ഹോം സ്‌കൂള്‍ പഠനത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ പ്രൈവറ്റ് ട്യൂട്ടര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. സഞ്ജീവ് മിത്തല്‍ എന്ന 49കാരനാണ് ശിക്ഷ ലഭിച്ചത്. മണിക്കൂറിന് 50 പൗണ്ട് വീതം ഫീസ് നല്‍കിയാണ് കുട്ടികളുടെ മാതാപിതാക്കള്‍ ഇയാളുടെ സേവനം തേടിയിരുന്നത്. എട്ടും പത്തും വയസുള്ള കുട്ടികളെയാണ് 11-പ്ലസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനിടയില്‍ ഇയാള്‍ പീഡിപ്പിച്ചത്. എഡ്ജ്ബാസ്റ്റണിലെ സ്വന്തം വീട്ടില്‍ വെച്ചാണ് ഇയാള്‍ കുട്ടികളെ ദുരുപയോഗം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആ കുട്ടിയുടെ വീട്ടില്‍വെച്ചു തന്നെയായിരുന്നു. കുട്ടിയുടെ അമ്മ അടുത്ത മുറിയില്‍ ഉള്ളപ്പോളായിരുന്നു സംഭവം. കൂടുതല്‍ കുട്ടികള്‍ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്.

2016 നവംബര്‍ 24ന് ഒരു കുട്ടിയുടെ മാതാപിതാക്കള്‍ എന്‍എസ്പിസിസിയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ചാരിറ്റി നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. രണ്ട് മണിക്കൂര്‍ നീളുന്ന ട്യൂഷനിടക്ക് തന്റെ പാദങ്ങളിലും കാലുകളിലും ഇയാള്‍ സ്പര്‍ശിക്കുമായിരുന്നെന്ന് ഒരു പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. 2013നും 2015നുമിടയില്‍ മറ്റൊരു പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ അറിയിച്ചു. പെണ്‍കുട്ടിയും ഇയാള്‍ക്കെതിരെ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ജൂണ്‍ 26ന് മിത്തല്‍ അറസ്റ്റിലായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ പേര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ 2017 ജൂണ്‍ 19ന് ഇയാളുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളില്‍ ചിലര്‍ക്ക് തന്നോടുള്ള വിരോധമാണ് ഈ ആരോപണങ്ങള്‍ക്ക് കാരണമെന്നായിരുന്നു മിത്തല്‍ പ്രതികരിച്ചത്. കുറ്റങ്ങള്‍ ഇയാള്‍ നിഷേധിക്കുകയും ചെയ്തു. സ്പര്‍ശനത്തിലൂടെയുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ 9 കൗണ്ടുകള്‍ ഇയാള്‍ക്കെതിരെ ബര്‍മിംഗ്ഹാം ക്രൗണ്‍ കോര്‍ട്ട് കഴിഞ്ഞ വെള്ളിയാഴ്ച ചുമത്തി. ജെഎസ് ഹോം ട്യൂട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു കണക്കില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയായ ഇയാള്‍ സെക്‌സ് ഒഫന്‍ഡേഴ്‌സ് രജിസ്റ്ററില്‍ ഒപ്പുവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.