കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന എയര്‍ ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍‌ട്രോള്‍. തങ്ങളുടെ എയര്‍സ്പേസിലേക്ക് എയര്‍ ഇന്ത്യ വിമാനങ്ങളെ സ്വാഗതം ചെയ്യുകയും, ഈ ദുരിതകാലത്ത് വിമാനക്കമ്പനി ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍‍ത്തിക്കുകയും ചെയ്തു.

ഏപ്രില്‍ രണ്ടിനാണ് സംഭവമുണ്ടായത്. ഇന്ത്യയില്‍ കുടുങ്ങിയ യൂറോപ്യന്‍ പൗരന്മാരെയും കൊണ്ട് മുംബൈയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ഫര്‍ട്ടിലേക്ക് പറന്നുയര്‍ന്നതായിരുന്നു എയര്‍ഇന്ത്യ വിമാനം. വിമാനത്തില്‍ ദുരിതാശ്വാസ വസ്തുക്കളും ഉണ്ടായിരുന്നു. പാക് എയര്‍സ്പേസിലെത്തിയപ്പോള്‍ പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടു. അവിടെ നിന്നും വന്ന ആദ്യത്തെ വാക്കുകള്‍ പൈലറ്റുമാരെ അത്ഭുതപ്പെടുത്തി.

അവ ഇങ്ങനെയായിരുന്നു: “അസ്സലാമു അലൈക്കും. കറാച്ചി കണ്‍ട്രോള്‍ എയര്‍ ഇന്ത്യയുടെ റീലീഫ് ഫ്ലൈറ്റുകളെ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ ഫ്രാങ്ഫര്‍ട്ടിലേക്ക് റിലീഫ് സാധനങ്ങളുമായി പോകുന്ന വിമാനമാണോയെന്ന് ഉറപ്പാക്കുക,” അതേയെന്ന മറുപടി കിട്ടിയപ്പോള്‍ പാക് എടിസി ഇങ്ങനെ തുടര്‍ന്നു: “ഈ മഹാമാരിയുടെ കാലത്തും നിങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നല്ലത് വരട്ടെ.” പാക് എടിസി അവസാനിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കറാച്ചിക്കടുത്തുള്ള പാതയിലൂടെ സഞ്ചരിക്കാനുള്ള അനുമതിയും പാകിസ്താന്‍ എടിസി നല്‍കി. ഇതുവഴി 15 മിനിറ്റുനേരത്തെ പറക്കല്‍ ലാഭിക്കാന്‍ എയര്‍ ഇന്ത്യക്കായി.

ഇതിനു ശേഷവും പാക് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായം എയര്‍ ഇന്ത്യ വിമാനത്തിന് ലഭിച്ചു. ഇറാനുമായി അവര്‍ ബന്ധപ്പെടുകയും വിമാനത്തില്‍ നിന്നുള്ള സന്ദേശം നല്‍കുകയും ചെയ്തു. സാധാരണഗതിയില്‍ ഇത്തരം വിമാനങ്ങള്‍ കുറച്ചു മണിക്കൂറുകള്‍ തന്നെ ഇറാനില്‍ ചെലവിടേണ്ടതായി വരും. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍ അതിവേഗം അനുമതി ലഭിച്ചു. മാത്രവുമല്ല, ഒരു എളുപ്പവഴിയിലൂടെ സഞ്ചരിക്കാന്‍ അനുവദിച്ചതായും എയര്‍ ഇന്ത്യ പൈലറ്റുമാര്‍ വ്യക്തമാക്കി.