പുതുക്കോട് പാട്ടോലയിലെ റബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു.
അപ്പക്കാട് യാക്കൂബിന്റെ മകൻ അജ്മ (21) ലിന്റെ മരണവുമായി ബന്ധപ്പെട്ടാണ് നാല് പേർ അറസ്റ്റിലായത്. പുതുക്കോട് ചെറുകാഞ്ഞിരക്കോട് രതീഷ് (39), കുന്ന്തെരുവ് അബ്ദുൾ റഹ്മാൻ (19), അപ്പക്കാട് അൻഷാദ് (20), അപ്പക്കാട് ഷാഹുൽ ഹമീദ് (26) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 16 കാരനും പ്രതിയാണ്. കാട്ടുപന്നിയെ പിടിക്കാൻ പ്രതികൾ ഒരുക്കിയ വൈദ്യുതി കെണിയിൽപ്പെട്ടാണ് അജ്മൽ മരണമടഞ്ഞത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടു കൂടി പ്രതികളിൽ രണ്ട് പേർ വൈദ്യുതിക്കെണിയൊരുക്കിയ സ്ഥലത്ത് പോയി നോക്കിയപ്പോൾ അജ്മൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്.
തുടർന്ന് ഒന്നാം പ്രതി രതീഷിന്റെ പെട്ടി ഓട്ടോയിൽ മൃതദേഹം കയറ്റി രണ്ട് കിലോമീറ്റർ അകലെയുള്ള പാട്ടോലയിലെ റബ്ബർ തോട്ടത്തിലുള്ള ചാലിൽ ഉപേക്ഷിക്കുകയായിരുന്നു.
റബർ തോട്ടത്തിൽ വച്ചാണ് ഷോക്കേറ്റതെന്ന് തെറ്റിദ്ധരിക്കാൻ മൃതദേഹത്തിൽ ഇലക്ട്രിക് വയർ കെട്ടുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് നാട്ടുകാർ മൃതദേഹം കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കുറ്റം തെളിഞ്ഞത്.
അജ്മലിന്റെ ചെരുപ്പ് ഷോക്കേറ്റ് കിടന്ന സ്ഥലത്തിന് സമീപത്ത് നിന്നും കിട്ടിയതും അന്വേഷണത്തിന് വഴിതിരിവായി. മരണത്തിൽ ദുരുഹത തോന്നിയതിനെ തുടർന്ന് ഫിംഗർപ്രിന്റും ഡോഗ് സ്ക്വാഡും സയന്റിഫിക് വിഭാഗങ്ങൾ പരിശോധന നടത്തിയിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ ഷോക്കേറ്റാണ് മരണമെന്ന് തെളിഞ്ഞതോടെ അന്വേഷണം പ്രതികളിലേക്കെത്തി. മരിച്ച അജ്മൽ രാത്രി അസമയത്ത് വീടിനു ദൂരെയുള്ള സ്ഥലത്ത് എന്തിന് പോയി എന്നത് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
മേഖലയിൽ വ്യാപകമായി വൈദ്യുതി ഉപയോഗിച്ച് കാട്ടുപന്നികളെ പിടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കേസിലെ ഒന്നാം പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപത്തിയേഴ് കേസുകളുണ്ട്.
തൃശൂർ ചിയ്യാരം സ്വദേശിയായ ഇയാൾ കുറച്ച് കാലമായി പുതുക്കോട്ടെ ഭാര്യവീട്ടിലാണ് താമസം. പ്രതികളുമായി സംഭവസ്ഥലത്ത് പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി.
ഷോക്ക് വയ്ക്കാൻ ഉപയോഗിച്ച കന്പി ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 16 കാരനെ ജുവൈനൽ ജസ്റ്റിസ് മുന്പാകെയും ഹാജരാക്കി.
കുറ്റകരമായ നരഹത്യ, തെളിവ് നശിപ്പിക്കൽ, അനധികൃതമായി പൊതു ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളത്.
ആലത്തൂർ ഡിവൈഎസ്പി കെ. എം ദേവസ്യ, വടക്കഞ്ചേരി ഇൻസ്പെക്ടർ ബി. സന്തോഷ്, സബ്ബ് ഇൻസ്പെക്ടർ എ. അജീഷ്, അഡീഷണൽ എസ്ഐ കെ. ഓമനക്കുട്ടൻ, എഎസ്ഐ കെ. എൻ നീരജ്ബാബു,
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.ആർ രാംദാസ്, എം. ബാബു, ടി.എസ് അബ്ദുൾ ഷെരീഫ്, എസ്. സജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐ എസ.് ജലീൽ, എഎസ്ഐ ടി. ആർ സുനിൽ കുമാർ, റഹീം മുത്തു,
ആർ.കെ കൃഷ്ണദാസ്, യു. സൂരജ്ബാബു, കെ. അഹമ്മദ് കബീർ, കെ. ദിലീപ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Leave a Reply