ലണ്ടന്‍: നികുതി വെട്ടിക്കാനായി വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചെന്ന ആരോപണത്തില്‍ ബ്രിട്ടീഷ് രാജ്ഞി മാപ്പ് പറയണമെന്ന് ജെറമി കോര്‍ബിന്‍. എലിസബത്ത് രാജ്ഞിയുടെ പ്രൈവറ്റ് എസ്‌റ്റേറ്റ് വിദേശത്ത് 10 മില്യന്‍ പൗണ്ട് നിക്ഷേപം നടത്തിയെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന പാരഡൈസ് പേപ്പേഴ്‌സില്‍ പരാമര്‍ശമുണ്ടായിരുന്നു. നിക്ഷേപത്തിന്റെ പേരില്‍ രാജ്ഞി മാപ്പ് പറയണമെന്നാണോ ആവശ്യമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നികുതി വെട്ടിക്കാന്‍ വിദേശത്ത് പണം സൂക്ഷിക്കുന്നവര്‍ തങ്ങള്‍ സമൂഹത്തോട് ചെയ്യുന്നതെന്താണെന്ന് തിരിച്ചറിയണമെന്ന് ലേബര്‍ നേതാവ് പറഞ്ഞു.

പാരഡൈസ് പേപ്പേഴ്‌സിലൂടെ 13.4 മില്യന്‍ രേഖകളാണ് പുറത്തു വന്നത്. ആഗോള തലത്തില്‍ പ്രമുഖരും രാഷ്ട്രീയ നേതാക്കളും സ്‌പോര്‍ട്‌സ് എന്റര്‍ടെയിന്‍മെന്റ് രംഗത്തുള്ള ഒട്ടേറെപ്പേരും ഈ രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സ്വന്തം രാജ്യത്ത് നികുതി വെട്ടിക്കാനായി വിദേശത്ത് നിക്ഷേപങ്ങള്‍ നടത്തിയതിനേക്കുറിച്ചുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ട രേഖകളിലുള്ളത്. രാജ്ഞിയുടെ പ്രൈവറ്റ് എസ്‌റ്റേറ്റായ ദി ഡച്ചി ഓഫ് ലാന്‍കാസ്റ്റര്‍ കെയ്മന്‍ ദ്വീപുകളിലും ബര്‍മുഡയിലും 10 മില്യന്‍ പൗണ്ട് നിക്ഷേപിച്ചെന്നാണ് വെളിപ്പെടുത്തല്‍.

2004നും 2005നുമിടയിലാണ് ഈ നിക്ഷേപം നടന്നത്. എന്നാല്‍ ഇത് നിയമവിരുദ്ധമാണോ എന്ന കാര്യം രേഖകളില്‍ വ്യക്തമല്ല. സാധാരണക്കാരായ ഉപഭോക്താക്കളില്‍ നിന്ന് വന്‍ നിരക്കില്‍ പലിശയീടാക്കിയതിന്റെ പേരില്‍ വിവാദത്തിലായിട്ടുള്ള ബ്രൈറ്റ് ഹൗസ് എന്ന കമ്പനിയില്‍ 3208 പൗണ്ട് രാജ്ഞി നിക്ഷേപിച്ചിട്ടുണ്ടെന്ന വളരെ ബാലിശമായ കണക്കുകളും രേഖകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് നിന്ന് നിയമവിരുദ്ധമായി ആരെങ്കിലും വിദേശത്തി നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം നടണമെന്ന ആവശ്യവും കോര്‍ബിന്‍ ഉന്നയിച്ചു.