പറവൂരില്‍ വീടിനുള്ളില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത ചുരുളഴിയുന്നു. പറവൂര്‍ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീട്ടിലെ തീപ്പിടിത്തത്തിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളാണ് മരിച്ചത്. മക്കളില്‍ ഒരാളെ കാണാനില്ലാത്തതിനാല്‍ ആരാണെന്നത് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. സംഭവം
കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നത്. മരിച്ചനിലയില്‍ കണ്ടെത്തിയത് ശിവാനന്ദന്റെ മൂത്തമകള്‍ വിസ്മയ(25) ആണെന്നാണ് നിഗമനം.

എന്നാല്‍ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധന അടക്കം നടത്തിയതിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കൂ. അതിനിടെ, ശിവാനന്ദന്റെ രണ്ടാമത്തെ മകള്‍ ജിത്തു(22)വിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വീട്ടില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ ജിത്തു ഓടിപ്പോകുന്ന ചില സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ജിത്തു ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. ജിത്തുവിനെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞദിവസം മൂന്നുമണിയോടെയാണ് ശിവാനന്ദന്റെ വീട്ടില്‍ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് പൂട്ടിയനിലയിലായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടന്നിരുന്നു. രണ്ട് മുറികള്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഗ്‌നിരക്ഷാസേന തീയണച്ച ശേഷം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മുറികളിലൊന്നില്‍ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രക്തം വീണ പാടുണ്ടായിരുന്നു. രൂക്ഷമായ മണ്ണെണ്ണ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് പരിശോധിച്ച മാതാപിതാക്കള്‍ മൂത്ത മകള്‍ വിസ്മയയുടേതാണ് ലോക്കറ്റെന്ന് തിരിച്ചറിഞ്ഞിരുന്നു.

സംഭവസമയം ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാന്‍ പോയിരുന്നതായാണ് പോലീസ് പറയുന്നത്. വിസ്മയയും ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ വിസ്മയ മാതാപിതാക്കളെ വിളിച്ച് എപ്പോള്‍ വരുമെന്ന് തിരക്കി. രണ്ട് മണിയോടെ എത്തുമെന്ന് മാതാപിതാക്കള്‍ അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് സംഭവമുണ്ടായത്. ഇരുചക്ര വാഹനത്തില്‍ മത്സ്യം വില്‍ക്കുന്ന ജോലിയാണ് ശിവാനന്ദന്. മക്കളായ വിസ്മയ ബിബിഎ.യും ജിത്തു ബിഎസ്സിയും പൂര്‍ത്തിയാക്കിയവരാണ്.

ജിത്തു ഏതാനും മാസങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ജിത്തുവിനെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്താലേ സംഭവത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.