നെല്ലായ പേങ്ങാട്ടിരി കാട്ടുകുളത്ത് ഭാര്യയെ വെട്ടേറ്ര് മരിച്ച നിലയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വടക്കാഞ്ചേരി ഓട്ടുപാറ പുന്നാംപറമ്പിൽ രാജന്റെ മകൾ രജുഷ (23)യെയാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെട്ടേറ്ര് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് മണ്ണാർക്കാട് ചങ്ങലീരി താഴത്തേ പുത്തൻവീട്ടിൽ ചാമിയുടെ മകൻ സന്തോഷിനെ (33) വീട്ടിൽനിന്ന് ഒരുകിലോമീറ്റർ മാറി മുണ്ടനാംകുർശിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സന്തോഷിന്റെ ബൈക്കും സമീപത്തുണ്ടായിരുന്നു. രജുഷയെ കൊലപ്പെടുത്തിയ ശേഷം സന്തോഷ് ബെക്കിൽ ഇവിടെയെത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിന്റെ വസ്‌ത്രത്തിൽ രക്തക്കറ പുരണ്ടിട്ടുണ്ടായിരുന്നു. രജുഷയുടെ മൃതദേഹത്തിനടുത്തു നിന്നും മണം പിടിച്ച് പൊലീസ് നായ ഓടിയെത്തിയത് സന്തോഷ് തൂങ്ങിമരിച്ച സ്ഥലത്തായിരുന്നു. ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് രജുഷയെ കൊലപ്പെടുത്തിയത് സന്തോഷാണെന്ന നിലപാടിൽ പൊലീസെത്താൻ കാരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.ഒരുവർഷമായി ഇരുവരും ഇവിടെ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ നാലുദിവസമായി ഇവർ വീട്ടിലില്ലായിരുന്നു. ഇന്നലെ രാവിലെ പത്തോടെയാണ് തിരിച്ചെത്തിയത്. ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്നും നാട്ടുകാർ പറയുന്നു.കഴുത്തിനും കൈക്കുമാണ് രജുഷയ്ക്ക് വെട്ടേറ്റിട്ടുള്ളത്. കൊടുവാളുകൊണ്ടാണ് രജുഷയെ വെട്ടിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷൊർണൂർ ഡിവൈ.എസ്.പി എം.പി.മുരളീധരൻ, ചെർപ്പുളശ്ശേരി സി.ഐ പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമെത്തി തെളിവുകൾ ശേഖരിച്ചു. കുടുംബ കലഹമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നിർമ്മാണ തൊഴിലാളിയാണ് സന്തോഷ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.