പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി വിധിക്കെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം ശക്തമാകുന്നു. പർവേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിനു മുൻപു മരിച്ചാൽ മൃതദേഹം വലിച്ചിഴച്ച് ഇസ്‌ലാമാബാദിലെ സെൻട്രൽ സ്ക്വയറിൽ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന വിധിന്യായത്തിലെ പരാമർശം ശിക്ഷ വധിച്ച ജഡ്ജിയുടെ മാനസികനില തകരാറിലാണെന്നാണ് കാണിക്കുന്നതെന്നു പാക്കിസ്ഥാന്‍ ഫെഡറല്‍ നിയമ വകുപ്പ് മന്ത്രി ഫറൂഖ് നസീം പ്രതികരിച്ചു.

വധശിക്ഷ വിധിച്ച ബെഞ്ചിന്റെ തലവൻ പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേത്ത് എഴുതിയ 167 പേജുള്ള വിധിന്യായത്തിലാണ് മുഷറഫിന്റെ മ‍ൃതദേഹം ഡി തെരുവിൽ (‍ഡെമോക്രസി ചൗക്ക്) കെട്ടിത്തൂക്കണമെന്ന വിചിത്ര നിർദേശം. വിധിയിൽ സർക്കാർ അപ്പീൽ പോകുമെന്നും ജഡ്ജിയെന്ന നിലയിൽ തുടർന്ന് വിധിന്യായം പുറപ്പെടുവിക്കുന്നതിൽ നിന്ന് വഖാർ അഹ്മദ് സേത്തിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം ജുഡിഷ്യൽ കൗൺസിലിനെ സമീപിക്കുമെന്നും ഫറൂഖ് നസീം മാധ്യമങ്ങളോട് പറഞ്ഞു.

മുഷറഫിന്റെ വധശിക്ഷയ്ക്കെതിരെ പാക്ക് സൈന്യത്തിൽ അതൃപ്തി പുകയുന്നതിനിടെയാണ് പിന്തുണയുമായി സർക്കാർ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകളും സുപ്രീം കോടതിയും സ്ഥിതിചെയ്യുന്ന തെരുവിൽ മുഷറഫിനെ തൂക്കണമെന്ന വിധിന്യായം തന്നെ ന്യായാധിപന്റെ പ്രതികാരബുദ്ധിയും മതിഭ്രമവുമാണ് കാണിക്കുന്നതെന്നും ഫറൂഖ് നസീം മാധ്യമങ്ങളോട് പറഞ്ഞു.

പെഷാവര്‍ കോടതിയുടെ വിധി ഭരണഘടനാലംഘനമാണെന്ന് അറ്റോര്‍ണി ജനറല്‍ മന്‍സൂര്‍ ഖാന്‍ വ്യക്തമാക്കി. മുഷറഫിന്റെ അസാന്നിധ്യത്തിലായിരുന്നു കോടതി നടപടികളും വിധിപ്രസ്താവവും. മുഷറഫിന് സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നു കുറ്റപ്പെടുത്തിയ മൻസൂർ ഖാൻ മുഷറഫിന് നീതി ലഭിച്ചില്ലെങ്കിൽ ആ അനീതിക്കെതിരെ സർക്കാർ നിലകൊള്ളുമെന്നും വ്യക്തമാക്കി. മുന്‍ സൈനിക ഭരണാധികാരിക്ക് വധശിക്ഷ വിധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ തെഹ്‍രികെ ഇന്‍സാഫ് അടിയന്തര യോഗം ചേർന്നിരുന്നു. നിർഭാഗ്യകരമെന്നായിരുന്നു പ്രധാനമന്ത്രി ഇമ്രാൻഖാൻ വിധിന്യായത്തെ വിശേഷിപ്പിച്ചത്.

നീത്യന്യായ നടപടികളെ പാടെ അവഗണിച്ചുകൊണ്ടാണ് പ്രത്യേക കോടതി രൂപീകരിച്ചതെന്നും സ്വന്തം ഭാഗം വിശദീകരിക്കാനുള്ള മൗലികാവകാശം മുഷറഫിന് നിഷേധിക്കപ്പെട്ടതായും സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പ്രതികരിച്ചു. കേസിൽ ധൃതി പിടിച്ചാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. പ്രാകൃതമായ ഈ ശിക്ഷാ നടപടി അംഗീകരിക്കില്ലെന്നും പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‍വയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ആസിഫ് ഗഫൂർ പ്രതികരിച്ചു. എല്ലാ മൂല്യങ്ങൾക്കും എതിരാണു വിധിയെന്നു ജനറൽ ആസിഫ് ഗഫൂർ പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യസുരക്ഷയ്ക്കായി അങ്ങേയറ്റം പ്രവർത്തിച്ചിട്ടുള്ള ശക്തനായ ഭരണാധികാരിയാണ് മുഷറഫ്. അദ്ദേഹത്തെ രാജ്യദ്രോഹിയെന്നു വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സൈന്യം പ്രസ്താവനയിൽ പറയുന്നു. വിധി പറഞ്ഞ ബെഞ്ചിലെ ഒരംഗമായ സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നസർ അക്ബർ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. 42 പേജുള്ള വിയോജന വിധിയെഴുതിയ അദ്ദേഹം മുഷറഫിന്റെ മൃതദേഹം വലിച്ചിഴച്ച് തൂക്കണമെന്ന നിർദേശത്തോടും വിയോജിച്ചു.

പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണു മുന്‍ സൈനിക മേധാവിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കുന്നതും വധശിക്ഷയ്ക്കു വിധിക്കുന്നതും. 2007 നവംബർ മൂന്നിന് ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014 മാര്‍ച്ച് 31നാണ് പർവേസ് മുഷറഫിനെതിരെ കേസെടുത്തത്. രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി സ്ഥാനമേറ്റ മുഷറഫ് ഇംപീച്ച്മെന്റ് നടപടികൾ ഒഴിവാക്കാനായി 2008ൽ സ്ഥാനമൊഴിഞ്ഞു.

2007ല്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇപ്പോൾ മുഷറഫിന് വധശിക്ഷ വിധിച്ചത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014-ല്‍ വിധി വന്നിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്. അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്.

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും അധികാരത്തിൽ എത്തിയതോടെയാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016-ല്‍ ചികിത്സയ്ക്കായാണ് മുഷറഫ് പാക്കിസ്ഥാന്‍ വിട്ട് ദുബായിലെത്തിയത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മടങ്ങിയിട്ടില്ല.

2017ൽ ബേനസീർ ഭൂട്ടോ വധക്കേസിൽ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പാക്ക് ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു. 2018ൽ അദ്ദേഹത്തിന്റെ ദേശീയ തിരിച്ചറിയൽ കാർഡും പാസ്പോർട്ടും പാക്കിസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു. പാക്ക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും ദുബായിൽ ഉന്നത ബന്ധങ്ങളുള്ള മുഷറഫിനെ നാട്ടിലെത്തിച്ച് വധശിക്ഷ നടപ്പിലാക്കുക എന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. യുഎഇയും പാക്കിസ്ഥാനുമായി കുറ്റവാളി കൈമാറ്റക്കരാർ ഇല്ലാത്തതിനാൽ വധശിക്ഷ നടപ്പാകില്ലെന്നു തന്നെയാണ് മുഷറഫിന്റെ അനുയായികളും വിശ്വസിക്കുന്നതും.