ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വലിയ ദൂഷ്യമില്ലാത്ത മരുന്നാണ് പാരസെറ്റമോൾ. വേദനാസംഹാരിയ‍ായും പനിമൂലമുള്ള ശരീരതാപം കുറയ്ക്കാനും പാരസെറ്റമോൾ ധാരാളമായി ലോകമൊട്ടാകെ ഉപയോഗിക്കുന്നുണ്ട്. 500 മില്ലിഗ്രാം ഗുളികകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. പനിയുള്ള ആൾക്ക് ദിവസം (24 മണിക്കൂർ) രണ്ടരയോ മൂന്നോ ഗ്രാം വരെ ആവശ്യമനുസരിച്ച് കഴിക്കാം. പരമാവധി 500 മില്ലി ഗ്രാമിന്റെ ആറ് ഗുളികയിൽ കൂടുതൽ കഴിക്കരുതെന്ന് അർത്ഥം. ഉയര്‍ന്ന ഡോസില്‍ സ്ഥിരമായി കഴിച്ചാല്‍ കരളിനെ ബാധിക്കുന്ന തരത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഈ മരുന്ന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഓക്സ്ഫോർഡ് അക്കാദമിക് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കരൾ തകരാറുമായി ബന്ധപ്പെട്ട് പാരസെറ്റമോളിന്റെ പങ്കിനെപ്പറ്റി അന്വേഷിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാരസെറ്റമോൾ അമിതമായി കഴിക്കുന്നതിന്റെ അനുപാതം 1976 ൽ 14.3 ശതമാനത്തിൽ നിന്ന് 1990 ൽ 42 ശതമാനമായി വർദ്ധിച്ചു. 1993ൽ അത് 47.8 ശതമാനം ആയി മാറി. പാരസെറ്റമോളിന്റെ അമിത ഉപയോഗത്തിലൂടെ കരൾ തകരാറിലായ രോഗികളെ 1987 മുതൽ 1993 വരെയുള്ള കാലയളവിൽ സ്പെഷ്യലിസ്റ്റ് ലിവർ ഫെയ് ലിയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 1992 നും 1993 നും ഇടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 80 രോഗികളിൽ 25 പേർക്ക് ഗുരുതരമായ കരൾ രോഗം ഉണ്ടായിരുന്നു. 25 ലധികം ഗുളികകൾ കഴിച്ചതിനെ തുടർന്നാണ് കരൾ തകരാറിലായത്.

പനിവന്നാല്‍ പാരസെറ്റമോളും വേദന വന്നാല്‍ വേദന സംഹാരിയും ഒരു നിയന്ത്രണവുമില്ലാതെ വാങ്ങിക്കഴിക്കുന്നവര്‍ ഇന്ന് ഏറെയാണ്. സ്വയംചികിത്സകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മരുന്ന് കൂടിയാണ് പാരസെറ്റമോള്‍. കൃത്യമായ രോഗനിര്‍ണയം നടത്താതെ മരുന്നുകഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. അമിതമായ ഡോസില്‍ കഴിച്ചാല്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും വൃക്കസ്തംഭനത്തിന് വരെ കാരണമാവുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് ലിവർ ട്രസ്റ്റ് പറഞ്ഞു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന വിഷം കലർന്ന പദാർഥങ്ങളെ നിരുപദ്രവകാരികളാക്കി മാറ്റുന്നതു കരളാണ്. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം തകരാറിലാവാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഞ്ഞപ്പിത്തം, വയറുവേദന, കാലുകളിലും കണങ്കാലുകളിലും വീക്കം, വിട്ടുമാറാത്ത ക്ഷീണം, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, മൂത്രത്തിന്റെ നിറത്തിൽ ഉണ്ടാവുന്ന മാറ്റം തുടങ്ങിയവ കരൾ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.