സുചിത്രാപിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമുകന് പ്രശാന്തിനെ കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്കോ
ഴിക്കോട് സ്വദേശി പ്രശാന്താണ് പ്രതി. കൊല്ലപ്പെട്ടത് കൊല്ലം മുഖത്തല സ്വദേശി സുചിത്ര പിള്ള. പ്രശാന്തിന്റെയും സുചിത്രയുടെയും ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചു. സുചിത്രയുടെ അക്കൗണ്ടില്‍ നിന്നു പ്രശാന്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ ഒരു കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
കൊല്ലം മുഖത്തല നടുവിലക്കരയിലെ അറിയപ്പെടുന്ന ഒരു കുടുംബമായിരുന്നു ‘ശ്രീവിഹാര്‍ ‘ എന്നത്. അവിടെ റിട്ട. ബിഎസ്എന്‍എല്‍ എന്‍ജിനീയര്‍ ശിവദാസന്‍ പിള്ളയുടെയും റിട്ട. ഹെഡ് മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകപുത്രിയായിരുന്നു സുചിത്ര പിള്ള. കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററില്‍ ബ്യൂട്ടീഷന് ട്രെയിനര്‍ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകള്‍ സുചിത്രയെ കുറച്ചു ദിവസമായി കാണാനില്ല എന്നുകാട്ടി അമ്മ വിജയലക്ഷ്മി ടീച്ചര്‍ ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ ചുവടുപിടിച്ച് നടന്ന വിശദമായ അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് കേരള സമീപകാലത്ത് കണ്ട സമാനതകളില്ലാത്ത അതിക്രൂരമായ ഒരു കൊലപാതകത്തിന്റേതായിരുന്നു.
അമ്മയ്ക്ക് സുഖമില്ല എന്നും പറഞ്ഞുകൊണ്ട് മാര്‍ച്ച് 17 -ന് അക്കാദമിയില്‍ നിന്ന് ഇറങ്ങിയ സുചിത്രയെ പിന്നെ വീട്ടുകാര്‍ കണ്ടിട്ടില്ല. രണ്ടുദിവസത്തേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നു എങ്കിലും 20 -ന് ശേഷം അതും ഉണ്ടായില്ല. അതോടെയാണ് തന്റെ മകളെ കാണാനില്ല എന്നുകാട്ടി ടീച്ചര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. അവര്‍ ആദ്യം പരാതിപ്പെട്ടത് കൊട്ടിയം പൊലീസ് സ്റ്റേഷനിലായിരുന്നു. അവിടെനിന്ന് ത്വരിതഗതിയിലുള്ള അന്വേഷണം ഉണ്ടാകാത്തതിനാല്‍ അവര്‍ അടുത്ത ദിവസങ്ങളില്‍, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന് പരാതി നല്‍കുകയും, കേസ് കമ്മീഷണര്‍ കൊല്ലം ക്രൈം ബ്രാഞ്ചിന് കൈമാറുകയുമുണ്ടായി. എസിപി ഡി ഗോപകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘമാണ് പിന്നീട് കേസ് വിശദമായി അന്വേഷിച്ചത്.
കുപ്രസിദ്ധമായ രഞ്ജിത്ത് ജോണ്സന് വധക്കേസിന്റെ അന്വേഷണത്തിലെ മികവിലൂടെ ശ്രദ്ധേയനായ സൈബര്‍ സെല്‍ എസ് ഐ വി അനില്‍കുമാറിനെ കേസിന്റെ ‘സൈബര്‍’ അന്വേഷണച്ചുമതല ഏല്‍പ്പിച്ചതിനു പിന്നാലെയാണ് നിര്‍ണായകമായ കേസിന് വഴിത്തിരിവുണ്ടായത്. സുചിത്രയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച സൈബര്‍സെല്‍, വടകര സ്വദേശിയായ പ്രശാന്ത് എന്ന ഒരു സംഗീത അധ്യാപകനുമായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സുചിത്ര പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നു മനസിലാക്കുന്നു. അന്വേഷണത്തില്‍ പ്രശാന്തിന്റെ ഭാര്യയുടെ ബന്ധുവാണ് സുചിത്ര എന്ന വിവരം പൊലീസിന് മനസ്സിലാകുന്നു. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുനടത്തിയ വിശകലനത്തില്‍ സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് പ്രശാന്തിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടേമുക്കാല്‍ ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്നുകൂടി മനസ്സിലാക്കിയതോടെ പൊലീസ് അയാളെ ട്രാക്ക് ചെയ്യാന്‍ തുടങ്ങുന്നു. പാലക്കാട് മണലി ശ്രീരാം നഗറില്‍, വിഘ്നേശ് ഭവന്’ എന്നുപേരായ വാടകവീട്ടില്‍ താമസിക്കുന്ന പ്രശാന്ത് എന്ന കീബോര്‍ഡ് അദ്ധ്യാപകനും, അയാളുടെ ഭാര്യയുടെ അടുത്ത സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി ഉടലെടുത്ത ഗാഢമായ അടുപ്പമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തില്‍ പൊലീസ് എത്തി.
രണ്ടുതവണ വിവാഹമോചിതയായ സുചിത്ര ഒരു ചടങ്ങില്‍ വെച്ച് പരിചയപ്പെട്ട പ്രശാന്തുമായി സൗഹൃദത്തിലാവുകയും, താമസിയാതെ സൗഹൃദം പ്രണയത്തിനു വഴിമാറുകയുമായിരുന്നു. താമസിയാതെ സുചിത്രയുമായി ശാരീരികബന്ധവും സ്ഥാപിച്ചുകഴിഞ്ഞിരുന്നു പ്രശാന്ത്. കൊല്ലപ്പെടുന്ന സമയത്ത് സുചിത്ര പ്രശാന്തില്‍ നിന്ന് ഗര്‍ഭിണിയായിരുന്നു എന്നും, ആ ഗര്‍ഭം അലസിപ്പിക്കാന്‍ തയ്യാറാവാതിരുന്നതാണ് പ്രശാന്തിനെ ഈ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത് എന്നുമുള്ള പ്രാഥമിക നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍.
മാര്‍ച്ച് 17 -ന് സുചിത്രയെ താന്‍ നേരിട്ടുചെന്ന് കൂട്ടിക്കൊണ്ടു പോരുകയായിരുന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സുചിത്രയെ പാലക്കാട്ടെ തന്റെ വാടകവീട്ടിലേക്ക് കൊണ്ടുവരാന്‍ സൗകര്യത്തിന് നേരത്തെ തന്നെ പ്രശാന്ത് തന്റെ ഭാര്യയെ കൊല്ലം കൂനമ്പായിക്കുളത്തെ സ്വന്തംവീട്ടിലേക്ക് കൊണ്ടുചെന്നാക്കിയിരുന്നു. അതിനുമുമ്പ് പാലക്കാട്ടെ വീട്ടില്‍ കൂടെയുണ്ടായിരുന്ന സ്വന്തം അച്ഛനമ്മമാരെ വടകരയിലെ അവരുടെ സ്വന്തംവീട്ടിലേക്കും പ്രതി മാറ്റിയിരുന്നു. അതിനു ശേഷം സുചിത്രയെ മണലിയിലെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണുണ്ടായത്.
സുചിത്രയെ തന്നോടൊപ്പം അവിടെ രണ്ടുദിവസം കൂടെ പാര്‍പ്പിച്ചു അയാള്‍. മൂന്നാം ദിവസം, അതായത് മാര്‍ച്ച് 20 -നാണ്, കൊലപാതകം നടത്തിയത്. ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പകല്‍ നടന്ന കലഹത്തിനിടെ, കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്താന്‍ അനുവദിച്ചില്ലെങ്കില്‍ പ്രശാന്തിന്റെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും എന്നു സുചിത്ര പറഞ്ഞതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കിടക്കയ്ക്ക് അടുത്ത് കിടന്നിരുന്ന എമര്‍ജന്‍സി ലാമ്പിന്റെ കേബിള്‍ കഴുത്തില്‍ മുറുക്കി അവരെ കൊലപ്പെടുത്തുന്നതും. കഴുത്തില്‍ വയറിട്ടുമുറുക്കുന്നതിനിടെ സുചിത്രയുടെ അച്ഛന്റെ ഫോണ്‍ വന്നിരുന്നു എങ്കിലും, പ്രശാന്ത് അത് സ്വിച്ചോഫ് ചെയ്തു കളയുകയാണുണ്ടായത്.കാലില്‍ ചവിട്ടിപ്പിടിച്ച്, വയറുകൊണ്ട് ശ്വാസം മുട്ടിച്ച്, മരണം ഉറപ്പിച്ച ശേഷം പുതപ്പിട്ടുമൂടി.
വൈകീട്ട് 6.30 -നും 7.00 -നുമിടയില്‍ നടന്ന ഈ കൊലപാതകത്തിന് ശേഷം പ്രശാന്ത് അതേ വീട്ടിലിരുന്നു തന്നെ രാത്രിയില്‍ അത്താഴം കഴിക്കുകയും മൃതദേഹം കിടക്കുന്ന മുറിക്കടുത്തുള്ള ഹാളില്‍ കിടന്നുറങ്ങുകയും ചെയ്തു. അടുത്ത ദിവസം രാവിലെ പുലര്‍ച്ചയ്ക്കുതന്നെ എഴുന്നേറ്റ പ്രശാന്തിന്റെ മനസ്സില്‍ എങ്ങനെ മൃതദേഹം നശിപ്പിക്കാം എന്നുള്ള ചിന്തകളായി. ഒറ്റയ്ക്ക് അതെടുത്ത് പറമ്പില്‍ കൊണ്ടുപോകുന്നത് റിസ്കാണെന്നു തിരിച്ചറിഞ്ഞ അയാള്‍ മൃതദേഹത്തെ മുറിച്ചു കഷണങ്ങളാക്കാം എന്നുറപ്പിച്ചു. കൊടുവാളുകൊണ്ട് ആദ്യം അറുത്തെടുത്തത് കാല്പാദങ്ങളായിരുന്നു. അതിനു ശേഷം കത്തിയും കൊടുവാളും ഉപയോഗിച്ച് മുട്ടിനു താഴെയുള്ള മാംസം ചെത്തിയെടുത്തു. എല്ലുമാത്രമായായപ്പോള്‍ കാലുകള്‍ മുട്ടില്‍ വെച്ച് ഒടിച്ചെടുത്തു. സുചിത്രയുടെ സ്വര്‍ണ്ണാഭരണങ്ങളും അയാള്‍ ഊരിമാറ്റി. വീടിന്റെ പിറകുവശത്ത് മതിലിനോട് ചേര്‍ന്ന് കുഴിയെടുത്ത് അതിലിട്ടു കത്തിച്ചു കളയാനായിരുന്നു പ്ലാന്‍. അതിനായി നേരത്തെ തന്നെ കുപ്പിയില്‍ രണ്ടുലിറ്ററും, കാനില്‍ അഞ്ചുലിറ്ററും, ബൈക്കില്‍ ഫുള്‍ടാങ്ക് പെട്രോളും പ്രതി കരുതിയിരുന്നു.
അടുത്ത ദിവസം, അതായത് മാര്‍ച്ച് 21 -ന് രാത്രിയായിരുന്നു കത്തിക്കാന്‍ തീരുമാനിച്ചിരുന്നത്. അതിനായി, പുറത്ത് ഇരുട്ടുവീഴുവോളം മൃതദേഹത്തിനരികെ തന്നെ കാത്തിരുന്ന പ്രശാന്ത്, മുറിച്ചെടുത്ത കാലുകളുമായി സന്ധ്യയോടെ വീടിനു പിന്നിലെ വയലിലേക്ക് പോയി. അവിടെ വെച്ച് മണ്ണില്‍ ചെറിയൊരു കുഴിയെടുത്ത് പെട്രോളൊഴിച്ച് അവ കത്തിക്കാന്‍ നോക്കി. എന്നാല്‍, മഴവീണു നനഞ്ഞിരുന്ന മണ്ണില്‍ ആ ശരീരഭാഗങ്ങള്‍ മുഴുവനായി കത്തിത്തീരില്ല എന്നു തിരിച്ചറിഞ്ഞ അയാള്‍, പിക്ക് ആക്സുമായി തിരികെയെത്തി കുഴി വലുതാക്കി മൃതദേഹം മുഴുവനുമായി ചുമന്നുകൊണ്ടുവന്ന് അതിലിട്ടു. തുടര്‍ന്ന് മുകളില്‍ പാറക്കല്ലുകള്‍ അടുക്കിയ ശേഷം മണ്ണിട്ട് കുഴി നിറച്ചു. മൃതദേഹം മറവുചെയ്ത ശേഷം, തിരികെ വീട്ടിനുള്ളിലേക്കുതന്നെ വന്ന പ്രതി, ചുവരിലെയും നിലത്തെയും ചോരക്കറകള്‍ കഴുകിക്കളയാന്‍ ശ്രമിച്ചു.
കൊലപാതകം നടത്തിയ ശേഷം പ്രശാന്ത് പൊലീസിനെ വഴിതെറ്റിക്കാന്‍ വേണ്ടി നടത്തിയത് ‘ദൃശ്യം’ സിനിമയുടെ മോഡലിലുള്ള ശ്രമങ്ങളാണ്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച എമര്‍ജെന്‍സി ലാമ്പിന്റെ വയര്‍ കത്തിച്ച ശേഷം അതിനകത്തെ വള്ളിപോലും മുറിച്ചു മുറിച്ച് പലയിടത്തായിട്ടാണ് പ്രതി കളഞ്ഞത്. വീടിനുള്ളിലെ രക്തക്കറകളെല്ലാം കഴുകിയിറക്കിയ പ്രതി അടുത്ത ദിവസം അവിടെ പെയിന്റും അടിച്ചു. ചുവരില്‍ പലഭാഗത്തുനിന്നും കഴുകിയിറക്കിയിട്ടും പോകാതിരുന്ന ചോരക്കറ ചുരണ്ടിമാറ്റിയതിന്റെ പാടുകളും പൊലീസിന് കണ്ടുകിട്ടി. സുചിത്രയുടെ വസ്ത്രങ്ങളും ബാഗും അയാള്‍ മറ്റൊരിടത്ത് കൊണ്ടിട്ടു കത്തിച്ചു കളഞ്ഞു.
സുചിത്രയും രാംദാസ് എന്ന മഹാരാഷ്ട്രക്കാരനായ ഒരു പുരുഷ സുഹൃത്തും കൂടി പതിനേഴിന് തന്റെ വീട്ടില്‍ താമസത്തിനെത്തി എന്നും, ഇരുപത്തൊന്നാം തീയതി ഇരുവരെയും മണ്ണുത്തിയില്‍ കൊണ്ടുചെന്നു വിട്ടു എന്നുമാണ് പൊലീസിന് പ്രതി ആദ്യം കൊടുത്ത മൊഴി. ഇതിനു ബലം പകരാനായിരുന്നു സുചിത്രയുടെ ഫോണ്‍ മണ്ണുത്തിയിലെത്തിച്ച് നശിപ്പിച്ചു കളഞ്ഞത്. സുചിത്ര തന്റെ ബോംബെക്കാരന് കാമുകനൊപ്പം തിരിച്ചു പോയിക്കാണും എന്നാണ് പ്രശാന്ത് അന്ന് പൊലീസിന് മൊഴി നല്‍കിയത്.
പ്രശാന്തിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ മൊഴികളില്‍ കാര്യമായ വൈരുദ്ധ്യം പൊലീസിന് കാണാനായി. അതോടെ, സൈബര്‍ സെല്ലില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായി നടത്തിയ ചോദ്യം ചെയ്യലില്‍ ഉത്തരം മുട്ടിയ പ്രതി കുറ്റസമ്മതം നടത്തുകയാണുണ്ടായത്. ശേഷം, ഏപ്രില്‍ 30 -ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡുചെയ്യുകയാണുണ്ടായത്. കാണാതായ സുചിത്ര പിള്ള കൊല്ലപ്പെട്ടതാണ് എന്നു പൊലീസ് അറിയിച്ചതോടെ അമ്മ വിജയലക്ഷ്മി ടീച്ചര്‍ നല്‍കിയിരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ക്രൈംബ്രാഞ്ചിന്റെ സ്തുത്യര്‍ഹമായ അന്വേഷണത്തില്‍ ഇതോടെ മറ്റൊരു സങ്കീര്‍ണ്ണമായ കേസ് കൂടി സംശയലേശമെന്യേ തെളിഞ്ഞിരിക്കുകയാണ്.
Leave a Reply