സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും സോളാര്‍ കേസിലെ ആരോപണവിധേയന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒരുമിച്ചു വേദി പങ്കിടുന്നു. പാലായില്‍ വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാന കായികമേളയുടെ ഉദ്ഘാടനവേദിയിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. അതേസമയം സോളാര്‍ വിവാദത്തിന്റെ പേരില്‍ ജോസ് കെ. മാണി എം.പിയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയെന്ന വിവാദങ്ങള്‍ നിക്ഷേധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും രംഗത്തെത്തി . സോളാര്‍ കേസിലെ വലിയ പ്രതിയെന്നു മുഖ്യമന്ത്രി തന്ന വാര്‍ത്താസമ്മേളനത്തില്‍ പേര് പറഞ്ഞ ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം മുഖ്യമന്ത്രി വേദി പങ്കിടുമ്പോഴാണ് കേസില്‍ ഉള്‍പ്പെട്ടെന്ന് ആരോപണം മാത്രമുള്ള ജോസ് കെ മാണിയെ ഒഴിവാക്കിയതെന്ന പ്രചരണം എന്നതാണ് കൌതുകം . മുഖ്യമന്ത്രി ഉള്‍പ്പെടെ നാല് മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടി ആയതിനാല്‍ സ്ഥലം എം.എല്‍.എയ്ക്ക് അര്‍ഹമായ പരിഗണന നല്‍കാനാണ് മുന്‍ തീരുമാനം തിരുത്തി കെ.എം. മാണിയെ സ്വാഗത പ്രാസംഗികന് ആക്കിയത് . പകരം ജോസ് കെ മാണിയെ ഒന്നാമത്തെ ആശംസാപ്രാസംഗികനുമാക്കി. സോളാര്‍ വിവാദത്തിന്റെ പേരില്‍ ജോസ് കെ മാണിയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയെങ്കില്‍ പ്രതിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയെ പിന്നെങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതെന്ന ചോദ്യത്തിന് വിവാദത്തിന്റെ സൃഷ്ടാക്കള്‍ക്ക് മറുപടിയില്ല . മുഖ്യമന്ത്രി പിണറായി വിജയന് പുറമേ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് , സ്പോര്‍ട്സ് മന്ത്രി എ സി മൊയ്തീന്, ജില്ലയുടെ സര്‍ക്കാര്‍ ചുമതലയുള്ള മന്ത്രി പകെ രാജു എന്നിവരാണ് ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത് . ഇവരില്‍ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകും . അതോടെ സ്ഥലം എം എല്‍ എ യ്ക്ക് പരിഗണന നഷ്ടമാകുന്നത് ഒഴിവാക്കാനാണ് കെ എം മാണിയെ സ്വാഗത പ്രാസംഗികനാക്കി ജോസ് കെ മാണിയെ ആശ൦സാപ്രാസംഗികനാക്കിയത് . അതാണ് പാലായിലെ മാണി വിരുദ്ധരും പി സി ജോര്‍ജ് വിഭാഗവും എംപിക്കെതിരെ ആഘോഷമാക്കിയത് . 20 ന് വൈകിട്ട് നാലുമണിക്കു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കായികമേളയുടെ ലോഗോ തയാറാക്കിയ വിദ്യാര്‍ഥിയെ ആദരിക്കലാണ് ഉമ്മന്‍ചാണ്ടിയുടെ ചുമതല .
Leave a Reply