ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ പാർലമെന്റ് സ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയിൽ ചുവപ്പ് പെയിന്റ് ഉപയോഗിച്ച് അപമാനകരമായ വാക്കുകൾ എഴുതിയ സംഭവത്തിൽ 38 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. വംശീയ വിദ്വേഷം പ്രേരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ എഴുതി പ്രതിമയ്ക്ക് നാശനഷ്ടം വരുത്തിയതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.

പാർലമെന്റ് സ്ക്വയറിലെ വെസ്റ്റ്മിൻസ്റ്റർ പാർലമെന്റ് കെട്ടിടത്തിന് സമീപമുള്ള പ്രതിമയിൽ ചുവപ്പ് പെയിന്റിൽ വിവാദ വാചകങ്ങൾ എഴുതിയതായി പൊലീസ് പറഞ്ഞു. ആക്രമണം നടന്നതിനു രണ്ട് മിനിറ്റിനകം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി. തുടർന്ന് പ്രതിമയ്ക്കു ചുറ്റും സുരക്ഷാ വലയം ഏർപ്പെടുത്തുകയും ഹെറിറ്റേജ് വാർഡൻമാർ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പാർലമെന്റ് സ്ക്വയർ 24 മണിക്കൂറും നിരീക്ഷിക്കുന്ന സംഘമാണ് പൊലീസിനെ വിവരം അറിയിച്ചതെന്നും അധികൃതർ അറിയിച്ചു.

1973-ൽ അനാവരണം ചെയ്ത 12 അടി ഉയരമുള്ള വെങ്കല പ്രതിമ ശിൽപി ഇവർ റോബർട്സ്-ജോൺസ് നിർമിച്ചതാണ്. മുൻ പ്രധാനമന്ത്രിയുടെ ഭാര്യ ക്ലെമെന്റൈൻ ചർച്ചിലാണ് പ്രതിമ അനാവരണം ചെയ്തത്. മുൻപ് 2020-ലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തിനിടെ പ്രതിമയിൽ ‘റേസിസ്റ്റ്’ എന്നെഴുതിയ സംഭവം ഉൾപ്പെടെ നിരവധി തവണ ഇത്തരം സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട് കഴിഞ്ഞ ഡിസംബറിൽ ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ലണ്ടൻ പൊലീസ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് പുതിയ സംഭവം.











Leave a Reply