സ്വന്തം ലേഖകൻ

ഹെയർഫോർഡ്ഷയർ : ഹെയർഫോർഡ്ഷയറിലെ മാത്തോൺ ആസ്ഥാനമായുള്ള പച്ചക്കറി ഉല്പാദകരായ എ.എസ്. ഗ്രീൻ ആന്റ് കോയുടെ ഫാമിൽ കൊറോണ വൈറസ് പടർന്നുപിടിച്ചു. എഴുപത്തിമൂന്നോളം തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ മറ്റു 200 തൊഴിലാളികളോട് ഫാമിൽ തന്നെ ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അവർക്ക് ഭക്ഷണവും അവശ്യസാധനങ്ങളും ഹെർഫോർഡ്ഷെയർ കൗൺസിൽ ക്രമീകരിക്കുന്നു. ഫാമിന് എല്ലാവിധ പിന്തുണയും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നൽകിവരുന്നുണ്ട്. മാനേജ്‌മെന്റിന്റെയും ഫാമിലെ സന്ദർശകരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് കമ്പനി അറിയിച്ചു. അതോടൊപ്പം ജീവനക്കാരുടെ ക്ഷേമമാണ് തങ്ങളുടെ മുൻഗണനയെന്ന് അവർ വ്യക്തമാക്കി. ജൂൺ 29 മുതൽ ജൂലൈ 5 വരെ ഒരു ലക്ഷത്തിൽ ശരാശരി രണ്ട് പുതിയ വൈറസ് കേസുകൾ ഹെർഫോർഡ്ഷയറിലുണ്ടാകുന്നുവെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻകരുതൽ എന്ന നിലയിൽ, എ.എസ്. ഗ്രീൻ ആന്റ് കോയിലെ തൊഴിലാളികളെ ഫാമിൽ തന്നെ നിലനിർത്തുകയാണ്., ഓൺ സൈറ്റ് ടെസ്റ്റിംഗ്, സാമൂഹിക അകലം പാലിക്കൽ, ഇൻഡോർ പാക്കേജിംഗ് ഏരിയ എന്നിവ ഉൾപ്പെടെ നിരവധി അണുബാധ നിയന്ത്രണ നടപടികൾ കമ്പനി നടപ്പാക്കിയിട്ടുണ്ടെന്ന് പിഎച്ച്ഇ മിഡ്‌ലാന്റ്സ് ഹെൽത്ത് പ്രൊട്ടക്ഷൻ ഡയറക്ടർ കാറ്റി സ്‌പെൻസ് പറഞ്ഞു. ഫാമിലെ അതിവേഗ പരിശോധന, അണുബാധയുടെ വ്യാപനം നിയന്ത്രിക്കാൻ സഹായമായെന്ന് ഹെയർഫോർഡ്ഷയറിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ കാരെൻ റൈറ്റ് അറിയിച്ചു.

“ഞങ്ങളുടെ ജോലിക്കാരുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന. അവർ കഠിനാധ്വാനികളായ തൊഴിലാളികളാണ്. ഈ പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് ഭക്ഷണം നൽകാൻ അവർ പ്രയത്നിക്കുന്നു.” എ.എസ്. ഗ്രീന്റെ വക്താവ് കൂട്ടിച്ചേർത്തു. കോവിഡ് -19 ഭക്ഷണത്തിലൂടെയോ ഭക്ഷണ പാക്കേജിംഗിലൂടെയോ പകരാൻ സാധ്യതയില്ലെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. അതിനാൽ തന്നെ പൊതുജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ തന്നെ പഴവും പച്ചക്കറിയും വാങ്ങി ഉപയോഗിക്കാം. നിലവിൽ സൈറ്റ് സന്ദർശകർക്കായി അടച്ചിരിക്കുകയാണ്. ജൂലൈ 7 വരെ ഹെയർഫോർഡ്ഷയർ കൗൺസിൽ ഏരിയയിൽ 749 കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.