ഷ്ണറി നോക്കി. അർത്ഥം ഉറപ്പിച്ചു. താമസിയാതെ ട്യൂഷൻ സെന്റർ പൂട്ടി. കുട്ടികളെ കിട്ടാഞ്ഞിട്ടല്ല. പ്രകാശൻ സാറിന് ജോലി കിട്ടി അതു കൊണ്ടാണ് ട്യൂഷൻ സെന്റർ പൂട്ടിയതെന്ന് സോണി പറഞ്ഞറിഞ്ഞു. പ്രകാശൻ സാറിന് ജോലി കിട്ടിയതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും സോണി ഉരുവിടുന്നത് കേട്ട് പഠിക്കുന്ന എന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം മുടങ്ങിയതിൽ ചെറിയ വിഷമം തോന്നി.

മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ വീട്ടിനടുത്തുള്ള കടമുക്കിൽ വച്ച് ശ്രീ പ്രകാശനെ വീണ്ടുo കാണുമ്പോൾ മുഷിഞ്ഞ വേഷം. എന്തോ പിറുപിറുത്ത് കൈയ്യിലിരുന്ന കത്താൾ( വെട്ടുകത്തി) മേൽപ്പോട്ടും താഴ് പ്പോട്ടും ചലിപ്പിച്ച് മനസ്സിന്റെ താളം തെറ്റി നടക്കുന്ന അവസ്ഥയിലായിരുന്നു. ഏതാനും ദിവസങ്ങൾ ഇതേ അവസ്ഥയിൽ കണ്ടപ്പോൾ ഞാൻ ചിലരോടൊക്കെ അന്വേഷിച്ചു. മാനസിക നില തെറ്റിയെന്നും പെൻഷൻ പോലും വാങ്ങാൻ പറ്റിയില്ലെന്നും അറിയാൻ കഴിഞ്ഞു. യഥാർത്ഥ കാരണമെന്തെന്ന് പലർക്കും അറിയില്ലായിരുന്നു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ശ്രീ പ്രകാശൻെറ കുടുംബത്തിലെ പലർക്കും പറയത്തക്ക വിദ്യാഭ്യാസമില്ലാതിരുന്ന കാലത്താണ് ബികോം പാസ്സായതും ട്യൂഷൻ സെന്റർ തുടങ്ങിയതും.

ശ്രീ പ്രകാശന്റെ അമ്മയും പെങ്ങളുമൊക്കെ വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ പറമ്പിൽ ഓല മെടയാൻ വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം പെങ്ങളെ കണ്ടപ്പോൾ വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ ശ്രീ പ്രകാശനെ കുറിച്ചും ചോദിച്ചു. അപ്പോഴാണ് പെങ്ങൾ കഥകൾ പറഞ്ഞത്. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ വില്ലേജ് ഓഫീസിൽ കരം പിരിക്കുന്ന ജോലിയായിരുന്നെന്നും  ഒരിക്കൽ ന്യുമോണിയ വന്നപ്പോൾ ലീവിനുള്ള അപേക്ഷയെഴുതി മേലധികാരിയെ ഏൽപ്പിക്കാതെ ഓഫീസിൽ ഒരാളെ ഏൽപിച്ചിരുന്നെന്നും പിന്നീട് ആറ് മാസം കഴിഞ്ഞാണ് ഓഫീസിൽ തിരിച്ചെത്തിയതെന്നും. ഇതേ തുടർന്ന് ഓഫീസിലുണ്ടായ പ്രശ്നങ്ങൾ മൂലം ഡീ മോട്ട് ചെയ്തെന്നും തുടർന്ന് മനോനില തെറ്റിയെന്നും. പിന്നീട് വിവാഹിതനാകുകയും കുട്ടികളും വീടും ഒക്കെയാകുകയും ചെയ്തെങ്കിലും എപ്പോഴൊക്കെയോ മനസ്സിന്റെ താളം തെറ്റും. അപ്പോൾ വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോകും. പിന്നെ കുറേ നാൾ കഴിഞ്ഞ് തിരികെയെത്തും. പിന്നെ സ്വന്തം നാട്ടിലേയ്ക്ക് . ഏകദേശം മൂന്ന് വർഷം മുമ്പ് സ്വന്തം നാട്ടിൽ നിന്നും കാണാതായി. പിന്നെയിതു വരെ തിരികെയെത്തിയിട്ടില്ലത്രേ.

ഇത്തവണ എന്റെ അധ്യാപക ദിന സ്മരണകൾ ചിറക്കരയിൽ ആദ്യമായി ട്യൂഷൻ സെന്റർ നടത്തിയ മനസ്സിന്റെ താളം തെറ്റി നാടുവിട്ടു പോയ ശ്രീ പ്രകാശിന് സമർപ്പിക്കുന്നു.

(തുടരും.)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.