സ്വന്തം ലേഖകൻ

ഇസ്‌ലാമാബാദ്‌ : കറാച്ചിക്ക്‌ സമീപം പാകിസ്ഥാൻ എയർ ലൈൻസ്‌ വിമാനം 99 യാത്രക്കാരുമായി തകർന്നുവീണു. എയർ ബസ്‌ എ320 വിമാനമാണ്‌ തകർന്നത്‌. കറാച്ചി വിമാനത്താവളത്തിൽ ലാൻഡ്‌ ചെയ്യാൻ മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ്‌ വിമാനം തകർന്നത്‌. 8 പേർ വിമാനജോലിക്കാരാണ്‌. വിമാനത്തിൽ ഉണ്ടായിരുന്ന 107 പേരും കൊല്ലപ്പെട്ടതായി കറാച്ചി മേയർ അറിയിച്ചു. ലാഹോറിൽനിന്ന്‌ കറാച്ചിയിലേയ്ക്ക്‌ വരികയായിരുന്ന വിമാനം ജിന്ന ഗാർഡൻ ജനവാസകേന്ദ്രത്തിലാണ്‌ ‌ തകർന്ന്‌ വീണത്‌. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്‌. നിലംപതിക്കുന്നതിന് മുമ്പ് മൂന്നു തവണ നിലത്തിറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രക്ഷാപ്രവർത്തനത്തിനായി പ്രദേശത്തു പാകിസ്ഥാൻ സൈന്യം സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമാനത്താവളത്തിൽ നിന്ന് രണ്ട് മൈൽ അകലെയുള്ള കോളനിയിലെ ജനസാന്ദ്രതയുള്ള പ്രദേശത്തേയ്ക്കാണ് വിമാനം തകർന്നുവീണത്. ഒരു എഞ്ചിൻ നഷ്ടപ്പെട്ടതായി തകർന്നുവീഴുന്നതിനു മുമ്പ് പൈലറ്റ് അറിയിച്ചതായി എയർ ട്രാഫിക് കൺട്രോൾ പറഞ്ഞു. തകരാറിനെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉറപ്പ് നൽകിയിട്ടുണ്ട്. വിമാനം തകർന്ന് വീണയുടനെ അവശിഷ്ടങ്ങളിൽ തീ പടരുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തന നടപടികൾ തുടർന്നു വരികയാണ്. ഇതിന്റെ ഭാഗമായി കറാച്ചിയിലെ എല്ലാ പ്രധാന ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഹെൽത്ത് ആൻഡ് പോപ്പുലേഷൻ വെൽഫെയർ മന്ത്രാലയം അറിയിച്ചു.

റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുന്നതിന് മുമ്പ് ക്യാപ്റ്റൻ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ) വൃത്തങ്ങൾ അറിയിച്ചു. വിമാനം താഴേക്കിറങ്ങുന്നതിന് ഒരു മിനിറ്റ് മുമ്പ് ആശയവിനിമയം നിലച്ചതായി അവർ ന്യൂസ് വണ്ണിനോട് പറഞ്ഞു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറികിടക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ പാകിസ്‌താൻ നിർത്തിവച്ച വിമാന സർവീസ്‌ മെയ്‌ 16 നാണ്‌ പുനരാരംഭിച്ചത്‌.