ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റിഷി സുനക്കിന്റെ ബജറ്റിൽ പുകയില ഉത്പന്നങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ സിഗരറ്റിന്റെ വില ഉയർന്നു. 20 സിഗരറ്റുകളുടെ ഒരു പാക്കറ്റിന്റെ വില 13.60 പൗണ്ടായാണ് ഉയർന്നത്. 88 പെൻസിന്റെ വർദ്ധനവ്. വിലകുറഞ്ഞ സിഗരറ്റിന്റെ പാക്കറ്റ് വില 63 പെൻസ്‌ ഉയർന്ന് 9.73 പൗണ്ടിലെത്തി. അതുപോലെ 30 ഗ്രാം പുകയിലയുടെ ഒരു ബാഗിന്റെ വില 8.14 പൗണ്ടില്‍ നിന്നും 9.02 പൗണ്ട് ആയി വർധിച്ചു. മദ്യത്തിന്റെ നികുതിയിൽ ഇളവ് വരുത്തിയ സമയത്ത് തന്നെ പുകയില ഉത്പന്നങ്ങളുടെ നികുതി വർധിപ്പിച്ചതിനെതിരെ പലരും രംഗത്തെത്തി. സർക്കാരിന്റെ തീരുമാനം പരിഹാസ്യമാണെന്ന് ഒരാൾ ട്വിറ്ററിൽ കുറിച്ചു. പുകയിലയുടെ നികുതി നിരക്ക് വർധിപ്പിക്കുന്നത് ചില്ലറ വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുകവലിക്കാരെ മാത്രം ലക്ഷ്യം വച്ചുള്ള നികുതി വർദ്ധനവാണ് എല്ലാ വർഷം നടപ്പിലാക്കുന്നതെന്ന് പുകവലിക്കാരുടെ ഗ്രൂപ്പായ ഫോറസ്റ്റിന്റെ ഡയറക്ടർ സൈമൺ ക്ലാർക്ക് പറഞ്ഞു. പുകവലിക്കുന്നവരിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെന്നും കോവിഡ് പ്രതിസന്ധിക്ക് പിന്നാലെയുള്ള നികുതി വർദ്ധനവ് അവരെ വലയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഈ നടപടിയിലൂടെ പുകവലിക്കാരുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ.

പ്രതിവര്‍ഷം ഏകദേശം 9.96 ബില്ല്യണ്‍ പൗണ്ടാണ് പുകയില നികുതി വഴി സര്‍ക്കാരിന് ലഭിക്കുന്നത്. പുകവലി സംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്കായി എന്‍ എച്ച് എസിന് പ്രതിവര്‍ഷം 2.5 ബില്ല്യണ്‍ പൗണ്ടും ചിലവാകുന്നുണ്ട്. സർക്കാരിന്റെ ഈയൊരു തീരുമാനത്തെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്ന വസ്തുത അറിയാമെങ്കിൽ പോലും ദിവസം ചെല്ലുന്തോറും പുകവലിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ക്യാൻസർ മരണത്തിന് പ്രധാന കാരണം ശ്വാസകോശ അർബുദമാണ്. പുകവലി ശ്വാസകോശ അർബുദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.