ന്യൂസ് ഡെസ്ക്

പശ്ചിമഘട്ടത്തിന്റെ സംരക്ഷണം സംബന്ധിച്ച ഗാഡ് ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിച്ചതിന്റെ പേരിൽ തന്നെ സമൂഹത്തിലും പാർട്ടിയിലും ഒറ്റപ്പെടുത്താൻ സംഘടിതമായ ശ്രമം നടന്നെന്ന് പി ടി തോമസ് എം.എൽ.എയുടെ വെളിപ്പെടുത്തൽ. വൈദികരുടെ നേതൃത്വത്തിൽ തന്റെ ശവഘോഷയാത്ര വരെ നടത്തി. കോൺഗ്രസ് പാർട്ടിയിലും ഒറ്റപ്പെടുത്താൻ ശ്രമം ഉണ്ടായെങ്കിലും പാർട്ടി തള്ളിപ്പറഞ്ഞില്ല. അഭിപ്രായത്തിൽ  ഉറച്ചു നിന്നതിനാൽ തനിക്ക് ഇടുക്കി പാർലമെന്റ് സീറ്റ് നിഷേധിച്ചു. തൃക്കാക്കര എം.എൽ.എ പി.ടി തോമസ് ഒരു മാധ്യമ അഭിമുഖത്തിൽ മനസ് തുറക്കുന്നു.

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച സജീവമാകുകയും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുകയും ചെയ്തപ്പോള്‍ അതിന് അനുകൂലമായി നിലപാടെടുത്ത് പൊതുസമൂഹത്തോട് സംസാരിച്ച രാഷ്ട്രീയ നേതാവാണ് താങ്കള്‍. എങ്ങനെയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് പ്രസക്തമായ രേഖയാണെന്ന നിലപാടിലേക്ക് താങ്കള്‍ തുടക്കത്തില്‍ തന്നെ എത്തിയത്?

ഗാഡ്ഗില്‍ കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് അന്നത്തെ കേന്ദ്രമന്ത്രി ജയറാം രമേഷ് എന്നോട് പാര്‍ലമെന്റില്‍വെച്ച് സംസാരിച്ചിരുന്നു. അതിന് ശേഷം പശ്ചിമഘട്ട മേഖലയിലെ എംപിമാരുടെ യോഗം ജയറാം രമേഷ് വിളിച്ചുചേര്‍ക്കുകയുണ്ടായി. പ്രൊഫസര്‍ ഗാഡ്ഗിലും അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ഗോവ മുതല്‍ കന്യാകുമാരി വരെയുള്ള എം പിമാരുടെ യോഗമായിരുന്നു അത്. 40 പേരോളം യോഗത്തില്‍ പങ്കെടുത്തു. ഒരു ദിവസം നീണ്ടുനിന്ന യോഗം. അന്ന് ഞാന്‍ തന്നെ എന്റെ നിരവധി സംശയങ്ങള്‍ ഗാഡ്ഗിലിനോട് ചോദിക്കുന്നുണ്ട്. അക്കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. അതോടൊപ്പം നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്ന ഖനനം ഒരു വലിയ പ്രശ്നമാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. ഇടുക്കിയില്‍ ജീവിക്കുന്ന മനുഷ്യന്‍ എന്ന നിലയില്‍ അവിടുത്തെ കാലാവസ്ഥ വ്യതിയാനവുമെല്ലാം അറിയുന്ന ആള്‍ എന്ന നിലയിലും ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അനിവാര്യമാണെന്നും ഉള്ള തിരിച്ചറിവും എനിക്കുണ്ടായി. അതിന്റെ പശ്ചാത്തലത്തിലാണ് കമ്മിറ്റി റിപ്പോര്‍ട്ടിനെ കൈമെയ് മറന്ന് പിന്തുണച്ചത്. കമ്മിറ്റി റിപ്പോര്‍ട്ട് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ബൈബിള്‍ ആണെന്ന് പറയാം. നമ്മള്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും അതിന് ഇരയാക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ വര്‍ഷാവര്‍ഷം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കുന്ന തുകയുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോള്‍, സംരക്ഷണ പ്രവര്‍ത്തനം നടത്തുകയാണ് കൂടുതല്‍ ലാഭകരം എന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നതായിരുന്നു അന്നത്തെയും ഇന്നത്തെയും എന്റെ വ്യക്തമായ അഭിപ്രായം.

ഇത്തരം ഒരു നിലപാട് താങ്കള്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുകയാണ് ചെയ്തത്. ക്രൈസ്തവ സഭയും അതിനെ എതിര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയും ശക്തമായി എതിര്‍ത്തു. പക്ഷെ താങ്കള്‍ നിലപാടില്‍ ഉറച്ചുനിന്നു.

ശരിയെന്ന് തോന്നുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയെന്നതാണ് എന്റെ ഒരു ബോധ്യം. എത്ര ശക്തമായ എതിര്‍പ്പുകളുണ്ടായാലും നേരിടുകയെന്നതാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളികളഞ്ഞുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നെ അത്ഭുതപ്പെടുത്തിയത് പ്രകൃതി സംരക്ഷണമുള്‍പ്പെടെയുള്ള എല്ലാ കാര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന, പരിഷത്തിനെയൊക്കെ പിന്‍പറ്റി പ്രകൃതി സംരക്ഷണത്തിന്റെയൊക്കെ ആളുകള്‍ തങ്ങളാണെന്ന് പറയുന്ന ഇടതുപക്ഷം എന്നുപറയുന്ന ആളുകള്‍ ഗാഡ്ഗില്‍ കമ്മിറ്റിയോട് സ്വീകരിച്ച സമീപനമാണ്. അങ്ങേയറ്റം മോശമായ രീതിയിലായിരുന്നു അവര്‍ ആ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്. ഇടുക്കിയില്‍ ഒരു പാര്‍ലമെന്റ് സീറ്റ് തട്ടിയെടുക്കാനുള്ള അവസരമായാണ് സിപിഐ എം അതിനെ ഉപയോഗിച്ചത്. എത്രമാത്രം തരം താണ നിലപാടായി അതെന്ന് ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് ബോധ്യമാകും.

അതേസമയം എത്രയോ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വ്യക്തിപരമായും അല്ലാതെയും എന്നെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. അവരുടെയൊക്കെ ഒറ്റപ്പെട്ട സ്വരമായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ അത് എനിക്ക് നല്ല ആത്മബലം നല്‍കി. എന്റെ പാര്‍ട്ടിയില്‍നിന്നും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇടുക്കിയില്‍ എന്റെ പാര്‍ട്ടിയില്‍നിന്ന് എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടായി. അതില്‍ ഭാഗികമായി അവര്‍ വിജയിച്ചു. അതിനെ തുടര്‍ന്നാണ് ഇടുക്കി പാര്‍ലമെന്റ് സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായത്. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫിന്റെയും എതിര്‍പ്പുകളുടെ പാശ്ചാത്തലത്തില്‍ ഇടുക്കിയില്‍ എന്നെ മല്‍സരിപ്പിച്ചാല്‍ ഒരു സീറ്റു നഷ്ടമാകുമെന്ന തോന്നലിലാണ് മാറ്റി നിര്‍ത്തിയത്. വണ്ടി പോയി കഴിഞ്ഞിട്ട് കൈകാണിച്ചിട്ട് കാര്യമില്ലെങ്കിലും ഞാന്‍ ഇടുക്കിയില്‍ മല്‍സരിച്ചാല്‍ ജയിക്കുമെന്ന നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ഞാന്‍ അതിന് തയ്യാറുമായിരുന്നു.

പാര്‍ട്ടി കൂടെയില്ലെങ്കിലും ജനങ്ങളെ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവോ?

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒറ്റയടിക്ക് നടപ്പിലാക്കണമെന്നല്ല ഞാന്‍ പറഞ്ഞത്. ഇത് പുറത്തുവന്നതോടെ ഞാന്‍ കട്ടപ്പനയില്‍ ഏകദേശം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഒരു ടൗണ്‍ ഹാളില്‍ യോഗം വിളിച്ചു. ഇടുക്കിയിലെ മുഴുവന്‍ ജനപ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ആ യോഗത്തില്‍ പിന്നീട് സര്‍ക്കാര്‍ നിയമിച്ച ഉമ്മന്‍ വി ഉമ്മന്‍ ഉള്‍പ്പെടെയുളളവരും കെ എം എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞന്‍ ഉള്‍പ്പെടെയുള്ളവരും ഉണ്ടായിരുന്നു. എന്താണ് ഗാഡ്ഗില്‍ കമ്മിറ്റി എന്നും അതിന്റെ കണ്ടന്റ് എന്താണ് എന്നും ചര്‍ച്ചചെയ്യാനായിരുന്നു യോഗം. എന്താണ് ഗാഡ്ഗില്‍ കമ്മിറ്റി എന്നുപോലും അറിയാത്തവര്‍ അഭിപ്രായം പറയുന്ന സാഹചര്യമായിരുന്നു അന്നുണ്ടായത്. അത് എന്താണെന്ന് വിശദീകരിക്കുകയായിരുന്നു ലക്ഷ്യം. ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുകയായിരുന്നു ലക്ഷ്യം. യോഗം പകുതിയായപ്പോള്‍ പള്ളീലച്ചന്‍മാരും കുറച്ചാളുകളും ചേര്‍ന്ന് വന്ന് ബഹളം ഉണ്ടാക്കി. ഗാഡ്ഗില്‍ കമ്മിറ്റിയെക്കുറിച്ച് ഒരു ചര്‍ച്ചയും പാടില്ലെന്ന നിലപാടായിരുന്നു അവര്‍ സ്വീകരിച്ചത്. സംഘര്‍ഷത്തോളം എത്തി. ചിലര്‍ക്ക് എന്താണ് ഈ റിപ്പോര്‍ട്ട് എന്ന് അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ളോഹയിട്ട വൈദികരടക്കമുള്ളവര്‍ ബഹളമുണ്ടാക്കിയത്. യോഗം പിരിച്ചുവിട്ടു. പിറ്റേദിവസം തൊട്ട് ദേവലായങ്ങള്‍ കേന്ദ്രീകരിച്ച് ഞായറാഴ്ചകളിലൊക്കെ ഞാന്‍ ഒരു അന്തിക്രിസ്തുവെന്ന മട്ടില്‍ പ്രചാരണം അഴിച്ചുവിട്ടു. വ്യക്തിപരമായ അധിക്ഷേപങ്ങളുണ്ടായി. എനിക്ക് മുന്തിരിത്തോപ്പുകളുണ്ട്, എനിക്ക് എറണാകുളത്ത് ബഹുനില കെട്ടിടങ്ങളുണ്ട്. ബിസിനസ്സ് ശൃംഖലയുണ്ട്. അതുകൊണ്ട് പിടി തോമസിന് ഇടുക്കിയില്‍നിന്ന് പോയാല്‍ പ്രശ്നമില്ലെന്നൊക്കെയുള്ള പ്രചാരണമായിരുന്നു നടന്നത്. അതിനെതുടര്‍ന്ന് അഞ്ച് സ്ഥലങ്ങളില്‍ എന്റെ ശവഘോഷയാത്ര നടത്തി. ടാബ്ലൊയൊന്നുമല്ല, യഥാര്‍ത്ഥത്തിലുള്ള നാലഞ്ച് വൈദികരുടെ നേതൃത്വത്തിലായിരുന്നു ശവഘോഷയാത്ര. എന്റെ ശവമഞ്ചം വഹിച്ചുകൊണ്ട് പ്രതീകാത്മകമായി കുറേ പേര്‍ അതില്‍ പങ്കെടുത്തു. അതിന്റെ പിറകില്‍ കുന്തിരിക്കം വീശി കൊണ്ട് പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി ശവസംസ്‌ക്കാരം നടത്തുകയും ചെയ്തു. 1200 കിലോ തൂക്കം വരുന്ന പോത്തുകളെ വെട്ടി അവിടെ എത്തിയ ആളുകള്‍ക്ക് സന്തോഷ സൂചകമായി ഭക്ഷണം നല്‍കുകയും ചെയ്തു. അവിടെ എനിക്ക് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു സൃഷ്ടിക്കപ്പെട്ടത്. ഞാന്‍ പങ്കെടുക്കുന്ന മീറ്റിങുകളില്‍, ആദ്യമൊക്കെ പബ്ലിക്ക് മീറ്റിങുകളിലായിരുന്നു ബഹളം. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖരെ സ്വാധീനിച്ചു അവര്‍ കമ്മിറ്റി കൂടുമ്പോഴൊക്കെ പിടി തോമസ് നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേരുമ്പോള്‍ നാലഞ്ച് പേര്‍ ഒഴിച്ച് ബാക്കിയെല്ലാവരും പി ടി തോമസ് ഈ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടുന്ന സാഹചര്യമുണ്ടായി. ഞാന്‍ പറഞ്ഞു എന്റെ നിലപാട് ഞാന്‍ നല്ല ബോധ്യത്തോടെ എടുത്തതാണ്. പാര്‍ട്ടി നടപടി എടുത്താലും നിലപാട് മാറ്റുന്ന പ്രശ്നമില്ലെന്ന് പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവരുമായി ഞാന്‍ സംസാരിച്ചു. അവരൊക്കെ ഒറ്റയ്ക്ക് കാണുമ്പോള്‍ പിടി എടുത്ത നിലപാട് തെറ്റല്ല എന്ന് പറഞ്ഞുവെങ്കിലും പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ അവര്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കഴിഞ്ഞില്ല. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും കഴിഞ്ഞില്ല. ഇടതുപക്ഷ പ്രസ്ഥാനം ഏറ്റവും നീചമായ പ്രചാരണമാണ് നടത്തിയത്. പുരോഗമന കലാസാഹിത്യ സംഘം എനിക്കെതിരെ ഇടുക്കി ജില്ല മുഴുവന്‍ ജാഥ നടത്തി. അവര്‍ ഇപ്പോള്‍ സമ്മതിക്കില്ല. എന്റേയടുത്ത് തെളിവുകളുണ്ട്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും എനിക്കെതിരെ വലിയ പ്രചാരണം നടത്തി. അതേസമയം ഡിവൈഎഫ്ഐയില്‍പ്പെട്ടതും അല്ലാത്തവരുമായ ആളുകള്‍ എനിക്ക് വ്യക്തിപരമായി പിന്തുണ നല്‍കുകയും ചെയ്തു.

പക്ഷെ, ജനങ്ങള്‍ക്കും ആ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉണ്ടായിരുന്നില്ലേ?

200-250 വര്‍ഷക്കാലം ബ്രിട്ടീഷുകാര്‍ മൂന്നാറിലുണ്ടായിരുന്നു. ഒറ്റ ഇരുനില കെട്ടിടം അവര്‍ പണിതിട്ടില്ല. അവര്‍ക്ക് ബുദ്ധിയില്ലാഞ്ഞിട്ടല്ല. ഇപ്പോള്‍ നോക്കൂ, 10 ഉം 15 ഉം നിലയുള്ള ബഹുനിലകെട്ടിടങ്ങളാണ് ഉള്ളത്. തെന്നിമാറുന്ന ഭൂപ്രകൃതിയാണ് മൂന്നാറിലേത്. ബ്രിട്ടീഷുകാര്‍ ബഹുനില കെട്ടിടമുണ്ടാക്കാതിരുന്നത് മണ്ണിന്റെ ഘടന നോക്കിയതുകൊണ്ടാണ്. ഇടുക്കി ജില്ലയില്‍ വീടുവെയ്ക്കരുതെന്നൊന്നും ആരും പറഞ്ഞിട്ടില്ല. ഗാഡ്ഗിലും പറഞ്ഞിട്ടില്ല. കൃഷി ചെയ്യരുതെന്നും പറഞ്ഞിട്ടില്ല. പിന്നെ ആരെയും ഇറക്കി വിടില്ലെന്നും വ്യക്തമാക്കിയതാണ്. ഇക്കാര്യം പല തവണ ഞാന്‍ ഗാഡ്ഗിലുമായി സംസാരിച്ചതാണ്. ഒരു കൃഷിക്കാരനെയും ഇറക്കിവിടേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അതുമാത്രമല്ല, ഈ റിപ്പോര്‍ട്ട് നടപ്പിലാക്കിയ പശ്ചിമഘട്ടത്തിലെ കൃഷി ചെയ്ത ഉത്പന്നങ്ങള്‍ക്ക് വില മുന്നോ നാലോ ഇരട്ടി വര്‍ധിക്കുകയാണ് ചെയ്യുക. അങ്ങനെ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് രാജ്യാന്താര വിപണിയില്‍ വില കൂടുതല്‍ ലഭിക്കും. എന്നാല്‍ പശുവിനെ വളര്‍ത്താന്‍ പറ്റില്ല, കപ്പ ഇടാന്‍ പറ്റില്ല എന്നൊക്കെയായി പ്രചാരണം. കപ്പ ഇടാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ഇടുക്കിക്കാര്‍ പ്രശ്നമുണ്ടാക്കും. ചെരിഞ്ഞ പ്രദേശങ്ങളില്‍ മണ്ണൊലിപ്പുണ്ടാക്കുന്ന വിളകള്‍ നിയന്ത്രിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. കിഴക്കാന്തൂക്കായ പ്രദേശങ്ങളില്‍ ഇപ്പോഴും കപ്പ ഇടുന്നില്ല. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശയില്‍ കിഴക്കാന്തൂക്കായ പ്രദേശങ്ങളില്‍ വര്‍ഷം തോറും മണ്ണിളക്കേണ്ടിവരുന്ന വിളകള്‍ നിയന്ത്രിക്കണമെന്നാണ് പറഞ്ഞത്. അവിടെ മണ്ണൊലിപ്പ് തടയുന്ന വിളകളും മരവും വെച്ചുപിടിക്കണം. അതിനെയാണ് വിളകള്‍ കൃഷിചെയ്യരുത്, പശുവിനെ വളര്‍ത്തരുത്, വീടുകള്‍ക്കെല്ലാം പച്ച പെയിന്റടിക്കണം എന്നിങ്ങനെയൊക്കെ പ്രചാരണം നടത്തിയത്. എന്നിട്ട് ബിഷപ്പ് പള്ളികളില്‍ പ്രസംഗിച്ചത് എന്റെ നേതൃത്വത്തില്‍ കാട്ടുമൃഗങ്ങളെ ഇറക്കിവിട്ടു എന്നാണ്. ഇടുക്കി കാടാക്കിമാറ്റാന്‍ ഞാന്‍ കാട്ടുമൃഗങ്ങളെ ഇറക്കിവിട്ടുവെന്നാണ് പ്രചരിപ്പിച്ചത്. മയില്‍ ഇടുക്കിയില്‍ എത്തിയതിന് കാരണം ഞാന്‍ ഇറക്കി വിട്ടതുകൊണ്ടാണെന്ന് പറഞ്ഞു. ചൂടുകൂടിയ സ്ഥലങ്ങളില്‍ മയിലെത്തും എന്നുപറയാറുണ്ട്. ഇതെല്ലാം ഗാഡ്ഗില്‍ വന്നതുകൊണ്ടാണെന്നാണ് പറഞ്ഞത്.

ഇടുക്കിയില്‍ കാടിന്റെ അളവ് കുറഞ്ഞപ്പോള്‍ കാട്ടാനയൊക്കെ ഇറങ്ങി വന്നു. ഗാഡ്ഗില്‍ പറഞ്ഞത് പരമ്പരാഗതമായി ആനകള്‍ പോയികൊണ്ടിരുന്ന ആനത്താരയില്‍ നിര്‍മ്മാണം ഒഴിവാക്കണമെന്നാണ്. അവിടെ നിര്‍മ്മാണം നടത്തുമ്പോഴാണ് ആനകള്‍ നാട്ടിലേക്ക് ഇറങ്ങിവരുന്നത്. അതിന് ഇവര്‍ പ്രചരണം കൊടുത്തത് കുമളി മുന്നാര്‍ റോഡിന്റെ വലതുവശത്ത് ആരും താമസിക്കാന്‍ പാടില്ലെന്ന രീതിയിലാണ്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷമാണ് വൈദികര്‍ ഇങ്ങനെ പറയുന്നത്. വിശ്വാസി അള്‍ത്താരയില്‍നിന്ന് ഒരു വൈദികന്‍ കള്ളം പറയില്ലെന്നാണ് കരുതുക. അയാളെ കുറ്റം പറയാന്‍ പറ്റില്ല. അപ്പോ പിടി തോമസിനെ കൊല്ലണമെങ്കില്‍ കൊല്ലണം എന്ന് തോന്നും.

അതേസമയം ഇടുക്കി ജില്ലയില്‍ തന്നെയുള്ള ചില വൈദികര്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. പിടി തോമസ് പറയുന്നതാണ് ശരിയെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. കാരണം അവര്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ട്. ബൈബിളില്‍ ഉല്‍പത്തിയില്‍ പറയുന്ന കാര്യം ഈ മനോഹരമായ ഭൂമി നിന്നെ ഏല്‍പ്പിച്ചിരിക്കുന്നത് അത് നശിപ്പിക്കാനല്ല, അത് കാത്ത് പരിപാലിച്ച് അനന്തര തലമുറയ്ക്ക് കൈമാറാനാണെന്നാണ്. അത് നശിപ്പിക്കാന്‍ അധികാരമില്ല. ഈ ഉത്പത്തിയിലെ പ്രഘോഷണമാണ് മാര്‍ക്സും ഗാന്ധിയും ക്വാട്ട് ചെയ്യുന്നത്. ഇടതുപക്ഷം മാര്‍ക്സിനെയൊക്കെ ഉദ്ധരിക്കുകയും ഇവിടെ ഗാഡ്ഗിലിന്റെ കോലം കത്തിക്കുകയുമാണ് ചെയ്യുന്നത്.

എന്തുകൊണ്ടാണ് തലമുറകളെ ബാധിക്കുന്ന ഒരു പ്രശ്നത്തില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുണ്ടാവുക?

കോണ്‍ഗ്രസ് പാര്‍ട്ടി എന്റെ നിലപാട് അംഗീകരിച്ചില്ലെന്നതും എനിക്ക് അവിടെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചുവെന്നതും ശരിയാണെങ്കിലും എനിക്കെതിരെ ഒരു നടപടിയുമെടുത്തില്ലെന്നതിന്റെ അര്‍ത്ഥം വ്യത്യസ്ത അഭിപ്രായത്തെ പൂര്‍ണമായും തള്ളിയില്ലെന്നത് തന്നെയാണ്. വി എം സുധീരന്‍ ഒരിക്കല്‍ പറഞ്ഞത് എനിക്ക് തൃക്കാക്കര സീറ്റ് നല്‍കിയത് ഇടുക്കിയില്‍ പിടി തോമസിനെ സംരക്ഷിക്കാന്‍ കഴിയാത്തിന്റെ പശ്ചാത്താപത്തെ തുടര്‍ന്നാണെന്നാണ്. അങ്ങനെയാണ് അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. എന്നെ അന്ന് സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വി എം സുധീരന്‍ പറഞ്ഞത്. അത് ശരിയായിരിക്കാം. കോണ്‍ഗ്രസ് എന്നെ തള്ളിപറഞ്ഞില്ല. അത് ജനാധിപത്യ ബോധം കൊണ്ടാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ഇടതുപക്ഷത്തിന്റെ നിലപാടിനെ പുച്ഛത്തോടെയാണ് കാണേണ്ടത്. ഒരു സീറ്റിനുവേണ്ടി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുമെന്ന് ഞാന്‍ കരുതിയില്ല. താമരശ്ശേരി ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. സഭ പലപ്പോഴും, അതിന്റെ എല്ലാ പിന്തിരിപ്പന്‍ സ്വഭാവം ഉള്ളപ്പോഴും, പല നവോത്ഥാന നടപടികളും സ്വീകരിച്ചിട്ടുണ്ട്. യേശു ക്രിസ്തു വിപ്ലവകാരികയായിരുന്നു. അതിന് ഉപോല്‍ബലകമായി പല വൈദികരും പ്രവര്‍ത്തിച്ചിട്ടുമുണ്ട. ദീപിക പത്രത്തില്‍ തുടര്‍ച്ചയായി എത്ര ലേഖനങ്ങളാണ് ശുദ്ധ കള്ളത്തരങ്ങള്‍ പ്രസിദ്ധീകരിച്ചത്. അത്ര മോശപ്പെട്ട ലേഖനങ്ങളാണ് ദീപിക പ്രസിദ്ധീകരിച്ചത്. വ്യാജ പ്രചാരണങ്ങള്‍ ഇതോടൊപ്പം എടുത്തുപറയേണ്ടതുണ്ട്.

എന്തുകൊണ്ടാണ് പ്രതിപക്ഷം ഒരു പ്രകൃതി ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്.

എന്റെ നിലപാട് വ്യക്തിപരമായാണ് പറയുന്നത്. എനിക്ക് പിണറായി സര്‍ക്കാരിന് ഒട്ടും ആത്മാര്‍ത്ഥതയുണ്ടെന്ന് തോന്നുന്നില്ല. ദുരന്തത്തിനിടയില്‍ അത് വിളിച്ചുപറഞ്ഞില്ലെന്നേയുള്ളൂ. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ എത്രയെന്നുവരെ കേരളം കണ്ടുപിടിച്ചിട്ടില്ല. കോടാനുകോടി രൂപ കൊണ്ട് ഇപ്പോഴത്തെ പ്രശ്നം ഒന്നും പരിഹരിക്കില്ല. മുഖ്യമന്ത്രിയെ വെറുതെ കുറ്റപ്പെടുത്തുകയല്ല. കേന്ദ്ര സര്‍ക്കാരില്‍നിന്ന് കിട്ടേണ്ട ദുരിതാശ്വാസത്തെക്കുറിച്ചാണ മുഖ്യമന്ത്രി പറയുന്നത്. ദുരിതാശ്വാസത്തിന് എടുക്കേണ്ട നടപടികളെക്കുറിച്ച് നയത്തില്‍ പറയുന്നുണ്ട്. അതില്‍ ഒന്നെങ്കിലും കേരളം നടപ്പിലാക്കിയിട്ടില്ല.

ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിവന്നാല്‍ പോലും അതിന്റെ ആഘാതം എത്രയാകും, എത്ര പേരെ ഒഴിപ്പിക്കേണ്ടിവരും. അങ്ങനെ ഒരു സംഗതിയും ചെയ്തിട്ടില്ല. ദുരന്ത നിവാരണ അതോറിറ്റി പറയുന്ന ഒന്നും നടപ്പിലാക്കിയിട്ടില്ല. ആലുവ, പറവുര്‍ പെരിയാര്‍ മേഖലയില്‍ ഒഴുകി വരുന്ന വെള്ളത്തിന്റെ വര്‍ധിച്ച അളവിന്റെ കണക്കുണ്ടോ? വെറുതെ പെരിയാര്‍ ഇങ്ങനെ ഒഴുകി വരികയല്ല ചെയതത്. ഇടുക്കി ഡാമിന്റെ പരമാവധി ഉയരുമ്പോള്‍ മന്ത്രി പറഞ്ഞത് ഞാന്‍ ആഹ്ളാദഭരിതനാണെന്നാണ്. എന്തുകൊണ്ടാണ് അദ്ദേഹം ആഹ്ലാദഭരിതനാകുന്നത്. കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതു കൊണ്ട്.

കാലവര്‍ഷത്തില്‍ ഒരിക്കലും ഇടുക്കി നിറഞ്ഞിട്ടില്ല. ഡാമില്‍ ആരും വെള്ളം പിടിച്ചുനിര്‍ത്തില്ല. കഴിഞ്ഞവര്‍ഷം നല്ല കാലവര്‍ഷം ആയിരുന്നു. ഈ വര്‍ഷവും അങ്ങനെയായിരുന്നു പ്രവചനം. കാലവര്‍ഷത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തിയാല്‍ തുലാവര്‍ഷത്തില്‍ വെളളം നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കാന്‍ ഒന്നാം ക്ലാസില്‍ പോലും പോകേണ്ടതില്ല. ഇവിടെ സര്‍ക്കാര്‍ എന്തിനാണ് കാലവര്‍ഷത്തെ വെള്ളം പിടിച്ചുനിര്‍ത്തിയത്. ആരുടെ തീരുമാനമായിരുന്നു. ആ ചോദ്യത്തിനുത്തരം പറയണം. അതുകൊണ്ടാണ് ഇതുമനുഷ്യ നിര്‍മ്മിതമാണെന്ന് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. അങ്ങനെ പറയുമ്പോള്‍ അത് പിണറായി വിജയനെ ആക്രമിക്കാനാണെന്നാണ് കരുതരുത്.

പിണറായി വിജയനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ബൂസ്റ്റ് ചെയ്താല്‍ അങ്ങനെയൊന്നും ബൂസ്റ്റാവില്ല. എന്തെങ്കിലും ചെറുവിരലനക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞോ? ചെങ്ങന്നൂരില്‍ സജി ചെറിയാനും പറവൂരില്‍ വി ഡി സതീശനും നിലവിളിച്ചപ്പോഴാണ് പട്ടാളത്തെ പോലും വിളിച്ചത്. പ്രതിപക്ഷ നേതാവും യുഡിഎഫും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്താണ് സര്‍ക്കാര്‍ അത് ചെയ്യാത്തത്. ജുഡിഷ്യല്‍ അന്വേഷണം എന്നുപറഞ്ഞാല്‍ ആ റിപ്പോര്‍ട്ട് വെച്ച് പിണറായി വിജയനെ പിരിച്ചുവിടാന്‍ അല്ലല്ലോ? എന്തെങ്കിലും വീഴ്ചയുണ്ടായോ? അതിനെക്കാള്‍ ഉപരി ഭാവിയില്‍ എന്തെല്ലാം മുന്നൊരുക്കം നടത്തണം എന്ന കാര്യവും അതില്‍ വരും. അതിനാണ് പ്രാധാന്യം. അങ്ങനെ പറയുമ്പോള്‍ ശ്രീനിവാസന്‍ സിനിമയില്‍ പറയുന്നത് പോലെ, എന്നെയാണ് എന്നെ മാത്രമാണ് ഉദ്ദേശിച്ചതെന്ന മട്ടിലാണ് സര്‍ക്കാരിന്റെ പ്രതികരണം. ജുഡീഷ്യല്‍ അന്വേഷണം എന്നാല്‍ നാളെ എന്തൊക്കെ ചെയ്യണം, ഒരേ സമയം മുല്ലപ്പെരിയാറും ഇടുക്കിയും ഭൂതത്താന്‍ കെട്ടും ഇടമലയാറും തുറന്നുവിടേണ്ടിവന്നാല്‍ എന്തുചെയ്യും. നദിയുടെ തീരത്തുള്ളവരെ എന്ത് ചെയ്യണം. ഇത്തരം കാര്യങ്ങള്‍ ആ റിപ്പോര്‍ട്ടിലുണ്ടാവും. തമിഴ്‌നാടുമായി ബന്ധപ്പെട്ട കാര്യം എങ്ങനെയാവണം. ചര്‍ച്ചചെയ്യേണ്ട. പറമ്പിക്കുളം വെള്ളം തമിഴ്നാട്ടില്‍ തുറന്നുവിട്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. അവിടുത്തെ വെള്ളം വാച്ചുമരം എന്ന സ്ഥലത്തുകൂടി ഇടമലയാറില്‍ വരുന്നുണ്ട്. നാല് ദിവസം കഴിഞ്ഞാണ് വാച്ചുമരത്തെ ഷട്ടര്‍ അടച്ചത്. ഇവര്‍ മറന്നുപോയി. അത് നാളെ ആവര്‍ത്തിക്കരുത്. അത് ജുഡീഷ്യല്‍ അന്വേഷണത്തില്‍ വ്യക്തമാകും.

1924ല്‍ കേരളത്തില്‍ ഡാമുകള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ അന്നത്തെ ദുരന്തം ഇന്നുണ്ടാകാന്‍ പാടില്ല. കാരണം വെള്ളം പിടിച്ചുനിര്‍ത്തുന്നതാണല്ലോ ഡാം. പെരിങ്ങല്‍കുത്തിന്റെ മുക്കാല്‍ ഭാഗവും ചെളിയും മറ്റും നിറഞ്ഞിരിക്കുകയാണ്. അപ്പോഴാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ വിഡ്ഢിത്തം പറയുന്നത്. അതിരപ്പിള്ളിയില്‍ ഡാമുണ്ടായിരുന്നെങ്കില്‍ ആഘാതം കുറയുമായിരുന്നുവെന്ന്. പെരിങ്ങല്‍കൂത്തിലെ ചെളി വാരിക്കളഞ്ഞെങ്കില്‍ അതുമതിയായിരുന്നു. അത് പറ്റിയിട്ടില്ല. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നാം തീയതി എന്തുചെയ്യണമെന്നത് സംബന്ധിച്ച് കെഎസ്ഇബി ക്ക് മാസ്റ്റര്‍ പ്ലാനുണ്ട്. ഡാമുകള്‍ എങ്ങനെയാവണമെന്ന നിര്‍ദ്ദേശമുണ്ട്. അത് പാലിച്ചോ? പാലിച്ചെങ്കില്‍ പറയട്ടെ. ഇടമലയാറില്‍ നാലഞ്ച് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയാതെ വെള്ളം പിടിച്ചുനിര്‍ത്തി. അത് തുറന്നുവിട്ടാല്‍ മതിയായിരുന്നു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞത് മൂഴിയാര്‍, കക്കി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കമ്മ്യൂണിക്കേഷന്‍ ഇല്ലായിരുന്നുവെന്നാണ്. വിവരക്കേടാണ് അത്. റാന്നി ടൗണില്‍ വെള്ളം കയറിയത് നോക്കൂ. രാത്രിയാണ് അവിടെ വെള്ളം കയറിയത്. അവര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പകല്‍ റാന്നിയില്‍ വെള്ളം എത്തുന്ന രീതിയില്‍ തുറന്നുവിടാമായിരുന്നു. അത് ചെയ്തില്ല. റെഡ് അലര്‍ട്ട് ചുമ്മാ ഒരു അനൗണ്‍സ്മെന്റ് അല്ല. അതിന് നടപടികള്‍ വേണം. അലര്‍ട്ടിന്റെ കാര്യം അനൗണ്‍സ് ചെയ്ത മൂന്ന് വണ്ടികള്‍ വെള്ളത്തില്‍ പെട്ടിട്ടുണ്ട്. അലര്‍ട്ട് ഫലപ്രദമാണെങ്കില്‍ വണ്ടി വെള്ളത്തില്‍ പോകുമായിരുന്നോ? 1924 ലെ വെളളപ്പൊക്കത്തിന്റെ നാലിലൊന്ന് വെള്ളം ഇപ്പോള്‍ വരാന്‍ പാടില്ല. കാരണം അണക്കെട്ടുകള്‍ ഉള്ളതുകൊണ്ട്. ബാലകൃഷ്ണപ്പിള്ള ചോദിക്കുകയുണ്ടായി അച്ഛന്‍കോവിലാറില്‍ വെള്ളം കയറിയത് അണക്കെട്ടുണ്ടായതുകൊണ്ടാണോ എന്ന്. ശരിയാണ് അണക്കെട്ട് ഉണ്ടെങ്കില്‍ വെള്ളം കയറില്ലായിരുന്നു.

ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതിന് ഒരു കാരണം കുടി പറയാം. ഈ മുന്നാര്‍ സിസ്റ്റത്തിലെ ഡാമുകള്‍ മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങി ഏകദേശം ഒമ്പത് ഡാമുകളാണ്. ഈ ഒമ്പത് ഡാമുകള്‍ ഒന്നൊന്നായി തുറന്നുവിടാന്‍ കഴിഞ്ഞാല്‍ എത്ര വെള്ളം സംഭരിച്ചുനിര്‍ത്താം. ഇനിയുള്ള കാലത്ത് ഈ ഡാമുകള്‍ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളായി മാറും. പുഴയുടെ അടിയില്‍ താമസിക്കുന്നവര്‍ക്ക് ചില അവകാശം ഉണ്ട്. ആ അവകാശം അനുവദിച്ചുകൊടുക്കണം. വര്‍ഷത്തില്‍ ഡാമുകള്‍ തുറക്കണം. വൈദ്യുതി ഉത്പാദനത്തില്‍ പ്രശ്നങ്ങളുണ്ടാകും. അതിന് മറ്റ് വഴികള്‍ തേടണം. ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ പുഴയുടെ അരികില്‍ കൊണ്ടുപോയി വീടുവെയ്ക്കുന്ന സ്വഭാവം മാറും.

നവകേരളത്തിന്റെ നിര്‍മ്മാണത്തിന് ഇനിയെന്ത് ചെയ്യണം എന്നാണ് താങ്കളുടെ നിര്‍ദ്ദേശം? പരിസ്ഥിതി സംരക്ഷണം പോലുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെടുമെന്ന് തോന്നുന്നുണ്ടോ?

അതില്‍ ഒരു പ്രതീക്ഷയും എനിക്കില്ല. ഒരു ഉദാഹരണം പറയാം. ആറ് മാസം മുമ്പാണെന്ന് തോന്നുന്നു നിയമസഭയില്‍ വരള്‍ച്ചയെപ്പറ്റി ചര്‍ച്ച നടക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിന്റെ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഭരണപക്ഷത്തുനിന്ന് എം എല്‍ എമാര്‍ എന്നെ എഴുന്നേറ്റു കൂവുകയായിരുന്നു. ഇനിയും ഇത് അവസാനിപ്പിക്കാന്‍ ആയില്ലേ എന്ന് ചോദിച്ചുകൊണ്ട്. യുവ എം എല്‍ എമാരായിരുന്നു ഇതില്‍ കൂടുതല്‍. മുഖ്യമന്ത്രിയൊക്കെ പുച്ഛത്തോടെ നോക്കി. ആരും പിന്തുണച്ചില്ല. പ്രതിപക്ഷത്തുള്ളവരും പിന്തുണച്ചില്ല. ഒരാളും പിന്തുണച്ചില്ല. എനിക്ക് പറയാനുള്ള അവകാശം പോലും അനുവദിച്ചില്ല. കൂകി ഇരുത്തുകയായിരുന്നു. ഈ നിലപാട് ആരു തുടര്‍ന്നാലും രക്ഷപ്പെടില്ല.

ആദ്യം ഉരുള്‍പൊട്ടിയ 11 സ്ഥലങ്ങളില്‍ പാറമടകളുണ്ടായിരുന്നു. 54 ചെറുതുംവലുതുമായ ഉരുള്‍പ്പൊട്ടലുണ്ടായി. മഹാഭൂരിപക്ഷവും പാറമടലുകളുടെ അടുത്തുനിന്നാണ്. ചിലര്‍ ചോദിക്കുന്നത് കാട്ടില്‍ ഉരുള്‍ പൊട്ടിയല്ലേ എന്നാണ്. കാട്ടില്‍ താരതമ്യേന കുറവാണ്. കാട്ടില്‍ ഉരുള്‍പ്പൊട്ടുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ നടക്കേണ്ടിയിരുന്നത് സൈലന്റ് വാലിയിലായിരുന്നു. കിഴുക്കാം തൂക്കായ സ്ഥലമാണ് പറമ്പിക്കുളം. അവിടെയും പൊട്ടിയിട്ടില്ല. സ്ഥലങ്ങള്‍ പരിശോധിച്ചുവേണം നിര്‍മ്മാണത്തിന് അനുമതി നല്‍കേണ്ടത്. കഴിയുമെങ്കില്‍ ഹൈറേഞ്ചില്‍ ഇരുനില കെട്ടിടം ഒഴിവാക്കണം. അഥവാ വീടിന് ഒരു മുറി നിര്‍മ്മിക്കണമെങ്കില്‍ ആവാമെന്നല്ലാതെ ബഹുനില കെട്ടിടങ്ങള്‍ പാടില്ല. നവകേരള നിര്‍മ്മാണത്തില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ചട്ടങ്ങള്‍ വേണം. സമുദ്ര നിരപ്പിന് താഴെയുള്ള പ്രദേശങ്ങളിലെങ്ങനെയാവണം നിര്‍മ്മാണം എന്നതിന് നെതര്‍ലാന്റസ് ഒരു മാത്രകയാണെന്നാണ് അറിഞ്ഞത്. വായിച്ചറിഞ്ഞതാണ് ഞാന്‍ പോയിട്ടൊന്നുമില്ല, അത്തരം അനുഭവങ്ങളൊക്കെ മനസ്സിലാക്കണം. അവര്‍ വെള്ളപ്പൊക്കെത്തെ നിയന്ത്രിക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കണം.

ഹൈറെഞ്ച് തന്നെ മൂന്ന് നാല് തരം ഭൂമിയുണ്ട്. തൊടുപുഴ, ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നിവിടങ്ങളില്‍ വ്യത്യസ്ത ഭൂമിയാണ്. അവിടെയൊക്കെ കെട്ടിട നിര്‍മ്മാണത്തിന് വ്യത്യസ്തമായ ചട്ടങ്ങള്‍ ആവശ്യമാണ്. നിയമസഭയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഇക്കാര്യങ്ങള്‍ ഉന്നയിക്കും. അതേസമയം ജനങ്ങള്‍ക്ക് ഭൂമി ഇല്ലാത്തതിന്റെയും മറ്റും പ്രശ്നങ്ങളുമുണ്ട്. അതും പരിഗണിക്കണം. കേരളത്തില്‍ പൊതുവില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഉണ്ടാവണം. ഇപ്പോഴുള്ള ചട്ടങ്ങള്‍ പോലും ലംഘിക്കുകയാണ്. ഉദാഹരണത്തിന് എറണാകുളത്ത് തീപിടുത്തം ഉണ്ടായാല്‍ പകുതി പ്രദേശത്തുപോലും ഫയര്‍ ഫോഴ്സിന്റെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. വാട്ടര്‍ ഫ്രണ്ടേജായിരുന്നു കേരളത്തിലെ വലിയ പരസ്യം. വരപ്പുഴയ്ക്ക് പോകുന്നവഴിക്ക് ഓവര്‍ ബ്രിഡ്ജിന് സമീപം ഒരു കെട്ടിടനിര്‍മ്മാണ കമ്പനിയുടെ പരസ്യമുണ്ട്. നിങ്ങളുടെ സ്വപ്ന ഭവനത്തിനുവേണ്ടിയുള്ള അന്വേഷണം ഇവിടെ അവസാനിക്കുന്നുവെന്നാണ് പരസ്യം. കുറെ വില്ലകള്‍ ഉണ്ട്. ഇപ്പോള്‍ ആ വില്ലകളുടെ താഴെ മുഴുവന്‍ വെള്ളം കെട്ടികിടക്കുകയായിരുന്നു. അതുകൊണ്ട് വാട്ടര്‍ ഫ്രണ്ടേജ് എന്ന സങ്കല്‍പം തന്നെ മാറി.

രാജഭരണകാലത്തുപോലും പുഴയില്‍നിന്ന് ഇത്രമീറ്റര്‍ അകലം പുറമ്പോക്കായി പ്രഖ്യാപിക്കുമായിരുന്നു. ഇന്നതില്ല. തോടുകളും പുഴയും കൈയേറിയിരിക്കുകയാണ്. വില്ലേജ് മാന്വല്‍ എന്ന ഒരു സംഗതിയുണ്ട്. റവന്യുവിന്റെ പ്രധാനപ്പെട്ട രേഖയാണ്. ഇതില്‍ പറയുന്നുണ്ട് വില്ലേജ്മാന്‍ തന്റെ ഏരിയയില്‍ ഒരു മാസത്തിലൊരിക്കല്‍ കൈയേറ്റം ഉണ്ടായോ എന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു വില്ലേജ് മാന്വേല്‍ ഉണ്ട്. ഇത് ചെയ്താല്‍ മതി. അപ്പോള്‍ തന്നെ കുറെ പ്രശ്നങ്ങള്‍ തീരും. അതുപോലെ ചില മരങ്ങള്‍ ഉള്ള സ്ഥലത്ത് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായില്ല എന്നാണറിയുന്നത്. അത് ശാസ്ത്രീയമായി പരിശോധിക്കേണ്ടതാണ്. അവശേഷിക്കുന്ന വന ഭൂമിയാണ് കാര്‍ഡമമം റിസര്‍വ് ഏറിയയില്‍ നിന്നുപോലും മരങ്ങള്‍വെട്ടിമാറ്റാനുള്ള അനുമതിയാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. കൈയേറ്റത്തിന് പിന്തുണയാണ്. ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജിന്റെ കൈയേറ്റങ്ങള്‍ക്ക് നല്‍കിയ പിന്തുണ.

അതുപോലെ മുന്നാറിലെ പ്ലം ജൂഡി എന്ന റിസോര്‍ട്ട്. അവിടെയാണ് ഉരുള്‍പൊട്ടലുണ്ടായി വിദേശികള്‍ ഇറങ്ങി ഓടുന്നത് നമ്മള്‍ കണ്ടത്. ഈ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ സബ്കലക്ടറും ഇടുക്കി കലക്ടറും പറഞ്ഞതാണ്. പക്ഷെ ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞാണ് തുറന്നുകൊടുത്തത്. ഇതിന് ഹൈക്കോടതി സമാധാനം പറയണം. എന്തുകൊണ്ടാണ് നിയമങ്ങള്‍ സംരക്ഷിക്കുന്ന കോടതി പ്ലം ജൂഡിപോലുള്ള റിസോര്‍ട്ട് തുറക്കണമെന്ന് പറയുന്നത്. കോടതിയ്ക്കും മാറ്റം വേണം. ഭാഗ്യം കൊണ്ടാണ് നേരത്തെ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍നിന്ന് രക്ഷപ്പെട്ടത്. പള്ളിവാസലിന്റെ പെന്‍സ്ററോക്ക് പൈപ്പിന്റെ ഒരു കിലോ മീറ്റര്‍ പരിധി യില്‍ ഒരു കെട്ടിടം പോലും ഉണ്ടായിരുന്നില്ല. ഇന്നത്തെ അവസ്ഥയെന്താണ്. ബഹുനിലകെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. അതുള്‍പെടെയുള്ള ഫയല്‍ മുഖ്യമന്ത്രി ഓഫീസില്‍ ഒരു വര്‍ഷത്തിലേറെയായി പൂഴ്ത്തിവെച്ചിരിക്കുകയാണ്. പ്ലം ജൂഡിഉള്‍പ്പെടെയുള്ള ഫയലാണ് പൂഴ്ത്തി വെച്ചത്. ഒരുവര്‍ഷമായില്ലേ, ഫയല്‍ പ്രസവിച്ചോ എന്ന് നോക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നെ ആക്രമിക്കുകയായിരുന്നു.

ഈ അപകടം കേരള ജനതയെ എല്ലാതരം ഭിന്നതകളില്‍നിന്നും യോജിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം അപകടങ്ങള്‍ക്ക് തടയിടാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലുള്ള കാര്യങ്ങള്‍ വേണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വങ്ങള്‍ക്ക് ധാരണയുണ്ടാകണം. ഉണ്ടായാല്‍ നന്നായി.