ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് ഡെവോണിൽ മലിനജലത്തിലൂടെ പകരുന്ന അസുഖങ്ങളുടെ എണ്ണം വീണ്ടും വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ഡെവോണിൽ ക്രിപ്‌റ്റോസ്‌പോറിഡിയോസിസ് കേസുകൾ 46 എണ്ണമായി ആണ് കൂടിയിരിക്കുന്നത്. നേരത്തെ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഇരട്ടിയിലധികം പേർക്കാണ് പുതിയതായി രോഗം കണ്ടെത്തിയിരിക്കുന്നത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവോൺ പ്രദേശത്ത് നേരെത്തെ 22 പേർക്കാണ് മലിനജലം മൂലം ഉണ്ടാകുന്ന വയറിളക്കം സ്ഥിരീകരിച്ചത്.
നീണ്ട വയറിളക്കത്തിന് കാരണമാകുന്ന രോഗമായ ക്രിപ്‌റ്റോസ്‌പോറിഡിയോസിസ് കേസുകൾ 46 ആയി ഉയർന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) ആണ് അറിയിച്ചത് . ഇത് കൂടാതെ 100 പേർക്ക് രോഗലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ സ്ഥിരീകരിച്ചതോടെ തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി. വയറിളക്കത്തിന് കാരണമാകുന്ന അണുക്കൾ ഇവിടെ വിതരണം ചെയ്യുന്ന ജലത്തിൽ കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് വാട്ടർ അറിയിച്ചിരുന്നു. രോഗത്തിൻറെ ഉറവിടം ഇല്ലാതാക്കാൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സൗത്ത് വെസ്റ്റ് വാട്ടർ അറിയിച്ചു. പ്രശ്ന ബാധിത പ്രദേശങ്ങളിൽ കുപ്പിവെള്ള വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തിൽ കൂടി പകരുന്ന രോഗങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏകദേശം 16,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളം തിളപ്പിച്ച് കുടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞവർ കടുത്ത ജാഗ്രത പുലർത്തണമെന്ന് യു കെ എച്ച് എസ് എയുടെ മുന്നറിയിപ്പിൽ പറയുന്നു. മലിനമായ വെള്ളം കുടിക്കുകയോ നീന്തൽകുളങ്ങളിലോ അരുവികളിലോ കുളിക്കുന്നതിലൂടെയോ അണുബാധ ഉണ്ടാകാം . സംഭവത്തിൽ ഖേദിക്കുന്നതായി സൗത്ത് വെസ്റ്റ് വാട്ടർ (എസ്‌ഡബ്ല്യുഡബ്ല്യു) ചീഫ് എക്‌സിക്യൂട്ടീവ് സൂസൻ ഡേവി പറഞ്ഞു.
Leave a Reply