ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇംഗ്ലണ്ടിലുടനീളമുള്ള കൗൺസിലുകൾ വാഹനത്തിന്റെ മലിനീകരണ തോത് അടിസ്ഥാനമാക്കി പുതിയ ചാർജുകൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നു. ഇതോടെ, ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന കാറുകളുടെ ഉടമകൾക്ക് പാർക്ക് ചെയ്യാൻ കൂടുതൽ പണം നൽകേണ്ടി വരും. എമിഷൻ അടിസ്ഥാനമാക്കി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്ന ലണ്ടനിലെ ഏറ്റവും പുതിയ കൗൺസിലാണ് ലാംബെത്ത്. ഇംഗ്ലണ്ടിലെ മറ്റ് കൗൺസിലുകളിലും നിരക്ക് വർദ്ധന വൈകാതെ പ്രാബല്യത്തിൽ വന്നേക്കാം. ഒരു കാറിന്റെ ടാക്സ് ബാൻഡ്, ഡീസൽ സർചാർജ് ഉണ്ടോ എന്നതാശ്രയിച്ച് ലാംബെത്തിൽ ഒരു മണിക്കൂർ പാർക്ക് ചെയ്യുന്നതിന് ഇപ്പോൾ 26 വ്യത്യസ്ത ചാർജുകൾ ഉണ്ട്.

സൗത്ത് ലണ്ടനിലെ വാട്ടർലൂ സ്റ്റേഷന് സമീപമുള്ള ഒരു പാർക്കിംഗ് ബേയിൽ ഇപ്പോൾ മണിക്കൂറിന് £6.30 നും £13.23 നും ഇടയിലാണ് ചാർജ്ജ് ഈടാക്കുന്നത്. ആപ്പിലൂടെ പണമടയ്ക്കുന്നു. യൂറോ 6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു ഡീസൽ വാഹനത്തിന് 140 പൗണ്ട് അധിക വാർഷിക സർചാർജ് നൽകണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെയ്‌ 30 -ന് ചാർജ്ജുകളെ പറ്റി നടത്തിയ കൺസൾട്ടേഷനിലെ 2,900-ത്തിലധികം പ്രതികരണങ്ങളിൽ, 59% പേർ നിർദ്ദേശങ്ങളെ എതിർത്തു. എന്നാൽ, വായുവിന്റെ ഗുണനിലവാരം ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാണെന്നും വിപുലമായ ഇടപെടലുകൾ ആവശ്യമാണെന്നും പ്രസ്താവിച്ചുകൊണ്ട് എതിർപ്പുകൾക്കിടയിലും ലാംബെത്ത് മാറ്റങ്ങൾ നടപ്പിലാക്കി.

RingGo, PayByPhone പോലുള്ള ആധുനിക പാർക്കിംഗ് ആപ്പുകൾ മലിനീകരണ തോത് ഉയർന്ന വാഹനങ്ങൾക്ക് ഉയർന്ന നിരക്ക് ഈടാക്കാനുള്ള സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നതായി വ്യവസായ വിദഗ്ധർ പറഞ്ഞു. ഈ ആപ്പുകൾക്ക് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് അതിന്റെ ടാക്സ് ബാൻഡ് തിരിച്ചറിയാനാകും.