ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ മുതിർന്നവരിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതായി തെളിഞ്ഞു. 56 മുതൽ 69 വരെ പ്രായമുള്ളവരിൽ മാത്രമല്ല, 70നു മുകളിലുള്ളവർക്കും വാക്സിൻ ഫലപ്രദമാണെന്നാണു സ്ഥിരീകരണം. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് അസ്ട്രാസെനക ഉത്പാദിപ്പിക്കുന്ന ഈ വാക്സിന്റെ അവസാനഘട്ട പരീക്ഷണഫലം ആഴ്ചകൾക്കുള്ളിൽ പുറത്തുവരുമെന്നാണു കരുതുന്നത്.
പ്രശസ്തമായ ലാൻസെറ്റ് മെഡിക്കൽ ജേർണൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തതനുസരിച്ച് മരുന്നുപരീക്ഷണത്തിന്റെ പ്രാഥമിക വിവരങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്. പരീക്ഷണത്തിനായി നൽകിയ ഡോസ് പ്രായമായവരിലും രോഗപ്രതിരോധ പ്രതികരണം സൃഷ്ടിച്ചുവെന്നാണു കണ്ടെത്തൽ. ആരോഗ്യമുള്ള 560 സന്നദ്ധപ്രവർത്തകരിലാണ് ChAdOx1 nCoV-19 എന്ന പേരിലുള്ള മരുന്നുപരീക്ഷിച്ചത്. ഇതിൽ 240 പേർ 70 വയസിനു മുകളിലുള്ളവരായിരുന്നു. മൂന്നാംഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ വാക്സിന് ഒപ്പമെത്താൻ ആസ്ട്ര-ഓക്സ്ഫഡ് വാക്സിന് കഴിയുമോ എന്നതിനുള്ള അന്തിമപരിശോധനകളാണ് ഇനി ബാക്കിയുള്ളത്.
അടുത്തമാസത്തോടെ പ്രതിരോധ വാക്സിൻ വിതരണത്തിനെത്തിക്കാനാകുമെന്ന് കഴിഞ്ഞദിവസം ഫൈസർ പറഞ്ഞിരുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകരത്തിനുവേണ്ടിയുള്ള ശ്രമത്തിലാണിപ്പോൾ ഫൈസർ. മറ്റൊരു യുഎസ് കന്പനിയായ മോഡേണയുടെ വാക്സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.
Leave a Reply