ജോർജ്ജ് മറ്റം

നഗരങ്ങളും തെരുവുകളും മാറുന്നു. ഭാഷകളും സംസ്കാരങ്ങളും മാറുന്നു. കാലം തന്നിലേല്പിച്ച മാറ്റങ്ങളും പേറി അയാൾ ഇന്നും യാത്ര തുടരുകയാണ്. ഒരു തോൾസഞ്ചിയും, കയ്യിൽ ക്യാൻവാസും പെൻസിലും ഛായങ്ങളുമായി അയാൾ സഞ്ചരിക്കാത്ത പാതകൾ വിരളമാണെന്നു തന്നെ പറയേണ്ടി വരും. വാരണാസിയിലെ ഈ തെരുവീഥിയിൽ എത്തിപ്പെടുന്നതിനും മുൻപ് എത്ര ദൂരം നഗ്നപാദനായി അയാൾ നടന്നുകാണണം, മുൻപിലെത്തുന്ന മുഖങ്ങൾ കാൻവാസിൽ പകർത്തി അന്നം തേടുന്ന ഒരു ചിത്രകാരനായി, സഞ്ചാരിയായി.

തോളറ്റം നീണ്ട മുടിയിലും പാറിപ്പറക്കുന്ന താടിയിലും നരവീണിരിക്കുന്നു. നൂലിഴ പൊട്ടി, നിറം മങ്ങിയ കരിമ്പടം പുതച്ചു കൂനിക്കൂടിയിരിക്കുന്ന ആ മനുഷ്യനെ കണ്ടാൽ സർവ്വവും പരിത്യജിച്ച് മോക്ഷം തേടി അലയുന്ന ഒരു സന്യാസിയാണെന്ന് തോന്നും. രുദ്രാക്ഷങ്ങളോ ഭസ്മമോ ധരിക്കാതെ എപ്പോഴും ശാന്തനായി തെരുവോരങ്ങളിലും മറ്റുമിരിക്കുന്ന ആ മനുഷ്യൻ ആരാണെന്നത് ആജ്ഞാതമാണ്. പുഞ്ചിരിമാത്രം ഭാഷയാക്കിയ ആ മനുഷ്യൻ ആരോടെങ്കിലും സംസാരിക്കുന്നതുപോലും ആരും കണ്ടിരിക്കാനിടയില്ല.

ഒരിക്കൽ ആറുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി അയാളോട് ചോദിച്ചു, “दादाजी, आप कौन हैं? यह कहां से आता है? (മുത്തച്ഛാ, നിങ്ങൾ ആരാണ്? നിങ്ങൾ എവിടെനിന്ന് വരുന്നു.)
പകുതിയടഞ്ഞ കണ്ണുകളുയർത്തി ആ കുട്ടിയുടെ മുഖത്തുനോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് അയാൾ ചെയ്തത്. അന്ന് രാത്രി, ചരിത്രങ്ങളും വിശ്വാസങ്ങളുമുറങ്ങുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ കല്ലുപാകിയ പടിക്കെട്ടിലിരുന്നപ്പോഴും അയാളുടെ ചിന്തകളിൽ പ്രതിധ്വനിച്ചത് ആ ബാലകൻ ചോദിച്ച ചോദ്യങ്ങളായിരുന്നു. തനിക്കു മുൻപിലൂടെ ഒഴുകുന്ന ഗംഗാ നദിയിലെ ഓളങ്ങളും അതേ ചോദ്യം ആവർത്തിക്കുന്നതായി അയാൾക്ക് തോന്നി. അയാൾ വെറുതെ ആലോചിച്ചു, “ആരാണ് ഞാൻ?”
എന്നോ വിസ്മരിച്ച ഭൂതകാലത്തിന്റെ ആഴങ്ങളിൽ അയാൾ തന്റെ തന്നെ സ്വത്വം തിരയാൻ തുടങ്ങുകയായിരുന്നു.

അയാൾ ഓർത്തു, താൻ ആരാണ്? പേരുപോലും വിസ്മരിച്ച ഒരു യാത്രികൻ. എത്രയോ കലാപങ്ങൾക്കും പ്രളയങ്ങൾക്കും ജീർണ്ണതകൾക്കും അതിജീവനങ്ങൾക്കും സാക്ഷിയാകേണ്ടി വന്നവൻ. ദുഃഖക്ഷതങ്ങളേറ്റ് പിടഞ്ഞവൻ. മകനായും, കാമുകനായും, സഞ്ചരിയായും, ഭ്രാന്തനായും, ചിത്രകാരനായുമൊക്കെ എത്രയെത്ര വേഷങ്ങൾ കെട്ടിയാടാൻ വിധിക്കപ്പെട്ടവൻ. കാലമേൽപ്പിച്ച മുറിവുകൾക്കുമേൽ പറ്റിപ്പിടിച്ച മറവിയുടെ പൊറ്റകൾക്കു കീഴെ നേർത്ത ഞരമ്പുകളിലൂടെ രക്തത്തോടൊപ്പം ഓർമ്മകൾ അതിശീഘ്രം ഒഴുകുന്നത് അയാൾ തിരിച്ചറിഞ്ഞു. പിന്നിലെവിടെയോ അറിഞ്ഞുകൊണ്ട് ഉപേക്ഷിച്ച ഭൂതകാലം ഹൃദയത്തിന്റെ ഭിത്തികളിൽ വേലിയേറ്റം കണക്കെ ആഞ്ഞടിച്ച് വിള്ളലുകൾ സൃഷ്ടിക്കാൻ തുടങ്ങിയതായി അയാൾക്ക് തോന്നി.

ചുറ്റും പരക്കുന്ന ഇരുട്ടിലേക്ക് നോക്കി കണ്ണുമിഴിച്ചിരുന്നപ്പോൾ കാലങ്ങൾക്കു മുൻപ് തന്നേ സന്ത്വനിപ്പിച്ച രണ്ടു ശബ്ദങ്ങൾ വിദൂരതയിൽനിന്നും അയാളുടെ കാതുകളിലേക്ക് മാറ്റൊലികൾപോലെ പതിക്കാൻ തുടങ്ങി, “ശിവാ…” “ശിവാ…”

———————————————————————-
———————————————————————-

പുറത്ത് ഇടമുറിയാതെ മഴ പെയ്യുന്നു. നേരം പുലരാൻ ഇനിയെത്ര സമയം ഉണ്ടെന്ന് വ്യക്തമല്ല. എത്രയോ നേരമായി കട്ടിലിന്റെ അരികിലുള്ള ജാലകത്തിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയാണ് ശിവൻ. അയാളുടെ ശരീരത്തോട് ചേർന്ന് ഒട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന യുവതി. നഗ്നമായ ശരീരത്തിനുമേൽ ഒരു പഴയ പുതപ്പും പുതച്ച് അവൾ ഗാഢമായി ഉറങ്ങുന്നു. ഇളം നീല നിറമുള്ള സീറോ വോൾട്ട് ബൾബ് ഇപ്പോളും കത്തിക്കിടക്കുന്നു. അരികിലെ കൈ ഒടിഞ്ഞ കസേരയിൽ അവരുടെ വസ്ത്രങ്ങൾ ചുരുണ്ടുകിടക്കുന്നു. കഴിഞ്ഞ രാത്രിയിൽ അവൾ ചൂടിയെത്തിയ മുല്ലപ്പൂമാലയിലെ ഒരു വാടിയ പൂവ് അയാളുടെ നെഞ്ചിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു. അവളുടെ മുടിയിഴകളിൽ അവശേഷിക്കുന്ന വാസന തൈലത്തിന്റെ നനുത്ത ഗന്ധം അയാൾ അറിഞ്ഞു. അകലെ എവിടെ നിന്നോ അവ്യക്തമായ നേർത്ത സംഗീത വീചികൾ അവിടേക്ക് ഒഴുകി എത്തുന്നുണ്ടായിരുന്നു.
———————————————————————-

അവൾ ആനി, ലോകം അഭിസാരികയെന്ന് മുദ്രകുത്തിയ ഒരു പെൺകുട്ടി. താൻ തിരഞ്ഞെടുത്ത വഴിയെ ഒരിക്കൽപ്പോലും ന്യായീകരിക്കാൻ മുതിരാത്ത ഒരു സ്ത്രീ. ഒരിക്കൽ വിശാലമായ ബോംബെ തെരുവിൽ വെച്ചാണ് വളരെ അപ്രതീക്ഷിതമായി ശിവൻ ആനിയെ കണ്ടുമുട്ടുന്നത്. തൊഴിൽ തെണ്ടി അലയുന്നതിനിടയിൽ എങ്ങനെയോ എത്തിപ്പെട്ടതാണ് അയാൾ ആ മഹാ നഗരത്തിൽ. പട്ടിണി മാറ്റാൻ ഒരുപാട് ജോലികൾ ചെയ്തു. ഒടുവിൽ ചിത്രം വരയ്ക്കാനുള്ള കഴിവ് അയാൾ ജീവിതമാർഗ്ഗമായി സ്വീകരിച്ചു. തിരക്കുപിടിച്ച തെരുവിലെ കല്ലുപാകിയ ഒരു ഓരത്ത് കയ്യിൽ ഒരു ക്യാൻവാസും പല നിറത്തിലുള്ള പെൻസിലുകളുമായി അയാൾ ഇരിക്കും. മുൻപിലെത്തി ആവശ്യപ്പെടുന്നവരുടെ ചിത്രങ്ങൾ ഭംഗിയായി വരച്ചു നൽകി അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കും. യാതൊരു മാറ്റവും കൂടാത്ത അയാളുടെ ജീവിതം വിരസമായി നീങ്ങിക്കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം വൈകിട്ട് അയാൾ ആനിയെ ആദ്യമായി കണ്ടു. കടും ചുവപ്പ് നിറമുള്ള സാരി ഉടുത്ത്, പരുഷമായി മുഖഭാവത്തോടുകൂടി അവൾ ശിവനിരിക്കുന്ന സിമന്റ് ബെഞ്ചിന്റെ അപ്പുറത്തെ അറ്റത്ത് വന്നിരുന്നു. മുഷിഞ്ഞ വസ്ത്രവും ചീകി ഒതുക്കാത്ത നീളൻ മുടിയും താടിയും കണ്ടിട്ടാവണം ആനി ശിവന്റെ നേർക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല. പക്ഷെ, അവളുടെ വിടർന്ന കണ്ണുകൾ ശിവന്റെ ഉള്ളിലേക്ക് അയാൾപോലും അറിയാതെ ആഴത്തിൽ പതിയുകയായിരുന്നു. അയാൾ ഒന്നിനുമല്ലാതെ മെല്ലെ തന്റെ ക്യാൻവാസിലേക്ക് ആ നീണ്ട മിഴിയിണകൾ വരച്ചു ചേർക്കാൻ തുടങ്ങി. പരുഷമായ അവളുടെ നോട്ടത്തിന്റെ പിന്നിൽ നിസ്സഹായതയുടെ നിഴൽപ്പാടുകൾ അയാൾക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു. അൽപ്പ നേരത്തിനു ശേഷം തിരക്കിട്ട് അവൾ എങ്ങോട്ടോ നടന്നു പോവുകയും ചെയ്തു. അടുത്ത ദിവസങ്ങളിലും തെരുവിന്റെ പല കോണുകളിലും വെച്ച് അയാൾ അവളെ കണ്ടു. കാണാത്ത ദിവസങ്ങൾ ശിവന്റെ കണ്ണുകൾ അവളുടെ മിഴികൾ തേടി അലഞ്ഞു.

തിരക്കുള്ള ഒരു വൈകുന്നേരം, ആനി വഴിയൊരത്തുള്ള റഹീം എന്ന മലയാളിയുടെ ഭക്ഷണ ശാലയിൽ നിന്നും എന്തോ കഴിക്കുകയായിരുന്നു. ആ നഗരത്തിൽ ശിവന് ആകെ അടുപ്പം റഹീമിനോട് മാത്രമായിരുന്നു. അയാൾ റഹീമിനെ സ്നേഹത്തോടെ റഹീം ഇക്കാ എന്ന് വിളിച്ചിരുന്നു. ശിവൻ അവിടേക്ക് നടന്നെത്തി ആനിയിരിക്കുന്ന മേശയുടെ മറുവശത്ത് നിശ്ശബ്ദനായി തല കുനിച്ചു നിന്നു. ആനി മുഖമുയർത്തി അയാളെ നോക്കി. എന്തുവേണം എന്ന അർത്ഥത്തിൽ തലയാട്ടി. ശിവൻ അപ്പോഴും നിശബ്ദനായി നിൽക്കുകയായിരുന്നു. പതിഞ്ഞ ശബ്ദത്തിൽ അവൾ അവനോട് ചോദിച്ചു, “ക്യാ ചാഹിയെ?”. അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അവൾ പതിയെ പരുഷമായി പറഞ്ഞു, “ഹസാർ രൂപയാ… ഫിക്സഡ് റേറ്റ്. നോ അഡ്ജസ്റ്മെന്റ്.”
ശിവൻ നിശബ്ദനായി പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുഖത്ത് നോക്കി നിൽക്കുകയായിരുന്നു. അല്പം സംശയത്തോടെ ആനി ചോദിച്ചു, “മലയാളി ആണോ?”
അയാൾ ഒന്ന് മൂളുകമാത്രം ചെയ്തു. നിർവികാരയായി അവൾ പറഞ്ഞു, “പണം കയ്യിൽ ഉണ്ടല്ലോ? ആയിരം രൂപയാണ്, അതിൽ മാറ്റം ഇല്ല. ആദ്യം പണം.”
തലകുനിച്ചു നിന്ന ശിവന്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് ദീർഘമായി നിശ്വസിച്ചിട്ട് അവൾ തുടർന്നു, “എവിടെ വരണം?”
കയ്യിൽ മടക്കി വെച്ചിരുന്ന വിലാസം എഴുതിയ കടലാസ്തുണ്ട് ആനിയുടെ മുൻപിൽ മെല്ലെ വെച്ചിട്ട് ശിവൻ തിരികെ നടന്നു. തെരുവിലെ തിരക്കിലൂടെ അയാൾ നടന്നകലുന്നത് ആനി നോക്കിയിരുന്നു.

ആനി മുറിയാകെ ഒന്ന് കണ്ണോടിച്ചു. അലങ്കോലപ്പെട്ടുകിടക്കുന്ന ഒരു കൊച്ചു മുറി. പിഞ്ചിക്കീറാറായ ജനൽമറ. ഒരു മൂലയിൽ കൂട്ടിയിട്ട ബീഡിക്കുറ്റികൾ. പുറംപാളികൾ ഇളകിത്തുടങ്ങിയ പുസ്തകങ്ങൾ പുറത്ത് അടുക്കിവെച്ച നിറം മങ്ങിയ ഒരു പച്ച തകരപ്പെട്ടി. ഭിത്തിയിൽ അടിച്ചുവെച്ചിരിക്കുന്ന അണികളിൽ തൂങ്ങിക്കിടക്കുന്ന നരച്ചുതുടങ്ങിയ കുപ്പായങ്ങൾ. കാലുകൾ പൊടിഞ്ഞു തുടങ്ങിയ മേശയുടെ മുകളിൽ ചിത്രം വരയ്ക്കുന്ന ക്യാൻവാസും പെൻസിലും മറ്റും. അരികിലായി ഒരു മൺകുടവും, രണ്ടു ചില്ലുഗ്ലാസ്സുകളും. മൺകുടം മൂടിയിരിക്കുന്ന സ്റ്റീൽ പാത്രത്തിന്റെ മുകളിൽ ആവി പറക്കുന്ന രണ്ടു പൊതികൾ.

“ആദ്യം പണം, ഞാൻ നേരത്തേ പറഞ്ഞിരുന്നല്ലോ?” ആനിയാണ് ആദ്യം നിശബ്ദത ഭഞ്ജിച്ചത്. ഉടൻതന്നെ ശിവൻ മേശയുടെ വിരിപ്പിന്റെ അടിയിൽനിന്നും കുറച്ചു നോട്ടുകൾ എടുത്ത് ആനിയുടെ നേരെ നീട്ടി. എന്നിട്ട് പറഞ്ഞു, “പറഞ്ഞത് മുഴുവൻ ഉണ്ട്. എണ്ണി നോക്കിക്കോളൂ.”
അവൾ പണം വാങ്ങി എണ്ണി തിട്ടപ്പെടുത്തി, എന്നിട്ട് കീറിത്തുടങ്ങിയ തന്റെ ബാഗിന്റെ ഉള്ളിലേക്ക് വെച്ചു. പിന്നെ നിശ്ശബ്ദയായി കട്ടിലിലേക്ക് കിടന്നു. അപ്പോൾ അവളുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്ന ഭാവം നിർവികാരത ആയിരുന്നു. അയാൾ അവളുടെ അരികിലെത്തി എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു, “കഴിക്കാൻ ആഹാരം വാങ്ങിയിട്ടുണ്ട്. എന്റെ ഒപ്പം അത് കഴിക്കാമോ?”
ആ ചോദ്യം ആനിയുടെ ഹൃദയത്തിന്റെ ആഴങ്ങളെ സ്പർശിച്ചു. കാരണം, ജീവിതത്തിൽ ആദ്യമായിട്ടാണ് തന്റെ ശരീരത്തിന് വില നൽകിയ ഒരാളിൽനിന്നും അങ്ങനെയൊരു ആവശ്യം കേൾക്കേണ്ടിവരുന്നത്. അവൾ മെല്ലെ എഴുനേറ്റു, അപ്പോഴേക്കും ശിവൻ ആഹാരത്തിന്റെ പൊതി തുറന്ന് അവളുടെ മുൻപിലേക്ക് നീട്ടി.

ആനി ജനാലയുടെ അരികിൽ പുറത്തേക്കുനോക്കി നിൽക്കുന്നു. ശിവൻ അവളുടെ അരികിലെത്തി എന്നിട്ട് അവളോട് ചോദിച്ചു, “പേര് ആനി എന്നല്ലെ? റഹീം ഇക്ക പറഞ്ഞിരുന്നു.”
ജനാലയുടെ അരികിൽനിന്നും നടന്ന് കട്ടിലിൽ വന്നിരുന്നിട്ട് അവൾ പുച്ഛത്തോടെ പറഞ്ഞു, “ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ നിസാരമായ ചോദ്യങ്ങൾ ചോദിച്ച് സമയം കളയുന്നത്. എന്നെപ്പോലെയുള്ളവർക്ക് ആവശ്യമില്ലാത്ത ഒന്നാണ് ഒരു പേര്. ഞാൻ വെറും ശരീരം മാത്രമാണ്. ആനി എന്ന പേര്, അതിനൊന്നും പ്രസക്തിയില്ല.”
പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു, “ഞാൻ ശിവൻ… വിരോധമില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഒരു ചിത്രം വരച്ചോട്ടെ?”
അല്പം ആശ്ചര്യത്തോടെ അവൾ അയാളെ നോക്കി. വന്നതുമുതൽ ആ മനുഷ്യൻ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. ശിവൻ അപ്പോഴേക്കും ക്യാൻവാസുമായി അവളുടെ എതിരെ കിടന്ന കസേരയിൽ വന്നിരുന്നു. അയാളുടെ വിരലുകൾക്കിടയിൽ പെൻസിൽ അതിവേഗം ചലിച്ചു. ആനി നോക്കിയപ്പോൾ കണ്ണുകൾ കൂർപ്പിച്ച് അതിസൂഷ്മമായി അയാൾ അവളെ നോക്കി തന്റെ ക്യാൻവാസിലേക്ക് പകർത്തുന്ന തിരക്കിലായിരുന്നു.

എത്രയോ നേരമായി അയാൾ അവളുടെ കണ്ണുകളിൽ നോക്കിയിരിക്കുന്നു. സമയം അർധരാത്രിയോട് അടുക്കുന്നു. ഇത്രനേരമായിട്ടും ശിവൻ അവളുടെ ശരീരത്തിൽ ഒന്ന് സ്പർശിക്കുക പോലും ചെയ്തിട്ടില്ല. അവളുടെ കണ്ണുകളിലേക്ക് മയക്കം പടരുന്നത് അയാൾ അറിഞ്ഞു. വളരെ മൃദുവായി അയാൾ അവളോട് പറഞ്ഞു, “ഉറക്കം വരുന്നെങ്കിൽ കിടന്നോളൂ… ഞാൻ ഇവിടെ ഉണ്ടാവും.”.
“ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, താങ്കൾക്ക് ഭ്രാന്തുണ്ടോ? ഇങ്ങനെ വെറുതെ ഇരിക്കാനാണോ നിങ്ങൾ എനിക്ക് പണം തന്നത്?” ആനി അയാളോട് ചോദിച്ചു. ഒരു നീണ്ട പുഞ്ചിരിമാത്രമായിരുന്നു അയാളുടെ ഉത്തരം.അവൾ വീണ്ടും ചോദിച്ചു, “നിങ്ങൾക്ക് എന്താണ് വേണ്ടത്? ഒരു ചിത്രം വരയ്ക്കുന്നതിനാണോ ശിവൻ എന്നെ ഇവിടെ വരുത്തിയത്, പണം തന്നത്? എനിക്ക് താങ്കളെ മനസ്സിലാക്കാൻ പറ്റുന്നില്ല.”
ശിവൻ കസേര അവളുടെ അടുത്തേക്ക് അല്പം കൂടി നീക്കിയിട്ടിട്ട് അവളോട് പറഞ്ഞു, “ആനിയെ ഒന്ന് കാണണമായിരുന്നു. അൽപ്പസമയം കൂടെ ചിലവഴിക്കണമായിരുന്നു. പിന്നെ ചിത്രം, അത് പെട്ടെന്നുണ്ടായ ഒരു ആഗ്രഹം മാത്രമായിരുന്നു. കൂടുതൽ ഒന്നും ആഗ്രഹിച്ചിരുന്നില്ല.”
അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അയാൾ അവളോട് ചോദിച്ചു, “ഞാൻ ആനിയ്ക്ക് ഒരു ചുംബനം തന്നോട്ടെ?”.
വേണമെന്നോ വേണ്ടെന്നോ അവൾ പറഞ്ഞില്ല.തന്റെ മുൻപിൽ ഇരിക്കുന്ന വ്യത്യസ്തനായ മനുഷ്യനെപ്പറ്റി ആലോചിക്കുകയായിരുന്നു അവൾ. ആർത്തിയോടെ തന്നെ സമീപിക്കാത്ത ഏക പുരുഷൻ അയാൾ മാത്രമായിരുന്നു എന്ന് അവൾ ഓർത്തു. ശിവൻ അവളുടെ അരികിൽ വന്നിരുന്നു, പിന്നെ അവളുടെ മുഖം കൈകളിൽ എടുത്ത് നെറുകയിൽ മൃദുവായി ഒരു ചുംബനം നൽകി. എന്നിട്ട് പിന്നിലേക്ക് നീങ്ങിയിരുന്നു.
“ആനി ഉറങ്ങികോളൂ.” പുഞ്ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞ് അയാൾ മുറിക്കുള്ളിലെ ലൈറ് ഓഫ്‌ ചെയ്തു. ആനി നിശ്ശബ്ധയായി കട്ടിലിലേക്ക് ചാഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ജനലിലൂടെ കടന്നെത്തിയ നിലാവെളിച്ചതിൽ തന്നെ നോക്കികൊണ്ട് കസേരയിൽ ചാരിയിരിക്കുന്ന, അല്പം മുൻപ് വരെ തനിക്ക് അപരിചിതനായിരുന്ന ആ മനുഷ്യന്റെ രൂപം അവൾ നോക്കി കിടന്നു. ഒരു ചുംബനത്തിന്റെ നേർത്ത ചൂടിൽ അപരിചിതത്വം ഉരുകിപ്പോയതായി അവൾക്ക് തോന്നി. ചിന്തകളുടെ ആഴങ്ങളിലേക്ക് ആനി മുങ്ങാംകുഴിയിട്ടപ്പോഴേക്കും എപ്പോഴോ മിഴികളിൽ നിറഞ്ഞ നിദ്ര എവിടെയോ പോയ്‌ മറഞ്ഞുകഴിഞ്ഞിരുന്നു.

തെരുവിലെ ഏതോ വാഹനത്തിന്റെ നീട്ടിയുള്ള ഹോൺ കേട്ടാണ് ശിവൻ ഉണർന്നത്. സമയം ഏതാണ്ട് എട്ട് മണിയോട് അടുക്കുന്നു. ആനി അപ്പോഴേക്കും പൊയ്ക്കഴിഞ്ഞിരുന്നു. കസേരയിലിരുന്ന് എപ്പോഴാണ് ഇറങ്ങിപ്പോയത് എന്ന് അയാൾക്ക് ഓർമ്മയുണ്ടായിരുന്നില്ല. ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിനു തൊട്ടുമുൻപ് വരെ അവൾ ഉറങ്ങുന്നത് നോക്കിയിരുന്നത് മാത്രം അയാൾ ഇപ്പോഴും ഓർക്കുന്നു. പെട്ടന്നാണ് കട്ടിലിൽ ഒരു കടലാസുതുണ്ടും, കഴിഞ്ഞ ദിവസം താൻ ആനിയ്ക്ക് നൽകിയ നോട്ടുകളും ഇരിക്കുന്നത് ശിവന്റെ ശ്രദ്ധയിൽ പെട്ടത്. അവൾ ആ പണത്തിൽ നിന്നും ഒന്നുമെടുത്തിരുന്നില്ല. അയാൾ അവൾക്ക് വിലാസം എഴുതി നൽകിയ കടലാസായിരുന്നു കൂടെ വെച്ചിരുന്നത്. അതിന്റെ മറുപുറത്ത് ഇപ്രകാരം എഴുതിയിരുന്നു-

“നന്ദി… സ്നേഹം…
ഈ വിലാസം മനസ്സിൽ നിന്ന് മായില്ല, നിങ്ങളുടെ മുഖവും”

അയാളുടെ ഉള്ളിൽ വല്ലാത്ത ഒരു തണുപ്പ് അനുഭവപ്പെട്ടു. അമ്മയുടെ അകാരണമായ മരണത്തിനുശേഷം ആദ്യമായി ഒരു കുട്ടിയെപ്പോലെ അയാൾ ആനന്ദിച്ചു. പാറിപ്പറക്കുന്ന മുടിയും തടിയുമൊക്കെ ചീകിയൊതുക്കാൻ അയാൾക്കും മോഹം തോന്നി. തെരുവിലെ തിരക്കുകളിൽ അവർ വീണ്ടും വീണ്ടും കണ്ടുമുട്ടി. അലങ്കോലപ്പെട്ട ആ മുറിയിലേക്ക് അനുവാദം കാത്തുനിൽക്കാതെ അവൾ കടന്നുവന്നുകൊണ്ടിരുന്നു.
———————————————————————

അകലെനിന്നും ഒഴുകിയെത്തിയ സംഗീതം എപ്പോഴോ നിലച്ചിരുന്നു. പുറത്ത് ഇളം മഞ്ഞ വെയിൽ മെല്ലെ പരക്കാൻ തുടങ്ങിയിരുന്നു. അയാളുടെ അരികിൽ പുതപ്പിനടിയിൽ കിടന്നിരുന്ന ആനി എപ്പോഴോ എഴുനേറ്റ് സാരി ഉടുത്തിരുന്നു. ചിന്തകളിൽ മുഴുകിയിരുന്ന ശിവൻ ഒന്നും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി കൈവിരലുകൾക്കൊണ്ട് തന്റെ മുടി കോതി നിൽക്കുകയായിരുന്നു. പെട്ടന്ന് ശിവൻ പറഞ്ഞു, “ആനി, ഞാൻ നിന്നെ വിവാഹം കഴിക്കാൻ പോകുന്നു.”
അവൾ തിരിഞ്ഞുനിന്ന് ശിവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇത്ര വലിയ തമാശകൾ താങ്ങാനുള്ള ശക്തി എന്റെ ഹൃദയതിനില്ല ശിവാ.” ഇത്രയും പറഞ്ഞുകൊണ്ട് അവൾ പൊട്ടിച്ചിരിച്ചു.
അയാൾ മന്ദഹസിച്ചുകൊണ്ട് മുറിയുടെ മൂലയിലിരിക്കുന്ന തകരപ്പെട്ടി ചൂണ്ടിക്കാട്ടി അവളോട് ചോദിച്ചു, “ആ പെട്ടി തുറന്ന് അതിലിരിക്കുന്ന കവർ ഇങ്ങ് എടുക്കുമോ?”
അവൾ മെല്ലെ നടന്നുചെന്ന് പെട്ടിയുടെ മൂടി ഉയർത്തി ഒരു കവർ പുറത്തെടുത്തു.
“അതൊന്ന് തുറന്ന് നോക്കുമോ?” ശിവൻ ചോദിച്ചു.
ആനി അല്പം സംശയത്തോടെ കവർ തുറന്നു. ഇളം നീല നിറമുള്ള ഒരു സാരിയായിരുന്നു അതിനുള്ളിൽ. അവൾ സന്തോഷത്തോടെ അത് നിവർത്തി നോക്കി. അവളുടെ കണ്ണുകളിൽ ആശ്ചര്യം നിറയുകയും , മുഖത്ത് ദുഃഖത്തിന്റെ നിഴൽ പരക്കുകയും ചെയ്തു. ഇടറുന്ന സ്വരത്തിൽ അവൾ അവനോട് ചോദിച്ചു, “ശിവാ… ഇത്…” സാരിക്കുള്ളിൽ നിന്നും ഒരു താലിച്ചരടെടുത്ത് ഉയർത്തിയതിനൊപ്പം വാക്കുകൾ കിട്ടാനില്ലാതെ ആനി വിതുമ്പി.
ശിവൻ അവളുടെ അരികിലെത്തി. അവളെ നെഞ്ചോട് ചേർത്തുനിർത്തി. പെട്ടന്ന് അയാളുടെ കൈകൾ തട്ടിമാറ്റി അവൾ പിന്നിലേക്ക് മാറിനിന്നു. എന്നിട്ട് പറഞ്ഞു, “ശിവാ ഇത് നടക്കില്ല. ഇതിന് ഞാൻ ഒരിക്കലും സമ്മതിക്കില്ല.”
“എന്തുകൊണ്ട് സമ്മതിച്ചുകൂടാ. നാം തമ്മിലുള്ള പ്രായവ്യതാസമാണോ നിന്റെ കാരണം. പ്രായം കൊണ്ട് നീ എന്നിലും മുതിർന്നതാണെന്ന് അറിഞ്ഞുകൊണ്ടല്ലേ നാം അടുത്തത്?” ദേഷ്യം ഉള്ളിലൊതുക്കി ശിവൻ ചോദിച്ചു.
അവൾ കണ്ണുനീർ ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു, “പ്രായം ഒരു കാരണമേയല്ല ശിവാ. എന്റെ ജീവിതം. നിനക്ക് എന്നെപ്പറ്റി ഒന്നും അറിയില്ല. ഒരു വേശ്യയാണ് ഞാൻ. ശരീരം വിറ്റ്‌ ജീവിക്കുന്ന വെറും വേശ്യ. ഒരിക്കലും നിന്റെ ജീവിതത്തിലേക്ക് ഞാൻ വന്നുകൂടാ. എന്റെ മനസാക്ഷി അതിനെന്നെ ഒരിക്കലും അനുവദിക്കില്ല.” ഇത്രയും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു.
“ശരീരം വിൽക്കാൻ നിർബന്ധിതയായ ഏതൊരു പെണ്ണിനെയും പോലെ നിനക്കും ഒരു കഥ പറയാൻ ഉണ്ടാകും, മറക്കാൻ നീ തന്നെ ശ്രമിക്കുന്ന കഥ. എനിക്ക് ഒരിക്കലും അത് കേൾക്കേണ്ട. സഹതാപം കൊണ്ടല്ല, മറിച്ച് പറഞ്ഞറിയിക്കാൻ കഴിയാത്ത സ്നേഹം നിന്നോട് ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം.” അയാൾ പറഞ്ഞു.

ആനി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കട്ടിലിൽ ഇരുന്നു. ശിവൻ നടന്ന് ജനാലയുടെ അരികിൽ എത്തി പുറത്തേക്ക് നോക്കിക്കൊണ്ട് തുടർന്നു, “ആനി, എന്റെ അമ്മയുടെ പേര് തങ്ക. അച്ഛൻ ആരാണെന്ന് അറിയാതെ വളർന്ന എന്റെ ലോകം അമ്മ മാത്രമായിരുന്നു. പട്ടിണി മാറ്റാൻ അരവയറും മുറുക്കിയുടുത്ത് അടുക്കളപ്പുറങ്ങളിൽ വിഴുപ്പലക്കിയിരുന്ന അമ്മയുടെ രൂപം ഇന്നും മനസ്സിലുണ്ട്. എന്നെ പഠിപ്പിച്ച് നല്ല നിലയിലാക്കാൻ അമ്മയ്ക്ക് ഒരുപാട് മോഹം ഉണ്ടായിരുന്നു. പക്ഷെ, ജനിപ്പിച്ച അച്ഛനാരെന്നറിയാത്തവനായ ഈ എനിക്ക് അവഹേളനങ്ങളെ നേരിടാൻ കഴിഞ്ഞില്ല. അങ്ങനെ പഠനം പകുതിയിൽ ഉപേക്ഷിക്കേണ്ടിവന്നപ്പോഴും അമ്മ കൂടെ ഉണ്ടായിരുന്നു.”
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ശിവൻ ഒരു ബീഡി ചുണ്ടിൽവെച്ച് കത്തിച്ചു. ജനലഴികളിൽ പിടിച്ചുകൊണ്ട് ശിവൻ തുടർന്നു, “ലോകം മുഴുവൻ ഒറ്റ സ്വരത്തിൽ എന്റെ അമ്മയെ അഭിസാരികയെന്ന് മുദ്രകുത്തി. പക്ഷെ, പട്ടിണി കിടക്കേണ്ടി വന്നപ്പോൾ പോലും അവർ ശരീരം വിറ്റിട്ടില്ല എന്ന് എനിക്കറിയാം. ഒറ്റ രാത്രിയിൽ പോലും ഞങ്ങളുടെ കുടിലിന്റെ വാതിലിനപ്പുറം ഒരു അപരിചിതന്റെ പോലും കാൽപ്പെരുമാറ്റം ഞാൻ കേട്ടിട്ടില്ല. എന്നിട്ടും ലോകം അവർക്ക് നൽകിയ പേര് വേശ്യ… ഒടുവിൽ തൊഴിൽതേടി ഇറങ്ങിയപ്പോ മുഷിഞ്ഞ കുറച്ചു നോട്ടുകൾ കൈകളിൽ വെച്ചുതന്ന് നെറുകയിൽ ഒരു മുത്തവും നൽകി അമ്മ എന്നെ യാത്രയാക്കി. ആ നോട്ടുകൾക്ക് അമ്മയുടെ വിയർപ്പിന്റെ ഗന്ധമുണ്ടായിരുന്നു. നെറുകയിൽ നൽകിയ ചുംബനത്തിന് സ്നേഹത്തിന്റെ മധുരവും. ഉടൻ തിരികെയെത്താം എന്ന് വാക്കുപറഞ്ഞു നടന്നകലുമ്പോൾ മനസ്സുനിറയെ സ്വപ്നങ്ങളായിരുന്നു. പക്ഷെ, ഞാൻ തിരിച്ചു ചെല്ലുന്നതിനും മുൻപ് അമ്മ പോയി. ഒടുവിൽ ഒരുനോക്ക് കാണാൻ പോലും ഈ ഗതികേട്ടവന് സാധിച്ചില്ല. പാവം എന്നെപ്പറ്റി ഒരുപാട് പ്രതീക്ഷകൾ അവർക്കുണ്ടായിരുന്നു.” ശിവന്റെ കവിളിലൂടെ പടർന്ന കണ്ണുനീരിൽ ഇളംവെയിൽ തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു. നിശ്ശബ്ദയായി എലാം കേട്ടുകൊണ്ട് ആനി കട്ടിലിലിരുന്നു. കണ്ണിമ ചിമ്മാതെ അവൾ ശിവനെ നോക്കിയിരുന്നു.
തിരിഞ്ഞുനോക്കാതെ കണ്ണുനീർ തുടച്ചുകൊണ്ട് അയാൾ വീണ്ടും തുടർന്നു, “സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം ഉപേക്ഷിച്ച യാത്രയായിരുന്നു പിന്നീട്. പട്ടിണി മാറ്റാൻ ഞാൻ തിരഞ്ഞെടുത്ത ഒരു തൊഴിൽ മാത്രമാണ് ഈ ചിത്രരചന. ഒരുപാട് നാടുകൾ കറങ്ങി ഈ മഹാ നഗരത്തിലെത്തി. മുൻപിലൂടെ കടന്നുപോയ ഒരു മുഖത്തോടും തോന്നാത്ത ഒരടുപ്പം നിന്നോട് തോന്നിപ്പോയി. കാരണം എന്താണെന്ന് ചോദിച്ചാൽ എനിക്കുമറിയില്ല. നിന്നെ കണ്ടതുമുതൽ മുരടിച്ചുപോയെന്ന് കരുതിയ സ്വപ്നങ്ങളൊക്കെ ഉള്ളിൽ വീണ്ടും തളിരിടുകയായിരുന്നു.
അഭിസാരികയുടെ മകൻ എന്ന് സർവ്വരും മുദ്രകുത്തിയ, സ്വന്തം അച്ഛനാരെന്നറിയാത്ത ഈ ജന്മത്തിന് നിന്നെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കാൻ സാധിക്കും. ഒരു കാമുകിയുടെ, ഭാര്യയുടെ, സുഹൃത്തിന്റെ, അമ്മയുടെ സ്നേഹം എനിക്ക് നൽകാൻ നിനക്ക് സാധിക്കില്ലേ.”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അയാളുടെ ചുണ്ടിലെ ബീഡി പുകഞ്ഞുതീരാറായിരുന്നു.
ആനി നിശ്ശബ്ദയായി ഒരു പ്രതിമ കണക്കെ ഇരിക്കുകയാണ്. കണ്ണുകളുയർത്തി ശിവന്റെ മുഖത്തേക്ക് ഒന്നു നോക്കിയിട്ട് അവൾ ഒന്നും പറയാതെ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. അയാൾക്ക് എന്തെങ്കിലും ചോദിക്കാൻ സാധിക്കുന്നതിനും മുൻപ് അവൾ തെരുവിലെ തിരക്കിലൂടെ നടന്നകന്നുകഴിഞ്ഞിരുന്നു.

മൂന്നു നാല് ദിവസങ്ങളായി ശിവൻ ആനിയെ കണ്ടിട്ട്. എവിടെയാണെന്ന് ഒരു വിവരവുമില്ല. തെരുവിലെ തിരക്കിനിടയിലും താൻ ഒറ്റപ്പെട്ടതുപോലെ അയാൾക്കനുഭവപ്പെട്ടു. പെട്ടന്ന് തോളിൽ ഒരു കൈ വന്നു പതിച്ചത് ശിവൻ അറിഞ്ഞു. അയാൾ തിരിഞ്ഞുനോക്കി. ഒരു കയ്യിൽ ഒരു പത്രവും മറുകയ്യിൽ ഒരു പോസ്റ്റ് കവറുമായി റഹീം ഇക്ക നിൽക്കുന്നു. നിർനിമേഷനായി ശിവൻ റഹീം ഇക്കയുടെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു. പോസ്റ്റ് കവർ ശിവന്റെ നേരെ നീട്ടി അയാൾ പറഞ്ഞു, “ഇത് അന്റെ കയ്യിൽ തരണം ന്ന് പറഞ്ഞ് ആനി രണ്ടു ദിവസം മുൻപ് ഏല്പിച്ചതാണ്.”

ശിവൻ ശീഘ്രം കവർ വാങ്ങി പൊട്ടിച്ചു. അതിനുള്ളിൽ ഒരു കത്ത് അയാളെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.

പ്രിയപ്പെട്ട ശിവന്,
ഒരു ജന്മം മുഴുവൻ നൽകേണ്ട സ്നേഹം ഈ കുറഞ്ഞ ദിവസങ്ങളിൽ നിങ്ങൾ എനിക്കു നൽകി. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച ദിവസങ്ങളായിരുന്നു അവ. ഒരിക്കൽപ്പോലും എന്റെ മുൻ ജീവിതത്തെപ്പറ്റി നിങ്ങൾ എന്നോട് ചോദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അനുഭവങ്ങളുടെ മാറാപ്പ് തുറക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല. അറിഞ്ഞും അറിയാതെയും ഒരുപാട് തെറ്റുകൾ ചെയ്തുകൂട്ടിയ ഈ പെണ്ണിന് ശിവന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ സാധിക്കുകയില്ല. എന്റെ ശരീരം തേടിവന്ന ഒരു പുരുഷനോടും എനിക്ക് വെറുപ്പില്ല, സ്നേഹവുമില്ല. പക്ഷേ ആരോടും തോന്നാത്ത സ്നേഹം എപ്പോഴോ നിങ്ങളോട് തോന്നിപ്പോയി. ആ സ്നേഹത്തിലേക്ക് ഞാൻ നിങ്ങളെ വലിച്ചടുപ്പിച്ചു. മാപ്പ്.
നിങ്ങളുടെ സ്നേഹം എന്നെ കൂടുതൽ കൂടുതൽ ആർദ്രയാക്കുകയായിരുന്നു. ഇതുവരെയും മനസ്സിനെ മുറിപ്പെടുത്തതിരുന്ന അപകർഷതാബോധം ഇപ്പോൾ എന്നെ കഠിനമായി നോവിക്കുന്നു. ഇനിയും നാം തമ്മിൽ കാണില്ല എന്ന് ഞാൻ ഉറപ്പ് പറയുന്നു. അങ്ങേയറ്റം സന്തോഷത്തോടുകൂടിയാണ് ഞാൻ പോകുന്നത്. നിങ്ങളുടെ പ്രണയം സ്വീകരിക്കാനുള്ള യോഗ്യത ഈയുള്ളവൾക്കില്ല. നിങ്ങൾ പറഞ്ഞത് മുഴുവൻ അംഗീകരിക്കുമ്പോഴും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ എനിക്ക് സാധിക്കുന്നില്ല. എന്നെ അംഗീകരിക്കാൻ നിങ്ങൾക്ക് സാധിക്കും പക്ഷെ, നിങ്ങളുടെ മനസ്സിന്റെ വലിപ്പം നമ്മുടെ സമൂഹത്തിനില്ല. അവർക്കു മുൻപിൽ ഞാൻ പിഴച്ചുപോയവളാണ്, വേശ്യയാണ്. നിങ്ങൾ എനിക്ക് പറഞ്ഞുതരാറുണ്ടായിരുന്ന കഥകൾ പോലെ വെറുമൊരു കഥമാത്രമായിരുന്നു ഞാൻ എന്ന് വിശ്വസിക്കുക. നേരിൽ കണ്ട് നിങ്ങളോട് യാത്ര പറയാൻ എനിക്ക് സാധിക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു കത്ത് എഴുതുന്നത്. നിങ്ങൾ എനിക്കായി വാങ്ങിയ താലിയിലേക്ക് ഒരിക്കൽക്കൂടി നോക്കാൻ എനിക്ക് ധൈര്യമില്ല.
എല്ലാ സ്നേഹത്തോടും കൂടി ഞാൻ യാത്ര ചോദിക്കുകയാണ്. എനിക്ക് ഒരു ആഗ്രഹമുണ്ട്. ആഗ്രഹിക്കാൻ യോഗ്യതയില്ലാത്തവളാണെന്നറിയാം എങ്കിലും ആദ്യമായും അവസാനമായും നിങ്ങളോട് ഞാൻ ആവശ്യപ്പെടുകയാണ്, ഒരിക്കലും എന്നെ അന്വേഷിക്കരുത്. ഒരിക്കലും എന്റെ പിന്നാലെ വരികയും ചെയ്യരുത്. പുനർജന്മങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല, പക്ഷെ ഇപ്പൊ ഞാൻ ആഗ്രഹിച്ചുപോകുന്നു, അടുത്ത ജന്മമെങ്കിലും നിങ്ങളുടെ സ്വന്തമാവാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന്. അങ്ങനെയെങ്കിൽ ഞാൻ കാത്തിരിക്കും, നിങ്ങൾക്കുവേണ്ടി. പറഞ്ഞതോന്നിനും ന്യായീകരണങ്ങളില്ല എന്നറിയാം, എങ്കിലും ഞാൻ തീരുമാനിച്ചു കഴിഞ്ഞു, ഈ വേർപിരിയൽ അനിവാര്യമാണ്. അല്ലെങ്കിൽ ഒരുപക്ഷേ ഞാൻ ഒരു ഭ്രാന്തിയായി പോയേക്കാം എന്ന ഭയം എന്നെ ഭ്രമണം ചെയ്യുന്നു. ഈ കത്ത് വായിക്കുമ്പോഴേക്കും ഞാൻ പൊയ്ക്കഴിഞ്ഞിരിക്കും. ചെയ്തുപോയത്തിനും ചെയ്യാൻ പോകുന്നതിനുമെല്ലാം ഒരിക്കൽക്കൂടി മാപ്പ്.

എന്ന് സ്വന്തം
ആനി

കത്ത് വായിച്ചുകഴിഞ്ഞപ്പോൾ ശിവൻ നിശ്ശബ്ദനായിരുന്നു. നിർവികാരനായി അയാൾ അല്പനേരം കണ്ണുകൾ അടച്ചിരുന്നു. തെരുവിലെ ബഹളങ്ങളൊന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല. ശിവൻ റഹീം ഇക്കയുടെ മുഖത്തുനോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. റഹീം തന്റെ കയ്യിലിരുന്ന പത്രം അയാളുടെ നേർക്ക് നീട്ടി എന്നിട്ട് പറഞ്ഞു, “ഈ പത്രത്തിൽ ഒരു വാർത്ത കണ്ടു. ജ്ജ് അതൊന്ന് നോക്ക്.”
ശിവൻ പത്രം വാങ്ങി. റഹീം ഇക്ക അയാളുടെ തോളിൽ മെല്ലെ കൈ വെച്ചു, പിന്നെ ശിവന് മുഖം കൊടുക്കാതെ തിരിഞ്ഞുനടന്നു. ശിവൻ ധൃതിയിൽ പത്രത്തിന്റെ താളുകൾ മറിച്ചു നോക്കി. പെട്ടന്നാണ് ഉള്ളിലുള്ള ഒരു പേജിലെ ഒരു കോളം വാർത്ത അയാളുടെ കണ്ണിൽ പെട്ടത്. ഒരു നടുക്കത്തോടെയാണ് അയാൾ ആ തലക്കെട്ട് വായിച്ചത്.

“रेलवे ट्रैक से अज्ञात महिला की लाश बरामद” (റെയിൽവേ ട്രാക്കിൽനിന്നും അജ്ഞാത യുവതിയുടെ ശരീരം കണ്ടെത്തി)

ശിവന്റെ കൈകൾ അനിയന്ത്രിതമായി വിറയ്ക്കുന്നുണ്ടായിരുന്നു. കൺപോളകളുടെ കീഴെയുള്ള നേർത്ത ഞരമ്പുകൾ തെളിഞ്ഞുവരികയും, മിഴിക്കോണുകളിൽ കണ്ണുനീർ പടരുകയും ചെയ്തു. തലക്കെട്ടിനു താഴെ നൽകിയിരുന്ന ഫോട്ടോ കാണാൻ പറ്റാത്ത വിധം അയാളുടെ കണ്ണുകൾ നിറഞ്ഞു. ഒരു ദീർഘനിശ്വാസത്തിനു ശേഷം ശിവൻ ഒരിക്കൽകൂടി ആ ഫോട്ടോയിലേക്ക് നോക്കി. ആനി തന്റെ കീറിത്തുടങ്ങിയ ബാഗിൽ സൂക്ഷിച്ചുവെച്ച അവളുടെ അതേ പഴയ ചിത്രം. ഒരിക്കൽ ശിവൻ ആ ചിത്രം തനിക്ക് നൽകുമോ എന്ന് അവളോട് ചോദിച്ചിരുന്നു. അതിനുത്തരമെന്നോണം അവൾ പറഞ്ഞു, “ഈ ചിത്രം എന്നോട് ചോദിക്കരുത്. ഇത് ഞാൻ ആർക്കും കൊടുക്കില്ല. കാരണം, ആനി എന്ന ഞാൻ ഇന്നും ജീവിക്കുന്നു എന്ന് എന്നെ തന്നെ ഓർമ്മിപ്പിക്കാനുള്ള ഒരേയൊരു തെളിവാണ് ഇത്. മരിക്കുവോളം ഞാനിത് സൂക്ഷിച്ചു വെക്കും.” ഇത്രയും പറഞ്ഞുകൊണ്ട് അവൾ പൊട്ടിച്ചിരിച്ചു. ആനിയുടെ ആ ചിരി ശിവന്റെ കാതുകളിൽ നിറഞ്ഞു. കൈകളിൽനിന്നും ആ പത്രം താഴേക്ക് പതിച്ചത് അയാൾ അറിഞ്ഞിരുന്നില്ല. ഒരു കോളം വാർത്തയ്ക്കുള്ളിൽ ഒരു അജ്ഞതയായി അവളുടെ ചിത്രം അവശേഷിച്ചു.

തങ്കയുടെ മരണശേഷം ജന്മനാടിനോട് തോന്നിയ അതേ അകൽച്ച ആനിയുടെ മരണശേഷം ശിവന് ബോംബെ എന്ന മഹാ നഗരത്തോടും തോന്നി. ആനിയുടെ മരണം അയാളെ വല്ലാതെ തളർത്തിക്കഴിഞ്ഞിരുന്നു. ഒരിക്കൽപ്പോലും മെഡിക്കൽ കോളേജിന്റെ മോർച്ചറിയിലെത്തി വികൃതമാക്കപ്പെട്ട ആനിയുടെ മുഖം കാണാൻ അയാൾ തയാറായില്ല. ആനിയുടെ അവസാനത്തെ ആഗ്രഹവും അതുതന്നെ ആയിരുന്നല്ലോ. ഒരു രാത്രിയിൽ ആരോടും പറയാതെ ആ നഗരത്തോടും അയാൾ യാത്ര പറഞ്ഞു. ഒരു സഞ്ചാരിയെപ്പോലെ എത്ര ദേശങ്ങളിൽ അലഞ്ഞു.

ഒരു കർക്കിടക മാസത്തെ രാത്രിയിൽ ആരുമറിയാതെ സ്വന്തം നാട്ടിലേക്ക് ശിവൻ തിരികെ വന്നു. ഇടിഞ്ഞു വീഴാറായ തന്റെ കൂരയുടെ വരാന്തയിൽ അല്പനേരം കിടന്നു, പിന്നെ, വളർന്നുനിൽക്കുന്ന പുൽക്കൊടികളെ വകഞ്ഞുമാറ്റി തങ്കയുടെ കുഴിമാടത്തിൽ ഒരു തിരി കത്തിച്ചു. തന്റെ അമ്മയുറങ്ങുന്ന വെളുത്ത പൂഴിമണൽ ഒരു കൈക്കുമ്പിളിൽ വാരിയെടുത്ത് അയാൾ നെഞ്ചോട് ചേർത്തു. ഒരുതുള്ളി കണ്ണുനീരിന്റെ നനവുമായി അയാൾ ഇരുട്ടിലൂടെ നടന്നു. നേരം പുലരുന്നുണ്ടായിരുന്നു.

കർക്കിടകവാവ് ബലിയിടാൻ അപരിചിതരായ ആളുകൾ എത്തിത്തുടങ്ങി. നിളയുടെ തീരത്ത് അനേകായിരങ്ങളോടൊപ്പം ശിവനും ബലിയിടാനായി ഇരുന്നു. പവിത്രമോതിരം ധരിച്ച് അയാളും ഒരിലക്കീറിൽ ബലി സമർപ്പിച്ചു. ബലിയിടേണ്ടവരെ മനസ്സിലോർക്കാൻ കർമ്മി പറഞ്ഞപ്പോൾ മൂന്ന് പേരുകളാണ് ശിവന്റെ മനസ്സിലേക്ക് കടന്നുവന്നത്. ആദ്യം തങ്ക, മകം നക്ഷത്രം. പിന്നെ ആനി, കാർത്തിക നക്ഷത്രം. ഒടുവിൽ ശിവൻ, തിരുവാതിര നക്ഷത്രം. സ്വന്തം ആത്മാവിനുള്ള ബലിതർപ്പണം സ്വന്തം കരങ്ങളാൽ സമർപ്പിക്കുക. ലോകത്തിന്റെ മുൻപിൽ അക്ഷന്തവ്യമായ പിഴ. പക്ഷെ ശിവനെന്ന മനുഷ്യനെ സംബന്ധിച്ച് ഏറ്റവും അനിവാര്യമായ ഒരു തീരുമാനം. ഇലക്കീറിൽ സമർപ്പിച്ച തർപ്പണവും തലയിൽ വെച്ച് അയാളും പുഴയിലേക്ക് ഓളങ്ങളെ വകഞ്ഞുമാറ്റി ഇറങ്ങി. മൂന്നുവട്ടം മുങ്ങിനിവർന്ന് കരയിലേക്ക് കയറി. ജീവിതത്തിലെ എല്ലാ ജന്മബന്ധങ്ങളും കർമ്മബന്ധങ്ങളും അവസാനിച്ചിരിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. ഇത്രനാളും മനസ്സിനെ നൊമ്പരപ്പെടുത്തിയ പലതും ഉരുകിപ്പോയതായും, താൻ ഒരു തൂവൽപോലെ ഭരമില്ലാത്ത ഒന്നായി രൂപന്തരപ്പെട്ടതുപോലെയും അയാൾക്ക് തോന്നി. സ്വന്തം പേരുപോലും ഉപേക്ഷക്കപ്പെട്ടവനായി, ഭൂതകാലത്തിലേക്ക് ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കാൻ തയാറാകാതെ അയാൾ നടന്നകന്നു.

———————————————————————-
———————————————————————-

നേരം പുലർന്നിരിക്കുന്നു. രാത്രിയിലെ ഇരുട്ട് അതിവേഗം വെളിച്ചത്തിന്റെ ചില്ലകൾക്കു പിന്നിൽ ചേക്കേറുന്നു. ക്ഷേത്രത്തിനുള്ളിലെ നാഴിക മണികളുടെ ആദ്യ മുഴക്കം കേട്ടാണ് അയാൾ കണ്ണു തുറന്നത്. ഒരു രാത്രി മുഴുവൻ ഓർമ്മകളുടെ താഴ്‌വരയിൽ അയാൾ അലയുകയായിരുന്നു. മോക്ഷം തേടി അലയുന്ന ഒരുപാട് ജന്മങ്ങൾ അവിടെയും ഇവിടെയും തന്നെപ്പോലെ കൂനിക്കൂടി ഇരിക്കുന്നത് അയാൾ കണ്ടു. ഓർമ്മകളിൽനിന്നും തിരികെക്കിട്ടിയ ശിവൻ എന്ന പേര് അയാൾക്ക് കടുത്ത ഭാരമായി തോന്നി. ശിവൻ ഓർമ്മകൾ പേറുന്ന ഒരു ഭാണ്ഡം മാത്രമാണ്. മറവിയുടെ ആഴങ്ങളിലേക്ക് അയാൾ ആ ഭാണ്ഡം വലിച്ചെറിയാൻ ആഗ്രഹിച്ചു. പടിക്കെട്ടുകളിൽ വെയിൽ പരക്കുന്നുണ്ടായിരുന്നു. അയാൾ മെല്ലെ എഴുനേറ്റു. യാത്ര തുടരാൻ നേരമായി എന്ന് ആരോ കാതിൽ പതിയെ പറയുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. അയാളുടെ ഹൃദയം മന്ത്രിച്ചുകൊണ്ടിരുന്നു, “ശിവൻ ഒരു കഥമാത്രമാണ്. ഒടുവിലത്തെ പൂർണ്ണവിരാമത്തിനപ്പുറം ആരും ഓർത്തുവെയ്ക്കാനില്ലാത്ത അസംഖ്യം കഥകളിൽ ഒരെണ്ണം മാത്രം.” ഒരു കഥയ്ക്കുമപ്പുറം താൻ ഒന്നുമായിരുന്നില്ല എന്ന തിരിച്ചറിവ് അയാളെ അസ്വസ്ഥനാക്കിയില്ല. ഒരു ചെറു പുഞ്ചിരിയോടെ അയാൾ ആ സത്യത്തെ ഹൃദയത്തിൽ ഏറ്റുവാങ്ങി. ഒരു ദീർഘനിശ്വാസത്തോടെ അയാൾ മെല്ലെ നടന്നു. സ്‌മൃതികൾ കടന്നെത്തി ഉള്ളുപൊള്ളിക്കാത്ത പുതിയ തീരങ്ങൾ തേടി നഗ്നപാദനായി, ഒരിക്കൽപ്പോലും പിന്തിരിഞ്ഞു നോക്കാതെ അയാൾ യാത്ര തുടർന്നു.

ജോർജ്ജ് മറ്റം

യഥാർഥ പേര് ജോർജ്ജ് പി മാത്യു.
തിരുവല്ല മാർത്തോമ കോളേജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാനായി പ്രവർത്തിച്ചു. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും യൂണിവേഴ്സിറ്റി യുവജനോത്സവങ്ങളിലും കവിതാ രചന, കവിതാ പാരായണം, മിമിക്രി തുടങ്ങിയ ഇനങ്ങളിലും, കവിയരങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ തട്ടാരമ്പലം (മറ്റം) സ്വദേശി ആണ്.