ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
നൈജീരിയ : 2019ൽ നൈജീരിയയിൽ കൊല്ലപ്പെട്ടത് ആയിരത്തോളം ക്രിസ്ത്യാനികളെന്ന് റിപ്പോർട്ട്. ഫുലാനി ഗ്രൂപ്പിന്റെ ആക്രമണത്തിലാണ് ഇത്രയധികം ക്രിസ്ത്യാനികൾ നൈജീരിയയിൽ കൊല്ലപ്പെട്ടത്. ഫുലാനി തീവ്രവാദികളുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങൾ മിഡിൽ ബെൽറ്റിലെ ഗ്രാമീണ കാർഷിക സമൂഹങ്ങളെ ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് യുകെ ആസ്ഥാനമായുള്ള സർക്കാരിതര സംഘടനയായ ഹ്യൂമാനിറ്റേറിയൻ എയ്ഡ് റിലീഫ് ട്രസ്റ്റ് (ഹാർട്ട് ) പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. യുകെ പാർലമെന്റ് അംഗം ബറോണസ് കരോലിൻ കോക്സ് സ്ഥാപിച്ച ലാഭരഹിത സ്ഥാപനമായ ഹാർട്ട്, കഴിഞ്ഞ നവംബർ 18 നാണ് ഈ റിപ്പോർട്ട് പുറത്തുവിടുന്നത്. റിപ്പോർട്ടിന്റെ ഒരു പകർപ്പ് ക്രിസ്റ്റ്യൻ പോസ്റ്റിന് ലഭിക്കുകയുണ്ടായി.
ഫുലാനി ഗ്രൂപ്പ്, ഗ്രാമീണ ഗ്രാമങ്ങളെ ആക്രമിക്കുകയും ഗ്രാമീണരെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുകയും അവരുടെ സ്ഥാനത്ത് സ്ഥിരതാമസമാക്കുകയും ചെയ്യുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഹാർട്ടിന്റെ കണക്കുകൾ പ്രകാരം 2015 മുതൽ 6000ത്തോളം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും 12000 പേർ പലായനം ചെയ്തതായും പറയപ്പെടുന്നു. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ കടുനയിൽ “അഞ്ച് വലിയ ആക്രമണങ്ങൾ” ഉണ്ടായിട്ടുണ്ടെന്നും ഇത് ആകെ 500 മരണങ്ങൾക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഹാർട്ടിന്റെ 1000 മരണ കണക്കെടുപ്പിൽ ബൊർനോ സ്റ്റേറ്റിലെയും ബോക്കോ ഹറാമിളെയും ആക്രമണങ്ങളും ഉൾപ്പെടുന്നു.
നൈജീരിയയിൽ 2018 ൽ 2,400 ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെട്ടുവെന്ന് നൈജീരിയ ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹാർട്ട് തുടർ കണ്ടെത്തലുകൾ നടത്തിയത്. നൂറുകണക്കിന് ആരാധനാലയങ്ങൾ തകർത്തെന്നും ക്രിസ്ത്യൻ സുവിശേഷ പ്രവർത്തകരെ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തിയെന്നും ഹാർട്ട് പറയുന്നു. ക്രിസ്ത്യൻ പീഡനത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയയെന്ന് ഓപ്പൺ ഡോർസ് യുഎസ്എയുടെ 2019 ലെ വേൾഡ് വാച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു.
Leave a Reply