കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജരജനെ സിബിഐ പ്രതി ചേര്‍ത്തു. യുഎപിഎ 18-ാം വകുപ്പും ജയരാജനു മേല്‍ ചുമത്തിയിട്ടുണ്ട്. ഇരുപത്തഞ്ചാം പ്രതിയായാണ് ജയരാജനെ കേസില്‍ ഉള്‍പ്പെടുത്തിയത്. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതിനാല്‍ അറസ്റ്റ് ഉടന്‍തന്നെയുണ്ടാകുമെന്നാണ് സൂചന. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി സിബിഐ രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ജയരാജന്‍ ഹാജരായിരുന്നില്ല. മുന്‍കൂര്‍ ജാമ്യത്തിന് തലശേരി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു ജയരാജന്‍ ചെയ്തത്.
എന്നാല്‍ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നായിരുന്നു സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നും സിബിഐ അറിിച്ചു. പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്നു കാട്ടി കോടതി ജയരാജന്റെ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളി. അതിനു ശേഷമാണ് സിബിഐ ജയരാജനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

ആറുമാസം മുമ്പ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും കോടതി തള്ളിയിരുന്നു. രണ്ടാമത്തെ മുന്‍കൂര്‍ ജാമ്യ ഹര്‍്ജി തള്ളിയതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ജയരാജനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്ന കതിരൂര്‍ സ്വദേശിയായ മനോജിനെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ട്.