ബറേലി (യുപി) :പീഡനത്തിനിരയായ യുവതിയുടെ കാല്‍ക്കല്‍ വീണ് മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് പ്രതിയെ വെറുതെ വിട്ടതായി പരാതി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ മീര്‍ഗണ്‍ജ് പൊലീസ് സ്റ്റേഷനു മുന്നിലാണ് നാടകീയ സംഭവം അരങ്ങേറിയത്.
ബറേലി ജില്ലയിലെ മീര്‍ഗണ്‍ജില്‍ ജോലിക്കെത്തിയപ്പോഴാണ് മുപ്പത്തിരണ്ടുകാരിയായ വിധവ പീഡനത്തിനിരയായത്. യുവതിയുടെ കൂടെയുണ്ടായിരുന്നവര്‍ ഉച്ചഭക്ഷണം കഴിക്കാനായി പോയ സമയത്തായിരുന്നു പീഡനം. തനിച്ചായിരുന്ന യുവതിയെ ജോലിക്ക് മേല്‍നോട്ടം നല്‍കുന്ന റോഹ്ടാഷ് എന്നയാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ യുവതിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതിയുടെ ഭീഷണിയെ വകവയ്ക്കാതെ യുവതി പരാതിയുമായി മീര്‍ഗണ്‍ജ് പൊലീസ് സ്റ്റേഷനില്‍ എത്തി. എന്നാല്‍ യുവതിയുടെ പരാതി സ്വീകരിക്കാന്‍ പൊലീസ് തയാറായില്ല. പൊലീസുകാര്‍ ഉടന്‍തന്നെ ഗ്രാമമുഖ്യനെ വിളിപ്പിച്ചു. അദ്ദേഹം പ്രതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ പഞ്ചായത്ത് വിളിച്ചുകൂട്ടി. അവിടെ വച്ച് പ്രതിയോട് യുവതിയുടെ കാല്‍തൊട്ട് വന്ദിക്കാന്‍ പറഞ്ഞു. പ്രതി ഇപ്രകാരം ചെയ്തതിനെത്തുടര്‍ന്ന് പഞ്ചായത്ത് പിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് ഇനി പ്രതികരിക്കരുതെന്ന് യുവതിക്ക് താക്കീതും നല്‍കി.
ഇതിനുപിന്നാലെ നടന്ന ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് യുവതി സൂപ്രണ്ട് ഓഫ് പൊലീസ് ബ്രിജേഷ് ശ്രീവാസ്തവയ്ക്ക് കത്തെഴുതി. അദ്ദേഹം യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ മീര്‍ഗണ്‍ഡ് പൊലീസിന് നിര്‍ദേശം നല്‍കി. യുവതി എഴുതിയ കാര്യങ്ങള്‍ സത്യമാണെന്നു ബോധ്യപ്പെട്ടാല്‍ പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബ്രിജേഷ് ശ്രീവാസ്തവ വ്യക്തമാക്കി.