ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ രാജകുടുംബത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ സൃഷ്ടിച്ച ഓമിഡ് സ്‌കോബിയുടെ ‘എൻഡ്ഗെയിം ‘ എന്ന പുസ്തകത്തിന്റെ ഡച്ച് വിവർത്തനം പുതിയ ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഹാരി രാജകുമാരന്റെയും മേഗന്റെയും മകനായ ആർച്ചിയുടെ ചർമ്മത്തിന്റെ നിറത്തെ സംബന്ധിച്ച് രാജകുടുംബത്തിൽ തന്നെയുള്ള നിന്നുള്ള രണ്ടുപേർ ആകുലരായിരുന്നുവെന്ന് മേഗൻ മുൻപ് തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഡച്ച് ഭാഷയിൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ, ഈ രണ്ടുപേർ ചാൾസ് രാജാവും കെയ്റ്റും ആണെന്ന് തുറന്നു പ്രസ്താവിച്ചിരിക്കുകയാണ്.
രണ്ടുവർഷം മുൻപ് ഇത്തരം ഒരു ആരോപണം ഉയർന്നു വന്നപ്പോൾ അത് തികച്ചും കഥാസൃഷ്ടി ആണെന്ന് വ്യക്തമാക്കി രാജകുടുംബം തള്ളിക്കളഞ്ഞിരുന്നു. ആരോപണം ശരിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും തന്നെ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുമില്ല. എന്നാൽ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട ഒമിഡ് സ്‌കോബിയുടെ പുസ്തകത്തിന്റെ ഡച്ച് വിവർത്തനത്തിൽ രാജകുടുംബത്തിലെ രണ്ട് മുതിർന്നവരുടെ പേരുകൾ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് വിവാദം വീണ്ടും ഉയർന്നു വന്നിരിക്കുന്നത്. എൻഡ്‌ഗെയിമിന്റെ വിവർത്തന പതിപ്പിൽ പേരുകൾ എങ്ങനെ ഉൾപ്പെട്ടു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഓമിഡ് സ്‌കോബി പറഞ്ഞു. പുസ്തകത്തിൽ കടന്നുകൂടിയ പിശക് കാരണം ഡച്ച് ഭാഷയിൽ നിന്ന് പുസ്തകം പിൻവലിക്കുകയാണെന്ന് പ്രസാധകരായ സാൻഡർ യുറ്റ്ഗെവേർസ് അറിയിച്ചു. ഇത്തരത്തിൽ രാജകുടുംബാംഗങ്ങളുടെ പേരുകൾ എഴുതിയ ഒരു പുസ്തകവും തന്റെ അറിവോടെ പുറത്തിറക്കിയിട്ടില്ലെന്നും, സംഭവത്തിൽ താൻ നിരാശനാണെന്നും ഓമിഡ് സ്‌കോബി പറഞ്ഞു. യുഎന്നിന്റെ കോപ് -28 കാലാവസ്ഥാ ഉച്ചകോടിയിൽ ഉദ്ഘാടന പ്രസംഗം നടത്താൻ രാജാവ് ദുബായിൽ എത്തിയ സന്ദർഭത്തിലാണ് ഇപ്പോൾ പുതിയ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്.
2021 മാർച്ചിൽ ഹാരിയും മേഗനും ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിലാണ് ആദ്യമായി രാജകുടുംബത്തിലെ രണ്ട് പേർ തന്റെ മകന്റെ ചർമ്മത്തിലെ നിറത്തെ സംബന്ധിച്ച് ചോദ്യം ചെയ്തതായി മേഗൻ വെളിപ്പെടുത്തിയത്. എന്നാൽ ഇത്തരം അഭിപ്രായപ്രകടനം നടത്തിയത് ആരാണെന്ന് വെളിപ്പെടുത്തുവാൻ ഇരുവരും വിസമ്മതിച്ചിരുന്നു. എൻഡ്ഗെയിമിന്റെ ബ്രിട്ടീഷ് വേർഷനിൽ ഇത്തരത്തിൽ ആരുടെയും പേരുകൾ രേഖപ്പെടുത്തിയിട്ടില്ല. അതോടൊപ്പം തന്നെ രാജകുടുംബാംഗങ്ങളെ വംശീയവാദികൾ എന്ന ഒരിടത്തും താൻ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സ്‌കോബി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഡച്ച് ഭാഷയിൽ പുറത്തിറങ്ങിയ പുസ്തകം പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
Leave a Reply