എല്ലാ കുര്‍ബാനയും തുടങ്ങുന്നത് ‘അന്നാ പെസഹാ തിരുനാളില്‍’ എന്ന ഗാനത്തോടെയാണ്. പെസഹായുടെ ഓര്‍മ പുതുക്കലിലാണ് ദൈവത്തിന്റെ മുന്‍പില്‍ ഓരോ ബലി അഥവാ കുര്‍ബാന ക്രൈസ്തവര്‍ അര്‍പ്പിക്കുന്നത്. കാരണം, പെസഹാ ഒരു ഓര്‍മയാണ്, ഓര്‍മ പുതുക്കലാണ്. പണ്ട് യേശുവും 12 ശിഷ്യന്മാരും ഒരുമിച്ച് കൂടി അവസാനമായി കഴിച്ച അത്താഴത്തിന്റെ ഓര്‍മ പുതുക്കുന്ന ദിവസം.
പക്ഷേ യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ മാത്രമല്ല എനിക്ക് പെസഹാ ദിവസം നല്‍കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് പുറകിലേക്കാണ് എന്റെ ഓര്‍മ പോകുന്നത്. ഈസ്റ്റിനെക്കാളും ഒരുപക്ഷേ ഞാന്‍ അല്ലെങ്കില്‍ ഞങ്ങള്‍ കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്ന ദിവസം പെസഹയായിരുന്നു.
കുട്ടനാട്ടിലെ പുളിങ്കുന്നു എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് എന്റെ ബാല്യകാലം ഞാന്‍ മുന്‍പ് പറഞ്ഞ എന്റെ ഓര്‍മകള്‍ പായുന്ന സ്ഥലം. ഒരു സാധാരണ നെല്പാടങ്ങൾ നിറഞ്ഞ പ്രദേശം . വാര്‍ഷിക പരീക്ഷ കഴിഞ്ഞ് വേനലവധി ആഘോഷിക്കാന്‍ ഞങ്ങള്‍ കൂട്ടുകാരും ബന്ധു വീട്ടുകാരും ഒത്തുചേരുന്ന സമയം. അന്ന് സ്‌കൂള്‍ പൂട്ടുന്നതിനു മുന്‍പ് തന്നെ അവധിക്ക് ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിച്ചു വയ്ക്കും.
പ്രായമായ അമ്മയും (അമ്മയുടെ അമ്മയെ അങ്ങനെയാണ് ഞങ്ങള്‍ എല്ലാവരും വിളിക്കുന്നത്) അപ്പച്ചിയും (അമ്മയുടെ അച്ഛന്‍) പലതരം പലഹാരങ്ങളുണ്ടാക്കി കൊച്ചുമക്കള്‍ക്കായി കാത്തിരിക്കുകയാവും. അയല്‍വക്കത്തെ കുട്ടികളും ഞങ്ങള്‍ സഹോദരങ്ങളുമെല്ലാം കൂടി ഒരു പത്തു പതിനഞ്ചു പേരെങ്കിലും കാണും. പിന്നെ ചൂണ്ടയിടിലും കുളംവറ്റിച്ചു മീൻപിടത്തവും പുഴയില്‍ കുളിച്ചു തിമിര്‍ത്ത് നടക്കും. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് എല്ലാ വര്‍ഷവും ഈസ്റ്ററും പെസഹായുമെല്ലാം എത്തുന്നത്. അതേ സമയത്ത് മാങ്ങയും ചക്കയും കമ്പിളി നാരങ്ങയും ചാമ്പങ്ങയും എല്ലാം ഞങ്ങള്‍ക്കുവേണ്ടിയെന്നപോലെ കായ്ച്ചു ചിരിച്ചു നില്‍ക്കുന്നുണ്ടാകും.
ദിവസങ്ങള്‍ പെട്ടെന്ന് കടന്ന് പോകും. അങ്ങനെ കരുത്തോല കൈയിലേന്തി ഓശാനയും കടന്നുപോകും. പിന്നെ പെസഹായ്ക്കുളള കാത്തിരിപ്പാണ്. പെസഹാ ആകുമ്പോഴേക്ക് തറവാട്ടില്‍ എല്ലാവരും എത്തും. എത്ര ദൂരെയാണെങ്കിലും മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാവരും പെസഹാ അപ്പം മുറിക്കാന്‍ മുടങ്ങാതെ വരും.
പെസഹായുടെ അന്ന് രാവിലെ പളളിയില്‍ പോയാല്‍ വേഗം ചെന്ന് നടുഭാഗത്തായി ഇരിക്കാന്‍ സ്ഥലം പിടിക്കും. യേശുവിന്റെ പ്രതീകമായ അച്ഛന്‍ വന്ന് കാലുകഴുകല്‍ ശുശ്രൂഷയ്ക്കായി കുമ്പിട്ട് 12 ശിഷ്യന്മാര്‍ക്ക് പകരം ഇടവകയില്‍ നിന്നും തിരഞ്ഞെടുത്തവരുടെ പാദങ്ങള്‍ കഴുകി ചുംബിക്കും. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുമായി പള്ളിയില്‍ രണ്ടു ഭാഗമുണ്ട്. അതില്‍ പെണ്ണുങ്ങളുടെ വശത്തായിരിക്കും എപ്പോഴും തിരക്ക് കൂടുതല്‍. ആണുങ്ങള്‍ പലരും പളളിയുടെ പുറത്തും ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരായതുകൊണ്ട് അവിടെ നിന്നു കൂര്‍ബാന കൂടും.
പറഞ്ഞുവന്നത്, ഈ കാലുകഴുകല്‍ കാണാനാണ് സത്യത്തില്‍ ഞാന്‍ എന്നും പളളിയില്‍ ഞങ്ങളുടെ വരിയുടെ അറ്റത്ത് പോയിരിക്കുന്നത്. അച്ഛന്‍ ഏത് സോപ്പാണ് കഴുകാന്‍ എടുക്കുന്നതെന്നു പോലും കൗതുകത്തോടെ അപ്പോള്‍ ശ്രദ്ധിക്കാറുണ്ട്! കുര്‍ബാന കഴിയുമ്പോഴാണ് യേശുവിന്റെ രൂപം വഹിച്ചുകൊണ്ട് അച്ഛന്‍ ജനങ്ങളുടെ ഇടയിലേക്ക് വരുന്നത്. കുന്തിരിക്കം പുകച്ച് പൂവ് വിതറി യേശുവിന്റെ രൂപം എഴുന്നെളളിക്കുന്ന ആ സമയത്ത് വല്ലാത്തൊരു അന്തരീക്ഷമാണ്, പളളിയിലും എല്ലാവരുടെയും മനസ്സിലും. വേറെ ഒന്നും ചിന്തിക്കാതെ ആ രൂപത്തിലേക്ക് മാത്രം നോക്കി പോകുന്ന പ്രശാന്തമായൊരു അവസ്ഥ.
കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെയും ഞങ്ങള്‍ കളി തന്നെ. വൈകുന്നേരമാകുമ്പോഴേക്ക് അമ്മമാര്‍ അടുക്കളയില്‍ മേളം തുടങ്ങും. പെസഹായ്ക്കുളള അപ്പത്തിന് കുഴയ്ക്കലാണ്. പുളിപ്പില്ലാത്ത അപ്പമാണ് ഉണ്ടാക്കേണ്ടത്. കുരിശപ്പം എന്നു വിളിക്കുന്ന അപ്പത്തിന് നടുവിലായി കുരുത്തോല കൊണ്ട് ഒരു ചെറിയ കുരുശുണ്ടാക്കി വയ്ക്കും. കുരുത്തോല കൊണ്ട് കുരിശുണ്ടാക്കുന്ന ഞങ്ങളുടെ ചിറ്റപ്പന് ചുറ്റും അതു കാണാനായി ഞങ്ങള്‍ ഈച്ച പൊതിയുംപോലെ നില്‍ക്കും. ഇത് അപ്പത്തിന് നടുവില്‍ വച്ച് ആവിയില്‍ പുഴുങ്ങി എടുക്കുകയാണ് ചെയ്യുന്നത്.
പിന്നെ അടുത്തത് ഇന്‍ട്രിയപ്പമാണ്. വാഴയിലയില്‍ ഉണ്ടാക്കുന്ന വേറെയൊരു പുളിപ്പില്ലാത്ത അപ്പം. വാഴയിലയില്‍ പരത്തി മടക്കിവച്ച് അതും ആവിയില്‍ പുഴുങ്ങിയെടുക്കും. പിന്നെ പെസഹായ്ക്കുളള പാലാണ് ഉണ്ടാക്കുന്നത്. പക്ഷേ അത് അപ്പം മുറിക്കുന്നതിന് കുറച്ച് മുന്‍പ് മാത്രമേ ഉണ്ടാക്കാന്‍ പാടുളളൂ. തേങ്ങാപാലും ശര്‍ക്കരയും പഴവും എല്ലാം ചേര്‍ത്തുളള പെസഹാ പാലാണ് ഞങ്ങളുടെയെല്ലാം ഫേവറൈറ്റ്.
വൈകിട്ട് കൃത്യം ആറര ആകുമ്പോള്‍ വീട്ടില്‍ എല്ലാവരും എത്തണമെന്ന് അപ്പച്ചിക്ക് നിര്‍ബന്ധമാണ്, സന്ധ്യാ പ്രാര്‍ഥനയ്ക്കായി. അതുകഴിഞ്ഞാണ് പെസഹാ അപ്പം മുറിക്കല്‍. കൊന്ത ചെല്ലുമ്പോള്‍ ഓരോ രഹസ്യങ്ങളും (പ്രാര്‍ഥനയിലെ ഒരു ഭാഗം) വീട്ടിലെ ഓരോരുത്തര്‍ ചെല്ലുകയാണ് പതിവ്. പക്ഷേ ആകെ അഞ്ചു രഹസ്യമേ ഉളളൂ. അപ്പോള്‍ ഞങ്ങള്‍ ഇത്രയും പിള്ളേര്‍ എങ്ങനെ ചൊല്ലും? അതിന് ഞങ്ങള്‍ രണ്ടും മൂന്നും പേര്‍ ഒന്നിച്ച് ഒരെണ്ണം ചൊല്ലും. പ്രാർഥന കഴിഞ്ഞ് ബൈബിള്‍ വായനയാണ്.
അതിനു ശേഷം കുരിശിന്റെ വഴി ചൊല്ലും. യേശുവിന്റെ പീഢാനുഭവത്തിന്റെ ഓര്‍മയില്‍ സഹിച്ച ത്യാഗങ്ങളിലൂടെ പതിനാല് സ്ഥലങ്ങളായി (സംഭവങ്ങള്‍) തിരിച്ച് ചൊല്ലുന്ന പ്രാര്‍ഥന. പ്രാര്‍ഥനയുടെ കൂടെ ആബേലച്ചന്‍ എഴുതിയ വരികള്‍ പാടുമ്പോള്‍ പലപ്പോഴും നമ്മളും ആ വഴികളിലെ ചോരപ്പാടുകള്‍ കണ്ടതായി തോന്നും. അച്ഛന്റെ കുരിശിന്റെ വഴിയുടെ അത്രയും മനസ്സിൽ തട്ടിയ മറ്റൊന്നും ഇല്ല , സന്ധ്യാ പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ താഴോട്ട് സ്തുതി ചെല്ലണം. പെസഹാ ദിവസം കുരിശു വരയ്ക്കല്‍ കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ കൂട്ടിയിടിയാണ്. കാരണം വീട്ടില്‍ ഒരു 30 പേരോളം ഉണ്ടാകും, മക്കളും മരുമക്കളും പേരക്കുട്ടികളുമായി. ഇവരെല്ലാം പരസ്പരം സ്തുതി കൊടുക്കുന്നത് രസമുളള കാഴ്ചയാണ്.
ഞങ്ങള്‍ കുട്ടികള്‍ക്കാണ് ഏറ്റവും ബുദ്ധിമുട്ട്. ഇവരിലാരാണ് മൂത്തതെന്നാകും അപ്പോള്‍ കണ്‍ഫ്യൂഷന്‍. പിന്നെ അതെല്ലാം കണ്ടുപിടിച്ച് എന്നേക്കാളും മൂത്തയാള്‍ക്കുവരെ ഞാന്‍ അങ്ങോട്ട് ചെന്ന് സ്തുതി നല്‍കണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്കു താഴെ രണ്ടു പേര്‍ മാത്രമേ അവിടെയുളളൂ!
ഞങ്ങള്‍ സ്തുതി കൊടുത്ത് കഴിയാറാകുമ്പോഴേക്ക് അമ്മമാര്‍ പെസഹായ്ക്കുളള പാല്‍ ഒരുക്കാന്‍ തുടങ്ങും. അതുണ്ടാക്കുന്നതു കാണുമ്പോഴേക്കും വായില്‍ കപ്പലോടും. പക്ഷേ അങ്ങനെ പറയരുതെന്ന് അമ്മയുടെ അമ്മ പറഞ്ഞിട്ടുണ്ട്. രുചി പോകുമത്രേ. പക്ഷേ ഇന്നും എത്രയാലോചിച്ചിട്ടും അതിന്റെ ലോജിക് എനിക്ക് മനസ്സിലാകുന്നില്ല. പാല്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ അതിലും കുരുത്തോല കൊണ്ട് ഒരു കുരിശുണ്ടാക്കി ഇടും. അതിനൊരു രസകരമായ കാര്യവുമുണ്ട്.
പാല്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ ഉടനേ അപ്പം മുറിക്കാന്‍ എല്ലാവരും ഇരിക്കും. മേശപ്പുറത്ത് കുരിശപ്പം, ഇന്‍ട്രിയപ്പം, പെസഹാ പാല്‍, ചെറുപഴം, ബ്രെഡ്, പാല്‍ വിളമ്പാനുളള ഗ്ലാസ് എന്നിവ നിരത്തി വയ്ക്കും. ഞങ്ങളെല്ലാം പായിലും മൂത്തവരെല്ലാം കസേരയിലുമായി ഇരിക്കും. വീട്ടിലെ കാരണവര്‍, അതായത് അപ്പച്ചി പ്രാര്‍ഥിച്ച് കുരിശപ്പം മുറിക്കും. അതിന്റെ ആദ്യ കഷ്ണം വീട്ടിലെ പിന്നെ ഏറ്റവും മൂത്തയാള്‍ക്കുളളതാണ്. അമ്മ അത് വാങ്ങിച്ചു കഴിഞ്ഞാല്‍ പിന്നെ വരിവരിയായി മൂപ്പനുസരിച്ച് കുരിശപ്പവും ഇന്‍ട്രിയപ്പവും പാലും നല്‍കും.
ഇനി ആ പെസഹാ പാലിലെ കുരിശിന്റെ കാര്യം പറയാം. പാല്‍ കുടിക്കുമ്പോള്‍ ആരുടെ ഗ്ലാസിലാണോ ആ കുരിശ് കിട്ടുന്നത് അവനെ/അവളെ യേശുവിനെ ഒറ്റിയ യൂദാസായി പ്രഖ്യാപിക്കും. ഞങ്ങള്‍ കുട്ടികള്‍ക്ക് അത് കളിയാക്കാനുളള അവസരവും. ഇതെല്ലാം ഇതിനിടയില്‍ വെറുതേ ഒന്നു ചിരിക്കാനുളള അവസരമാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്.
പക്ഷേ ഇപ്പോള്‍ ജോലിയും തിരക്കുകളുമായി എല്ലാവരും നഗരത്തിലേക്ക് ചേക്കേറി. പെസഹായ്ക്ക് 30 പേര്‍ ഒത്തുകൂടിയയിടത്ത് മൂന്നോ നാലോ പേര്‍ മാത്രമാകുമ്പോള്‍ നഷ്ടപ്പെടലിന്റെ ഓര്‍മ കൂടിയാണ് ഇന്ന് പെസഹ. എന്നാലും അമ്പത് ദിവസത്തെ നോമ്പില്‍ തുടങ്ങുന്ന ഒരുക്കത്തിന്റെ സന്തോഷം ഒരു പെസഹായ്ക്കും നഷ്ടപ്പെടുന്നില്ല എന്ന ആശ്വാസം മാത്രമാണ് ബാക്കി.
Leave a Reply