ഏഴു മാസം ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവിനെയും ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന വീട്ടമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. എരിമയൂർ മരുതക്കോട് ബിജു (28), എരിമയൂർ മാരാക്കാവ് പുത്തൻവീട്ടിൽ മനോശാന്തി (40) എന്നിവരെയാണ് ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യ, സിഐ ബോബിൻ മാത്യു, എസ്ഐ എം.ആർ അരുൺകുമാർ എന്നിവർ തിരുപ്പൂരിൽവച്ച് അറസ്റ്റ് ചെയ്തത്.
മേയ് 29നു പുലർച്ചെയാണു ബിജുവിന്റെ ഭാര്യ പനയൂർ അത്തിക്കോട് ചന്ദ്രന്റെ മകൾ ഐശ്വര്യ (20) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കെട്ടിട നിർമാണത്തൊഴിലാളിയായ ഭർത്താവ് ബിജുവും കൂടെ പണിചെയ്തിരുന്ന മനോശാന്തിയും തമ്മിലുള്ള അടുപ്പമാണ് ഐശ്വര്യ മരിക്കാൻ കാരണമായതെന്നു ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിരുന്നു. 28നു ബിജുവും മനോശാന്തിയും നാടുവിട്ടതാണ്. ഇരുവരെയും കാണ്മാനില്ലെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു വർഷം മുൻപാണു ബിജുവും ഐശ്വര്യയും വിവാഹിതരായത്. പതിനായിരം രൂപയും 8 പവന്റെ സ്വർണവും സ്ത്രീധനമായി നൽകിയിരുന്നു. ഇതു പോരെന്നു പറഞ്ഞു നിരന്തരമായി ഐശ്വര്യയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
സ്ത്രീധന പീഡനം, ഭാര്യാ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളിലാണു ബിജുവിനെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ മനോശാന്തിയും ഐശ്വര്യയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ടത്ര. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഇവർക്കെതിരെ കേസ്. രണ്ടു പേരെയും ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.
Leave a Reply