ന്യൂഡെല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തേക്കുറിച്ചുള്ള അന്വേഷണത്തിന് ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടും. ആക്രമണത്തില്‍ കൊല്ലപ്പെട്ട നാലു തീവ്രവാദികളുടെ വിവരങ്ങള്‍ അറിയുന്നതിനു വേണ്ടി സഹായം ആവശ്യപ്പെട്ട് ഇന്റര്‍പോളിനു ബ്ലാക്ക് കോര്‍ണര്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അജ്ഞാത മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി പുറപ്പെടുവിക്കുന്ന നോട്ടീസാണ് ബ്ലാക്ക് കോര്‍ണര്‍ നോട്ടീസ്.
ഡി ഐജിയുടെ നേതൃതത്തില്‍ പത്തംഗ എന്‍ഐ എ സംഘം ആക്രമണം നടന്ന പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ തെരച്ചില്‍ നടത്തി. പ്രദേശത്തു നിന്നും ഒരു മൊബൈല്‍ ഫോണ്‍, ബൈനോക്കുലര്‍, എകെ 47 വെടിക്കോപ്പ് തുടങ്ങിയവ കണ്ടെടുത്തു. സംഭവത്തെ തുടര്‍ന്ന് സംശയത്തിലായിരുന്ന ഗുര്‍ദാസ്പുര്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിനെ ഇന്നലെ എന്‍ഐഎ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ചോദ്യം ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയായിട്ടില്ല. സാക്ഷികളെ വിസ്തരിക്കുന്ന പ്രവര്‍ത്തിയും നടന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെ മൂന്നു കേസുകളാണ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്താന്‍കോട്ട് പൊലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടുത്ത ദിവസം നടക്കാനിരിക്കുന്ന ഇന്ത്യാ-പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ചര്‍ച്ചനടക്കുമെന്ന് ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായാണ് വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. പ്രത്യേകാന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് എല്ലാ സഹായവും പാകിസ്ഥാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ചര്‍ച്ചകള്‍ ഒഴിവാക്കാതിരിക്കാന്‍ സമ്മര്‍ദ്ദവുമായി അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളും രംഗത്തുണ്ട്.