ഡോ. ഐഷ വി

1997 ജനുവരി . 13 . നേരിയ തോതിൽ രക്തപ്രവാഹമുള്ള ഗർഭിണിയേയും കൂട്ടി ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ ഐലന്റ് എക്സ്പ്രസ്സിൽ കയറാനെത്തുമ്പോൾ അവിവാഹിതയും കോളേജ് ലക്ചററുമായ ഷീബ ടീച്ചറിന് ഒരു ചങ്കിടിപ്പ്. വഴിയിൽ വച്ച് എന്തെങ്കിലും സംഭവിച്ചാൽ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയില്ല. ടെൻഷൻ അടക്കാൻ കഴിയുന്നില്ല. തന്റെ ഹോസ്റ്റൽ റൂമേറ്റാണ് കൂടെയുള്ളത്. ആകെ ഒരു വെപ്രാളമുണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി അവർ ഐലന്റ് എക്സ് പ്രസ്സിൽ കയറി. ഗർഭിണി നേരത്തേ തന്നെ തന്റെ മാതാപിതാക്കളെയും ഭർത്താവിന്റെ വീട്ടുകാരേയും വിവരം അറിയിച്ചിരുന്നു. തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അവർ തമ്പാനൂർ ബസ്സ്സ്റ്റാന്റിലെത്തി മെഡിക്കൽ കോളേജ് ബസ്സിൽ കയറി. മെഡിക്കൽ കോളേജിന് മുന്നിലിറങ്ങിയ അവർ നേരെ പി റ്റി ചാക്കോ നഗറിലെ ഗൈനക്കോളജിസ്റ്റിന്റെ വീട്ടിലെത്തി. അപ്പോഴേയ്ക്കും ഭർത്താവിന്റെ അമ്മയും അച്ഛനും അവിടെയെത്തി. അവരെത്തിയ ഉടൻ ഷീബ ടീച്ചർ വീട്ടിലേയ്ക്ക് തിരിച്ചു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഗർഭിണിയുടെ അച്ഛനെത്തി. പരിശോധിച്ച ഡോക്ടർ ബ്ലീഡിംഗ് നിൽക്കാനുള്ള മരുന്നു കുറിച്ചു , സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു. ഡോക്ടറുടെ ലറ്റർ പാഡിൽ ” റൂൾ ഔട്ട് എക്റ്റോപിക് പ്രഗ്നൻസി” എന്നെഴുതി. അവർ നേരെ സ്കാൻ സെന്ററിലേയ്ക്ക് തിരിച്ചു. ധാരാളം വെള്ളം കുടിച്ച് ഗർഭിണി തയ്യാറായി. സ്കാനിംഗ് കഴിഞ്ഞു. 3 ആഴ്ച കഴിഞ്ഞ് വീണ്ടും സ്കാൻ ചെയ്യാനും കിടക്കയിൽ വിശ്രമിക്കാനും അവർ കുറിച്ചു. ഗർഭിണിയേയും കൂട്ടി സ്കാൻ റിപ്പോർട്ടുമായി അവർ വീണ്ടും ഡോക്ടറുടെ അടുത്തെത്തി. ഡോക്ടർ റിപ്പോർട്ടിൽ നോക്കിയിട്ട് പറഞ്ഞു:” ഈ റിപ്പോർട്ടിൽ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണുന്നില്ല. ഞാൻ എക്ടോപിക് പ്രശ്നൻസിയാണ് പ്രതീക്ഷിച്ചത്. അതാവുകയാണെങ്കിൽ ഗർഭിണി നടന്നു പോകുന്ന വഴി വീണ് കൊളാപ്സ് ആകാനുള്ള ചാൻസുണ്ട്. ഒരു മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും സ്കാൻ ചെയ്ത് നോക്കാം. അതുവരെ ബെഡ് റെസ്റ്റ് ചെയ്യുക.”. ഡോക്ടർ പറഞ്ഞു നിർത്തി.

ഭർത്താവിന്റെ അച്ഛനമ്മമാർ അവരുടെ വീട്ടിലേയ്ക്കും ഗർഭിണി സ്വഗേഹത്തിലേയ്ക്കും തിരിച്ചു. സ്വന്തം വീട്ടുകാരുടെ സ്നേഹമസ്നൃണമായ പെരുമാറ്റത്താൻ 21 ദിവസം പിന്നിട്ടത് അറിഞ്ഞതേയില്ല. അച്ഛൻ പറഞ്ഞ ടാക്സിയെത്തിയപ്പോൾ ഗർഭിണിയും അമ്മയും കൂടി ഡോക്ടറെ കാണാൻ പോകാനായി കാറിൽ കയറി. ഡോക്ടറെ കണ്ട ശേഷം നേരെ സ്കാനിംഗ് സെന്ററിലേയ്ക്ക്. അവിടെ നിന്നും റിപ്പോർട്ടുമായി വീണ്ടും ഡോക്ടറുടെ അടുത്തേയ്ക്ക് റിപ്പോർട്ടിൽ ഗർഭം അലസിപ്പോയെന്ന് എഴുതിയിരുന്നു. അതിനാൽ ഡോക്ടർ 45 ദിവസത്തെ റെസ്റ്റെടുക്കാൻ പറഞ്ഞ് ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ കൊടുക്കാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും തയ്യാറാക്കി നൽകി. അതും വാങ്ങി അവർ വീട്ടിലെത്തി.

പിറ്റേന്ന് (1997 ഫെബ്രുവരി 5) പിതാവ് ലീവ് ആപ്ലിക്കേഷൻ കൊടുക്കാൻ കോളേജിലേയ്ക്ക് പോയി. അടുക്കളയിൽ ചെന്ന് ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും കഴിച്ച ശേഷം കിടക്കയിലേയ്ക്ക് പോയ മകൾ ഒന്നു തുമ്മി. വയറിനകത്ത് എന്തോ സംഭവിച്ചതു പോലെ തോന്നി. കിടക്കയിലയ്ക്ക് കിടന്നെങ്കിലും അവൾക്ക് കിടക്കാൻ സാധിക്കുന്നില്ല. അവൾ എഴുന്നേറ്റ് അടുക്കള വാതിൽക്കൽ ചെന്നെങ്കിലും അമ്മയോട് ” ഉരുളക്കിഴങ്ങ് കറി കഴിച്ചതിന്റെ ഗ്യാസാണെന്ന് തോന്നുന്നു ഒന്നു തുമ്മിയപ്പോൾ വയറിനകത്ത് ഒരു കൊളുത്തിപ്പിടിക്കൽ” എന്ന് പറഞ്ഞു നിൽക്കാൻ കഴിയാത്തതിനാൽ തറയിൽ കിടന്നു. അമ്മ ഒരു പായെടുത്ത് മകളെ അതിൽ കിടക്കാൻ സഹായിച്ചു. കുറച്ച് ഇഞ്ചി വെളുത്തുള്ളി കുരുമുളക് ഉപ്പ് എന്നിവ ചതച്ച് മകളെ കൊണ്ട് കഴിപ്പിച്ചു. അതിനു ശേഷം വെള്ളം ചൂടാക്കി വാട്ടർ ബാഗിലൊഴിച്ച് വയറിൽ ചൂടു വയ്ക്കാനായി നൽകി. എന്നാൽ മകൾ എഴുന്നേറ്റ് നിൽക്കാവുന്ന അവസ്ഥയിലായിരുന്നില്ല. കിടന്ന കിടപ്പിൽ മല മൂത്രവിസർജനം നടത്തി. അമ്മയെല്ലാം വൃത്തിയാക്കി. കടുത്ത നെഞ്ചുവേദനയും തോന്നിയതിനാൽ മകൾ യൂക്കാലിപിറ്റ്സ് നെഞ്ചിൽ തേയ്ക്കാൻ ആവശ്യപ്പെട്ടു. അമ്മ അതും ചെയ്തു കൊടുത്തു. മകൾക്ക് തിരിഞ്ഞോ മറിഞ്ഞോ കിടക്കാൻ പറ്റാത്ത അവസ്ഥ. കാഴ്ച്ച കുറഞ്ഞ് എല്ലാം വെള്ളയാകുന്നത് പോലെ ഒരു തോന്നൽ. അമ്മ ശാരദ വല്യമ്മച്ചിയുടെ വീട്ടിൽ പോയി . വല്യമ്മച്ചിയെ വിളിച്ചു കൊണ്ടുവന്ന് മകളുടെ അടുത്തിരുത്തി. ഉടനെ തന്നെ അമ്മയുടെആങ്ങള മണിയെ വിവരമറിയിക്കാനായി പോയി. മണി മാമൻ ഉടനെ നിർദ്ദേശിച്ചു. വേഗം കൊട്ടിയം ഹോളിക്രോസ്സിലേയ്ക്ക് കൊണ്ടുപോവുക. മണിമാമനും പൊന്നമ്മചേച്ചിയും അമ്മയോടൊപ്പം വീട്ടിലേയ്ക്കെത്തി. വഴിയിൽ വച്ച് മകൻ അനിലിന്റെ സുഹൃത്ത് ബാബുവിനെ കണ്ടപ്പോൾ അമ്മ ഒരു ടാക്സി വിളിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതു വഴി വന്ന ടാക്സി തടഞ്ഞു നിർത്തി ടാക്സി ഡ്രൈവർ സുരേഷുമായി വീട്ടിലെത്തി. സുരേഷ് കാറിലേയ്ക്ക് എടുക്കാനായി മകളെ പിടിച്ചപ്പോൾ ആകെ ഒരു തണുപ്പ്. സുരേഷും ബാബുവും കൂടി മകളെ എടുത്ത് കാറിൽ കയറ്റി. ബാഗുകൂടി എടുക്കാൻ മകൾ അമ്മയോട് നിർദ്ദേശിച്ചു. അമ്മ അത് ചെയ്തു. ടാക്സി കാറിൽ ബാബു, അമ്മ, മണി മാമൻ എന്നിവർ കയറി. ശാരദ വല്യമ്മച്ചി വിവരം രഘു മാമനെ അറിയിച്ചു. പൊന്നമ്മ ചേച്ചി അന്ന് ലാന്റ് ഫോണുണ്ടായിരുന്ന മൂത്തേമ്മയുടെ വീട്ടിലെത്തി വിവരം പറഞ്ഞു. മൂത്തേമ്മ നെയ്യാറ്റിൻ കരയിലെ മാമനെ വിവരമറിയിച്ചു. സുരേഷ് മകളെ വെറും പന്ത്രണ്ട് മിനിട്ടുകൊണ്ട് കൊട്ടിയം ഹോളിക്രോസ്സ് ആശുപത്രിയിലെത്തിച്ചു. കാരണം ശരീരം തണുത്തു പോയതിന്റെ ഗൗരവം സുരേഷിന് മനസ്സിലായിരുന്നു. ക്യാഷ്വാലിറ്റിയിൽ എത്തിച്ച മകളെ ഒരു സർജറി കഴിഞ്ഞ് വിശ്രമിക്കാൻ അവസരം ലഭിക്കുന്നതിന് മുമ്പ് ഡോക്ടർമാർ അറ്റന്റു ചെയ്തു.

യൂക്കാലി പിറ്റ്സ് , ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ രൂക്ഷ ഗന്ധം കാരണം വിഷം കഴിച്ചതാണോ എന്നു വരെ ഡോക്ടർമാരും നേഴ്സ്മാരും സംശയിച്ചു. മകൾ അമ്മയുടെ പക്കലുള്ള ബാഗ് പരിശോധിക്കാൻ ഡോക്ടറോട് പറഞ്ഞു. നാക്ക് കുഴഞ്ഞു. പിന്നെയൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കാഴ്ച ആദ്യം തന്നെ പോയിരുന്നു. കാണുന്നതെല്ലാം ഒരു വെളുത്ത പ്രതലം പോലെയായിരുന്നു. ബാഗ് പരിശോധിച്ച ഡോക്ടർക്ക് തലേന്നത്തെ സ്കാൻ റിപ്പോർട്ടും ഡോക്ടറുടെ കുറിപ്പും കിട്ടിയിരുന്നു. ഡോക്ടർമാർ തമ്മിൽ എക്ടോപിക് പ്രഗ്‌നൻ സി റപ് ചർ ചെയ്തതാകാനാണ് സാധ്യത സർജറി ചെയ്യാം എന്ന് പറയുന്നത് മകൾ അവസാനമായി കേട്ടു. അവർ വസ്ത്രങ്ങൾ കത്രിച്ചു കളഞ്ഞു. വേഗം ഷേവ് ചെയ്ത് സർജറിയ്ക്ക് ഒരുക്കി. പിന്നൊന്നും മകൾക്ക് ഓർമ്മയില്ലായിരുന്നു…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആകെ ചുവന്ന ശക്തിയേറിയ വെളിച്ചമുള്ള മനോഹരമായ സ്ഥലത്തു കൂടി നടക്കുന്നതായി എനിക്ക് തോന്നി. ഒരു ചുവന്ന പരവതാനി പോലെ തോന്നിക്കുന്ന ഒരു പ്ലാറ്റ് ഫോമിലൂടെ ഒഴുകി നടക്കുയാണ് ഞാൻ. ജീവിതത്തിലേയ്ക്ക് തിരികെ വരുന്നെങ്കിൽ വരട്ടെ എന്ന രീതിയിൽ എന്റെ മനസ്സ് പരുവപ്പെട്ടിരുന്നു.

“ഐഷേ കണ്ണു തുറക്ക്” എന്ന് പറയുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. “, ഐഷേ
ഐഷേ …” എന്ന് ഡോക്ടർ പല പ്രാവശ്യം വിളിച്ചപ്പോൾ ഞാൻ കണ്ണു തുറന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.