ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് ഹോസ്പിറ്റല്‍ ട്രസ്റ്റിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കുമെന്ന് എന്‍എച്ച്എസ് നേതൃത്വം. ക്യാന്‍സര്‍ ചികിത്സയിലെ സുപ്രധാനമായ ഒരു ഘട്ടം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെയാണ് എന്‍എച്ച്എസ് രംഗത്തെത്തിയിരിക്കുന്നത്. ഇത് രോഗികള്‍ക്ക് ദോഷകരമാകുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആരോപിക്കുന്നത്. ക്യാന്‍സര്‍ സ്‌കാനിംഗ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാനുള്ള ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ തീരുമാനമാണ് വിവാദമായിരിക്കുന്നത്. ഈ നീക്കത്തില്‍ നിന്ന് ട്രസ്റ്റ് അടിയന്തരമായി പിന്‍മാറണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ നീക്കത്തിനെതിരെ ഡോക്ടര്‍മാരും എംപിമാരും രോഗികളും രംഗത്തെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ട്രസ്റ്റിന് വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു. അസാധാരണ സംഭവമായാണ് ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ എന്‍എച്ച്എസ് സോളിസിറ്ററായ ഡിഎസി ബീച്ച്‌ക്രോഫ്റ്റ് ട്രസ്റ്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്‍ഹെല്‍ത്ത് എന്ന സ്വകാര്യ കമ്പനിയെ പെറ്റ് സ്‌കാനിംഗ് നടത്തിപ്പിനുള്ള ചുമതല ഏല്‍പ്പിക്കാന്‍ നേരത്തേ എന്‍എച്ച്എസ് ഇംഗ്ലണ്ട് തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയും കഴിഞ്ഞയാഴ്ച ഈ തീരുമാനത്തില്‍ നിന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പിന്തിരിയുകയും ചെയ്തു. രണ്ട് പെറ്റ് സ്‌കാനറുകള്‍ ട്രസ്റ്റിന്റെ ചര്‍ച്ചില്‍ ഹോസ്പിറ്റലില്‍ തന്നെ നിലനിര്‍ത്തിയിരുന്നു.
പിന്നീട് ഇന്‍ഹെല്‍ത്തിനു തന്നെ പെറ്റ് സ്‌കാനിംഗ് നടത്താന്‍ ആശുപത്രി അനുവാദം നല്‍കുകയായിരുന്നു. ഇപ്പോള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് നടത്തുന്ന നീക്കത്തിനെതിരെ പ്രദേശത്തെ എംപിയും ലേബര്‍ അംഗവുമായ ആന്‍ലീസ് ഡോഡ്‌സ് രംഗത്തെത്തിയിട്ടുണ്ട്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ നീക്കം സംശയകരമാണെന്ന് അവര്‍ പറഞ്ഞു.
Leave a Reply