കോഴിക്കോട് മേപ്പയ്യൂരിൽ നവവധു ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പെൺകുട്ടിയുടെ കുടുംബം. മകൾ ഹന്നയുടെ മരണകാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃവീട്ടുകാരുടെ പീഡനമെന്ന് കാട്ടി നന്തി സ്വദേശി അസീസാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. നിസാര വകുപ്പുകൾ ചുമത്തി ഭർത്താവിനെയും കുടുംബത്തെയും രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. ഈ പിതാവിന് മകളെ നഷ്ടപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞു. മകൾ തൂങ്ങിമരിച്ചുവെന്ന് ഭർതൃവീട്ടുകാർ പറയുന്നതല്ലാതെ മറ്റ് കാരണങ്ങളൊന്നുമറിയില്ല.
ആദ്യഘട്ട അന്വേഷണത്തിൽ കൂടുതലെന്തെങ്കിലും കണ്ടെത്താൻ പൊലീസിനും കഴിഞ്ഞിട്ടില്ല. നല്ല മനസുറപ്പുള്ള തന്റെ മകൾ അങ്ങനെയുള്ള അബദ്ധം കാണിക്കില്ലെന്ന് അച്ഛന് ഉറച്ച വിശ്വാസമുണ്ട്. നൂറ് പവൻ സ്വർണവും ലക്ഷങ്ങളും കാറുമുൾപ്പെടെ സ്ത്രീധനം നൽകിയാണ് ഹന്നയുടെ വിവാഹം നടത്തിയത്. കിട്ടിയതിൽക്കൂടുതൽ ആവശ്യപ്പെട്ട് വിവാഹം കഴിഞ്ഞ് രണ്ടാംമാസം മുതൽ ഉപദ്രവം തുടങ്ങി. നബീലിന്റെ പിതാവും മാതാവും സഹോദരിയും ആക്രമണത്തിനും പീഡനത്തിനും കൂട്ടുനിന്നു. ഇവരുടെ നിരന്തര ദേഹോപ്രദവമാണ് മകളുടെ മരണത്തിന് കാരണമായതെന്ന് ഹന്നയുടെ കുടുംബം കരുതുന്നു.
മരിച്ചുവെന്ന് ഉറപ്പായതോടെ സ്വകാര്യ ആശുപത്രിയിൽ ഹന്നയെ ഉപേക്ഷിച്ച് നബീലും ബന്ധുക്കളും കടന്നുകളഞ്ഞതും സംശയം കൂട്ടുന്നു. സംസ്ക്കാരച്ചടങ്ങുകളിൽ ഇവരാരും പങ്കെടുത്തില്ല. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്ന നിഗമനത്തിലേയ്ക്കെത്തി. എന്നാൽ അന്വേഷണത്തിന്റെ ദിശമാറ്റുന്നതിൽ ചില ഇടപെടലുകളുണ്ടായെന്നാണ് ഹന്നയുടെ കുടുംബം പറയുന്നത്. ഹന്ന മരിച്ച് നാലാം ദിവസം നബീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവും മാതാവും ഒളിവിലാണ്. ഇവർക്ക് മരണത്തിൽ പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാലാണ് ഹന്നയുടെ കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്.
Leave a Reply