കാലഹരണപ്പെട്ട പേജറുകള്‍ എന്‍എച്ച്എസില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനം. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇവ പൂര്‍ണ്ണമായും എന്‍എച്ച്എസില്‍ നിന്ന് നിരോധിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. പേഴ്‌സണല്‍ മെസേജുകള്‍ കൈമാറുന്നതിന് ആദ്യ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന പേജറുകള്‍ 2021ഓടെ പൂര്‍ണ്ണമായും എന്‍എച്ച്എസില്‍ നിന്ന് ഇല്ലാതാകുമെന്ന് ഹാന്‍കോക്ക് വ്യക്തമാക്കി. 130,000 പേജറുകളാണ് എന്‍എച്ച്എസ് ഉപയോഗിക്കുന്നത്. ഇതിന് വര്‍ഷം 6.6 മില്യന്‍ പൗണ്ട് ചെലവാകുന്നുണ്ട്. സൗകര്യപ്രദമാണെന്നതിനാലാണ് ചില ഹെല്‍ത്ത് സര്‍വീസുകള്‍ ഇപ്പോഴും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു വരുന്നത്.
ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് തങ്ങളുടെ ജീവനക്കാര്‍ക്ക് പേജറുകളില്‍ അയക്കുന്ന സന്ദേശങ്ങള്‍ തന്നെ ഫോണിലും അയച്ചു കൊടുക്കാറുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെസേജ് ലഭിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനാണ് ഇപ്രകാരം ചെയ്തിരുന്നത്. മൊബൈല്‍ ഫോണുകളാണ് ഇപ്പോള്‍ അടിയന്തര ആശയവിനിമയത്തിന് ജനങ്ങള്‍ ഉപയോഗിക്കുന്നതെന്നതിനാല്‍ പേജറുകള്‍ ചെലവേറിയതായി മാറിയിട്ടുണ്ട്. നിലവില്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ അതിശയകരമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനിടയില്‍ കാലഹരണപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അവര്‍ക്ക് കടുത്ത നിരാശയായിരിക്കും സമ്മാനിക്കുകയെന്ന് ഹാന്‍കോക്ക് പറയുന്നു.
ജോലി മികവാര്‍ന്ന രീതിയില്‍ ചെയ്യാന്‍ അവര്‍ക്ക് ഏറ്റവും മികച്ച ഉപകരണങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരാതനമായ പേജറുകളില്‍ നിന്നും ഫാക്‌സ് മെഷീനുകളില്‍ നിന്നും മോചനം നല്‍കുന്ന കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കുകയെന്നത് അടിസ്ഥാനപരമായ അവകാശമാണ്. ഇമെയിലുകളും മൊബൈല്‍ ഫോണുകളും കൂടുതല്‍ സുരക്ഷിതവും ചെലവു കുറഞ്ഞതും ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കുമിടയില്‍ വേഗത്തില്‍ ആശയവിനിമയത്തിന് സഹായിക്കുന്നതുമായ സംവിധാനങ്ങളാണ്. ഇത് രോഗികളെ പരിചരിക്കാന്‍ അവര്‍ക്ക് കൂടുതല്‍ സമയം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply