ഡോ. ഐഷ വി

എന്നെ ഐസിയുവിലേയ്ക്ക് മാറ്റി കുറച്ചു കഴിഞ്ഞ് അനസ്തേഷ്യ ചെയ്ത ഡോക്ടറും ബീന ഡോക്ടറും കൂടി എന്നെ കാണാൻ വന്നു. എന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പറഞ്ഞു: “എക്ടോപിക് പ്രഗ്നൻസി റപ്ചർ ചെയ്തതായിരുന്നു. ഇന്റേണൽ ബ്ലീഡിംഗ് ആയിരുന്നു. ലാപ്രട്ടമി ചെയ്തു . അഞ്ച് പൈന്റ് രക്തം വേണ്ടി വന്നു. ഇനി ആറു മാസം റെസ്റ്റ്” . ഞാൻ മയങ്ങിയും ഉണർന്നും കിടന്നു. നഴ്സ് വന്ന് പല പ്രാവശ്യം രക്തം ടെസ്റ്റ് ചെയ്യാൻ എടുത്തു. അത് വേഗം കട്ടപിടിച്ച് പോകുന്നതിനാൽ നഴ്സിന്റെയും ഡോക്ടറുടേയും മുഖത്ത് വിഷാദം നിഴലിച്ചിരുന്നു. എന്നാൽ എനിയ്ക്കിനി പ്രശ്നമൊന്നും സംഭവിയ്ക്കില്ല എന്ന ഒരു വിശ്വാസം അപ്പോൾ തോന്നി. അച്ഛൻ , അമ്മ, മറ്റ് ബന്ധുക്കൾ, നെയ്യാറ്റിൻകരയിലെ മാമൻ ഒക്കെ ഐ സി യുവിന്റെ ഗ്ലാസ്സിലൂടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു. ഞാൻ ഡ്രിപ്പിടാത്ത കൈ അവരെ ഉയർത്തി കാണിച്ചു. അവർക്ക് സമാധാനമായി. രാത്രി മയക്കത്തിലെപ്പോഴോ ഒരാളുടെ നിലവിളി കേട്ട് ഞാൻ ഉണർന്നു. അയാളുടെ ഉച്ചത്തിലുള്ള നിലവിളി കാരണം എനിയ്ക്ക് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. “വാഹനാപകടത്തിൽ പരുക്കേറ്റയാളാണ്.” നഴ്സ് പറയുന്നത് കേട്ടു.

പിറ്റേന്ന് കട്ടിൽ അഡ്ജസ്റ്റ് ചെയ്ത് എന്നെ ഉയർത്തിയിരുത്തി നഴ്സ് എന്നെ പല്ലു തേപ്പിച്ചു. ദേഹം തുടച്ച് വൃത്തിയാക്കി. എനിയ്ക്ക് ഹീമോഗ്ലോബിൻ കൗണ്ട് 5 ൽ താഴെയായിരുന്നതിനാലും രക്‌തം കട്ടി പിടിയ്ക്കുന്നതിനാലും 3 മൂന്നു ദിവസം ഐ സി യുവിൽ കിടക്കേണ്ടി വന്നു. ഐസിയുവിൽ നിന്ന് റൂമിലേയ്ക്ക് കൊണ്ടുവന്ന ദിവസമാണ് വടകര പോളിടെക്നിക്കിൽ ജോലി ചെയ്യുന്ന എന്റെ ഭർത്താവ് വിവരമറിഞ്ഞ് എത്തിയത്. ആരും അദ്ദേഹത്തെ വിവരം അറിയിച്ചിരുന്നില്ല. വിവരം അറിയിയ്ക്കാത്തതിന് ഡോക്ടർ വഴക്ക് പറഞ്ഞപ്പോഴാണ് വീട്ടുകാർ വിവരം അറിയിച്ചത്. അന്ന് മൊബൈൽ ഫോൺ ആളുകൾ ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്തതിനാൽ ലാന്റ് ഫോണിൽ നിന്നും STD യോ ട്രങ്ക് ബുക്ക് ചെയ്തോ വിളിയ്ക്കണമായിരുന്നു. ലാന്റ് ഫോണും സർവ്വസാധാരണമായിരുന്നില്ല.

പിന്നെ, പതിയെ പതിയെ ഓരോരുത്തർ പറഞ്ഞപ്പോഴാണ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റായ ശേഷമുള്ള കാര്യങ്ങൾ അറിയുന്നത്. ഡോക്ടർമാർ എനിയ്ക്ക് ശസ്ത്രക്രിയ ചെയ്യാനൊരുങ്ങിയപ്പോൾ മണി മാമൻ എനിയ്ക്ക് രക്തം തന്നാൽ മാത്രം മതി ശസ്ത്രക്രിയ ചെയ്യേണ്ട എന്ന് ഡോക്ടർമാരോട് പറഞ്ഞത്രേ. അതവരെ ചൊടിപ്പിച്ചിരുന്നു. അക്കാലത്ത് ശസ്ത്രക്രിയയുടെ പേരിൽ മറ്റേതോ ആശുപത്രികളിൽ വൃക്ക അടിച്ചു മാറ്റിയിരുന്നു എന്ന ചില പത്രവാർത്തകളാണ് മണിമാമനെ അതിന് പ്രേരിപ്പിച്ചതെന്ന് പിന്നീടറിഞ്ഞു.
അന്ന് ശസ്ത്രക്രിയ ചെയ്ത ബീന ഡോക്ടറും മേരി ഡോക്ടറും എന്നോടും ഭർത്താവിനോടും ഇതേ പറ്റി പരിഭവം പറഞ്ഞിരുന്നു. മേരി ഡോക്ടർ എന്റെ കൂടെ ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ ജോലി ചെയ്തിരുന്ന ശ്യാമാ ദാസ് ടീച്ചറുടെ ആന്റിയാണെന്ന് പറഞ്ഞു.

ആശുപത്രിയിൽ അമ്മ നേരിട്ട പ്രശ്നങ്ങളിലൊന്ന് നഴ്സ് പറഞ്ഞയുടനെ പണമടയ്ക്കുക എന്നതായിരുന്നു. എന്റെ ബാഗിലുണ്ടായിരുന്ന 700 രൂപയിൽ താഴെയുള്ള തുക അമ്മ അടച്ചു. നഴ്സ് അമ്മയോട് ചൂടായി. ” ഇത് വർക്ക് ഷോപ്പോ മറ്റോ ആണോ ആശുപത്രിയല്ലേ പണം വേഗം അടയ്ക്കണം.” എന്റെ ലീവിനുള്ള അപേക്ഷ സമർപ്പിയ്ക്കാനായി
അച്ഛൻ ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ പോയിരിയ്ക്കുകയാണ്. വന്നാലുടൻ പണമടയ്ക്കുമെന്ന് അമ്മ അവരെ ധരിപ്പിച്ചു. അന്ന് നമ്മുടെ നാട്ടിൽ എറ്റിഎമ്മും ഇല്ലായിരുന്നു. മറ്റൊന്ന് അവിടെ പിറ്റേന്ന് ഒരു രോഗിയുടെ ശസ്ത്രക്രിയയ്ക്കായി വച്ചിരുന്ന രക്തമാണ് എനിയ്ക്ക് തന്നത് പകരം ബി പോസിറ്റീവ് രക്തം കൊടുക്കണം. അമ്മ വേഗം രഘു മാമനെ അയലത്തെ വീട്ടിലേയ്ക്ക് ഫോൺ ചെയ്ത് വിവരം ധരിപ്പിച്ചു. രഘു മാമൻ ഒരു കാർ നിറയെ ആൾക്കാരെയുമായി ആശുപത്രിയിലെത്തി രക്തം ദാനം ചെയ്തു. അങ്ങനെ നല്ലവരായ നാട്ടുകാരും ഡോക്ടർമാരും ഡ്രൈവറും ബന്ധുക്കളുമൊക്കെ സമയോചിതമായി പ്രവർത്തിച്ചതു കൊണ്ട് തിരികെ കിട്ടിയ ജീവനായിരുന്നു എന്റേത്. അമ്മ വളരെ ബോൾഡാണ്.
മണി മാമൻ ശസ്ത്രക്രിയ കഴിഞ്ഞെന്നറിഞ്ഞപ്പോൾ വീട്ടിലേയ്ക്ക് പോയിരുന്നു. ബസ്സിൽ വച്ച് മണി മാമൻ അച്ഛനെ കണ്ടു. വിവരമറിഞ്ഞപ്പോൾ അച്ഛൻ അവിടിറങ്ങി. ആശുപത്രിയിലെത്തി. അച്ഛനെത്തിയപ്പോൾ അമ്മ വീട്ടിലേയ്ക്ക് പോയി. എന്റെ വസ്ത്രങ്ങളുമായി തിരികെ വന്നു. ശേഷം അച്ഛൻ വീട്ടിൽ പോയി പണം കൊണ്ടുവന്ന് ആശുപത്രിയിൽ അടച്ചു.

റൂമിലെത്തിയ ദിവസം മുതൽ പുനർജന്മം കിട്ടിയ ഞാൻ പിച്ചവയ്ക്കാൻ തുടങ്ങുന്നതു പോലെയായിരുന്നു. ഹീമോഗ്ലോബിൻ കുറവായതിനാൽ ഇടയ്ക്കിടെ തല കറങ്ങുന്നത് പോലെയും തലയ്ക്കകത്ത് എലി ഓടുന്നതുപോലെ കീ… എന്ന ശബ്ദം കേൾക്കുകയും ചെയ്തിരുന്നു. ബന്ധുമിത്രാദികളിൽ പലരും എന്നെ കാണാനായി ആശുപത്രിയിൽ എത്തിയിരുന്നു. എനിയ്ക്ക് ഹീമോഗ്ലോബിൻ കൂടാനായി മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം ശാരദ വല്യമ്മച്ചി മകൻ രഘുമാമന്റെ കൈവശം ദിവസവും കൊടുത്തയിച്ചിരുന്നു. പരവൂരിലെ കൗസല്യ വല്യമ്മച്ചി ദിവസവും അഗത്തിയിലയിട്ട് തിളപ്പിച്ച വെള്ളം എത്തിച്ചിരുന്നു.

ഞാൻ ഐ സി യുവിൽ നിന്നും റൂമിലെത്തിയ ശേഷം അമ്മ എന്റെ അനുജത്തി യ്ക്കും അനുജനും കത്തയച്ച ശേഷമാണ് അവർ വിവരം അറിയുന്നത്. അനുജത്തി അന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എംഫിൽ വിദ്യാർത്ഥിനിയാണ്. അനുജൻ എയർ ഫോഴ്സിലും. ഒരു ദിവസം ഉച്ചയോടടുത്തപ്പോൾ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എന്റെ കണ്ണു നിറഞ്ഞു . അമ്മ വിവരം ചോദിച്ചെങ്കിലും എനിയ്ക്കൊന്നും പറയാനില്ലായിരുന്നു. അതേ സമയം അനുജത്തി പുറത്തെത്തിയിരുന്നു. സന്ദർശന സമയമല്ലാത്തതിനാൽ സെക്യൂരിറ്റി കടത്തിവിടുന്നില്ല. അവളുടെ കണ്ണു നിറഞ്ഞു. സെക്യൂരിറ്റി യ്ക്ക് അപ്പോൾ ദയ തോന്നി അവളെ കടത്തി വിട്ടു. ഒരു പക്ഷേ ടെലിപ്പതിയായിരിയ്ക്കാം രണ്ടു പേരും ഒരേ സമയം കണ്ണു നിറയാനുണ്ടായ സാഹചര്യം എന്നപ്പോൾ തോന്നി.

കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സുമാർ ദിവസവും രാവിലെ വന്ന് എന്നെ ചൂടുവെള്ളത്തിൽ തുടച്ച് വൃത്തിയാക്കിയിരുന്നു. രണ്ടാഴ്ചയിലധികം ആശുപത്രിയിൽ കഴിയേണ്ടി വന്നു. ആശുപത്രിയിൽ ഞങ്ങളുടെ റൂമിൽ മേശപ്പുറത്ത് ഒരു ബൈബിൾ പുതിയ നിയമം വച്ചിരുന്നു. അതിൽ കുറച്ചു ഭാഗം പഴയ നിയമം പ്രിന്റ് ചെയ്തിരുന്നു. ഞാനത് അവിടെ വച്ച് പൂർണ്ണമായും വായിച്ചു തീർത്തു.
കോളേജിൽ പഠിയ്ക്കുന്ന കാലത്ത് എന്റെ മതത്തെ കുറിച്ച് കൂട്ടുകാർ ആരെങ്കിലും ചോദിച്ചാൽ ” ജന്മം കൊണ്ട് ഹിന്ദുവും, പേരു കൊണ്ട് മുസ്ലിമും കർമ്മം കൊണ്ട് ക്രിസ്ത്യാനിയു” മാണെന്ന് ഞാൻ തമാശരൂപത്തിൽ മറുപടി കൊടുത്തിരുന്നു. ആശുപത്രിയിൽ വച്ച് ബൈബിൾ വായിച്ചു കഴിഞ്ഞപ്പോൾ അക്കാര്യം ഞാൻ ഓർക്കാനിടയായി.

ആശുപത്രിയിലെ സിസ്റ്റർ മാർ ഇടയ്ക്ക് വന്ന് വർത്തമാനം പറത്തിരുന്നു. നഴ്സിംഗ് വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് ആശുപത്രി വരാന്തകളും റൂമുകളും എപ്പോഴും വൃത്തിയാക്കി വയ്ക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
സ്ററി ച്ചെടുത്തു കഴിഞ്ഞപ്പോൾ സിറ്റർമാർ വന്ന് വയറിൽ
തുണി കൊണ്ട് തയ്ച്ച ഒരു ബൈന്റർ കെട്ടിത്തന്നു . എന്നെ വരാന്തയിലൂടെ നടത്തിച്ചു. സ്റ്റിച്ചെടുത്തു കഴിഞ്ഞപ്പോൾ പ്ലാസ്റ്ററൊട്ടിച്ചിരുന്നതിന്റെ പശമാറാനായി നഴ്സ് ടർപ്പന്റെൻ പുരട്ടിയത് എനിയ്ക്ക് അലർജി ഉണ്ടാക്കിയിരുന്നു. ദേഹം മുഴുവൻ ചുവന്ന് തടിച്ചു. ഡോക്ടർ അലർജിയ്ക്കുള്ള പ്രതിവിധി ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു നഴ്സിംഗ് സ് റ്റുഡന്റ് എന്നെക്കാണാൻ വന്നപ്പോൾ എന്റെ വിവാഹ മോതിരമൊക്കെ പിടിച്ചു നോക്കി പുഞ്ചിരിച്ചു. ആ കുട്ടി മറ്റു റൂമുകളിലെ രോഗികളുടെ കാര്യമൊക്കെ എന്നോട് പറഞ്ഞു. പിന്നെ ഇങ്ങനെ പറഞ്ഞു. ഒരു വയറിൽ സാധാരണ ഗതിയിൽ 3 ശസ്ത്രകിയയേ ചെയ്യാൻ പറ്റുകയുള്ളൂ. ഞാനത് വിശ്വസിച്ചു. പിൽക്കാലത്ത് രണ്ട് സിസേറിയൻ , ഒരു ഹിസ്ട്രക്ടമി, ഹെർണിയയ്ക്കുള്ള സർജറി ഉൾപ്പടെ അഞ്ച് ശസ്ത്രക്രിയകൾ ചെയ്യേണ്ടി വന്നപ്പോൾ ആ ധാരണയൊക്കെ മാറി. ആവശ്യമെങ്കിൽ എത്ര ശസ്ത്രക്രിയയും ചെയ്യാമെന്ന നിലയിൽ ശാസ്ത്രം പുരോഗമിച്ചിരിയ്ക്കുന്നു. ശസ്ത്രക്രിയയെ എനിയ്ക്ക് ഭയമായിരുന്നു. എന്നാൽ ആദ്യ ശസ്ത്രക്രിയ അബോധാവസ്ഥയിൽ ചെയ്യപ്പെട്ടപ്പോൾ എന്റെ പേടി മാറി. പിന്നെ ശാന്തമായ മനസ്സോടെ ഓപറേഷൻ തിയറ്ററിലേയ്ക്ക് പോകാൻ ഞാൻ പഠിച്ചു.
ദൈവം തമ്പുരാൻ എന്റെ ജീവൻ തിരികെ തന്നിട്ട് നിനക്കിനിയും ധാരാളം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്ന് എന്നോട് പറഞ്ഞതു പോലെ എനിയ്ക്ക് തോന്നി. എന്റെ രണ്ടാം ജന്മം ഫലപ്രദമായി വിനിയോഗിയ്ക്കാൻ ഞാൻ തീരുമാനിച്ചു.

അടുത്ത കാര്യം പലരുടേയും സംശയം ഒരു ഫാലോപ്യൻ ട്യൂബ് നഷ്ട്ടെപ്പെട്ടാൽ പിന്നീട് കുട്ടികൾ ഉണ്ടാകുമോ എന്നതായിരുന്നു. നല്ലതാണെങ്കിൽ ബാക്കിയുള്ള ഒന്നു മതി എന്നാണെന്റെ പക്ഷം.

രക്ത ദാനത്തിന്റെ പ്രാധാന്യം ആ ശസ്ത്രക്രിയയോട് കൂടി ഞാൻ അനുഭവിച്ചറിഞ്ഞു. പിന്നീട് കോളേജിൽ എൻ എസ് എസ് യൂണിറ്റ് നടത്തിയ രക്ത ദാന ക്യാമ്പുകളിൽ പ്രമേഹ രോഗിയാകുന്നതു വരെ ഞാൻ രക്തം ദാനം ചെയ്തു. ഏതെങ്കിലും അത്യാവശ്യക്കാരുടെ വിളി വന്നാൽ രക്ത ദാനത്തിനായി വിദ്യാർത്ഥികളെ പറഞ്ഞയക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ എനിയ്ക്ക് ഹീമോഗ്ലോബിന്റെ കുറവുണ്ടാകാതിരിയ്ക്കാൻ അമ്മ പ്രത്യേകം ശ്രദ്ധിച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ എന്റെ കൈ വെള്ള ചുവന്ന്
തുടുത്ത് ചൊറിയാൻ തുടങ്ങി. അങ്ങനെ ചെക്കപ്പിന് ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു. ഇനി അയൺ ടാബ്ലറ്റ് നിർത്തിക്കോളു, ഇരുമ്പിന്റെ അംശം കൂടിയിട്ടാണ് ഉള്ളം കൈ ചൊറിയുന്നതെന്ന്.

പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്തപ്പോൾ ബന്ധു കൂടിയായ ശോഭന ഡോക്ടറെ കാണാൻ ഞാനും ഭർത്താവും കൂടി തിരുവനന്തപുരത്ത് പോയി. എന്റെ കാര്യത്തിൽ ഡോക്ടർ ആദ്യമേ തന്നെ എക്ടോപിക് പ്രഗ്നൻസി സംശയിച്ചിരുന്നു.
എന്നാൽ സ്കാൻ ചെയ്തവരാണ് ആ ധാരണ തെറ്റിച്ചത്. വജൈനയിൽ പ്രോ ബു വച്ച് സ്കാൻ ചെയ്തിരുന്നെങ്കിൽ അത് കൃത്യമായി കണ്ടുപിടിക്കാൻ കഴിയുമായിരുന്നെന്ന് ഡോക്ടർ പറഞ്ഞു.
ഫാലോപ്പിയൻ ട്യൂബിലെ ഗർഭധാരണം യഥാസമയം കണ്ടുപിടിച്ചാൽ അലിയിച്ചു കളയാനുള്ള മരുന്നുണ്ട്. സ്കാനിംഗിൽ അത് കണ്ടെത്തിയിരുന്നില്ല. അതാണ് കുഴപ്പമായത്.

പിന്നെ, തിരുവനന്തപുരം എസ് എ റ്റി ഹോസ്പിറ്റലിൽ നൈറ്റ് ഡ്യൂട്ടിയ്ക്ക് പോയ ഒരു ഡോക്ടറുടെ അനുഭവം ഡോക്ടർ പങ്കു വച്ചു.ആ ഡോക്ടർക്ക് ഫാലോപിയൻ ട്യൂബിലായിരുന്നു ഗർഭധാരണം നടന്നത്. ഡോക്ടർ കൊളാപ്സ് ചെയ്തു. സർജറി ചെയ്യാൻ അല്പം വൈകിയതിനാൽ ആശുപത്രിയിലായിരിന്നിട്ടു കൂടി അവരുടെ ജീവൻ തിരികെ കിട്ടിയില്ല. ഫാലോപ്യൻ ട്യൂബിലെ ഗർഭധാരണം മൂലം ട്യൂബ് പൊട്ടിയാൽ അടിയന്തിര ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരിക രക്ത സ്രാവം മൂലം ഗർഭിണി മരിച്ചു പോകും. എന്നാൽ ശസ്ത്രക്രിയ ചെയ്ത് ഒരു ഫോഴ്സ പ്സ് ഇട്ട് പിടിച്ചാൽ നിൽക്കുന്ന രക്തസ്രാവമേ ഉള്ളൂ താനും.
എന്റെ കാര്യത്തിൽ സാഹചര്യങ്ങൾ അനുകൂലമായിരുന്നു. ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാർ , ആശുപത്രിയിലുണ്ടായിരുന്ന രക്തം, രക്തം തരാൻ ആൾക്കാർ , ആശുപത്രിയിൽ വേഗത്തിലെത്തിച്ച ഡ്രൈവർ, അങ്ങനെ എല്ലാം… എല്ലാം … എല്ലാറ്റിനും നന്ദി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.