ആരോഗ്യവകുപ്പിൽനിന്നു ഹെൽത്ത് സൂപ്രണ്ടായി വിരമിച്ച നാരായണേട്ടനും ഭാര്യ ഇന്ദിരയും നാട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഇരുവരുടേതും അല്ലലില്ലാത്ത ജീവിതവും. എന്നാൽ ശനിയാഴ്ചയോടെ എല്ലാം തകിടം മറിയുകയായിരുന്നു. വിറകുപുരയിൽ നിന്നും ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇരുവരും തീകൊളുത്തി ജീവിതമവസാനിപ്പിച്ചെന്ന് ഇനിയും ആർക്കും വിശ്വസിക്കാനാകുന്നില്ല.
വടക്കേപ്പുരയ്ക്കൽ (ജയശ്രീ നിലയം) നാരായണൻ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് ചാലിശ്ശേരി പെരുമണ്ണൂരിൽ വീടിനോടുചേർന്ന വിറകുപുരയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആരോഗ്യവകുപ്പിൽനിന്നു ഹെൽത്ത് സൂപ്രണ്ടായി വിരമിച്ചയാളാണ് നാരായണൻ. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തീ ഉയരുന്നതുകണ്ട് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പിയിൽനിന്ന് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. നാരായണൻ എഴുതിയതെന്നുകരുതുന്ന ദീർഘമായ ആത്മഹത്യക്കുറിപ്പ് വീട്ടിലെ ഷെൽഫിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങൾ മാനസികമായി അലട്ടിയിരുന്നതായാണ് കത്തിൽ സൂചനയുള്ളത്. തങ്ങളുടെ ഭൂസ്വത്തുക്കൾ, പണം, ബാങ്ക് ബാലൻസ്, സ്വർണം എന്നിവ ആർക്കെല്ലാമാണ് നൽകേണ്ടതെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ എവിടെ സംസ്‌കരിക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ദമ്പതികൾ ആത്മഹത്യയ്ക്കായി തിരഞ്ഞെടുത്ത രീതിയും മരണക്കുറിപ്പുകളും നാട്ടുകാരെ പോലും അത്ഭുതപ്പെടുത്തുകയാണ്. അടുക്കളഭാഗത്തെ വിറക് സൂക്ഷിക്കുന്ന മുറിയിൽ കയറുപയോഗിച്ച് സ്വയം കെട്ടിവരിഞ്ഞനിലയിൽ ഒന്നിച്ചാണ് ഇവരുടെ മൃതദേഹം കിടന്നിരുന്നത്.കൂടാതെ, വാട്ടർ ടാങ്കിലെ മുഴുവൻ വെള്ളവും ചോർത്തിക്കളഞ്ഞ് കാലിയാക്കുകയും ചെയ്തിരുന്നു. ആരെങ്കിലും ഓടിയെത്തിയാലും തീയണയ്ക്കാനുള്ള മാർഗങ്ങളെല്ലാം അടയ്ക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് അനുമാനിക്കുന്നു.
ഷൊർണൂർ ഡിവൈഎസ്പി സുരേഷ്, ചാലിശ്ശേരി സിഐ കെസി വിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ വിറകുപുരയിലും, വീട്ടിനുള്ളിലും വിശദമായ പരിശോധന നടത്തി. തുടർന്ന്, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മക്കൾ: ജയശ്രീ (അങ്കണവാടി വർക്കർ, പൊന്നാനി), സുധ (ഖത്തർ), ചിത്ര. മരുമക്കൾ: രമേശൻ, സുനീഷ്, കൃഷ്ണൻകുട്ടി.
Leave a Reply