ലണ്ടന്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുകെയിലെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് തട്ടിപ്പുകളില്‍പ്പെട്ട് നഷ്ടമായത് ഒരു ബില്യനിലേറെ പൗണ്ട്. കംപെയര്‍ദിമാര്‍ക്കറ്റ് ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് തയ്യാറാക്കിയ കണക്കുകളാണ് സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്ന് വന്‍തുക നഷ്ടമായത് വ്യക്തമാക്കുന്നത്. 2000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. തങ്ങള്‍ സ്വരുക്കൂട്ടിയ പണം നഷ്ടമായതോടെ യുകെയിലെ 10ല്‍ ഒരാള്‍ വീതം കാര്‍ഡുകള്‍ ഉപേക്ഷിക്കുകയാണെന്നും വ്യക്തമായി.

ഓണ്‍ലൈന്‍ കാര്‍ഡ് തട്ടിപ്പുകള്‍ക്ക് 50 ലക്ഷത്തോളം ആളുകള്‍ ഇരയായെന്നാണ് കണക്ക്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം നിര്‍ത്തി അവ റദ്ദാക്കുന്നവരുടെ എണ്ണം 5.2 ദശലക്ഷം കടന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷം 4.5 ദശലക്ഷം പേര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ചിരുന്നു. ബ്ലാക്ക് ഫ്രൈഡേ കഴിഞ്ഞ് ഇന്ന് സൈബര്‍ മണ്‍ഡേ വ്യാപാരം നടക്കാനിരിക്കേ ഈ വര്‍ഷം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഏറെയാകാനാണ് സാധ്യതയെന്ന് വെബ്‌സൈറ്റിന്റെ ധനകാര്യ വിഭാഗം മേധാവി ഷക്കീല ഹഷ്മി പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തട്ടിപ്പിനിരയാകുന്ന ഒരാളില്‍ നിന്ന് ശരാശരി 544 പൗണ്ട് വീതം കൊള്ളയടിക്കപ്പെടുന്നുണ്ടെന്നാണ് വ്യക്തമായത്. തട്ടിപ്പുകള്‍ക്ക് ഇരയായി പണം നഷ്ടപ്പെടുന്നവര്‍ക്ക് അത് തിരികെ നല്‍കാനുള്ള വ്യവസ്ഥകള്‍ അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൈബര്‍ കുറ്റങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെയാളുകളും കരുതുന്നത്. പേയ്‌മെന്റ് നടത്തുന്നതിനിടെയാണ് തട്ടിപ്പുകള്‍ ഏറെയും ഉണ്ടാകുന്നതെന്നും വ്യക്തമായിട്ടുണ്ട്.