അല്‍ക്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടതിന്റെ തിയതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. ബുധനാഴ്ച രാവിലെ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനോ ഇതിനോടു പ്രതികരിച്ചിരുന്നില്ല.
ഫെബ്രുവരിയില്‍ ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു. അല്‍ക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,08,00,000 രൂപ) വാഗ്ദാനം ചെയ്തിരുന്നത്. പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ ഹംസ ബിന്‍ ലാദന് ഉണ്ടെന്നായിരുന്നു കണക്കുകൂട്ടല്‍.
2011-ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സേനയാണ് ലാദനെ വധിക്കുന്നത്. ഈ സമയം ഹംസ ഇറാനില്‍ വീട്ടുതടങ്കലില്‍ ആയിരുന്നെന്നാണു കരുതപ്പെടുന്നത്.
Leave a Reply