ന്യൂസ് ഡെസ്ക് മലയാളം യുകെ

50 ഓളം ബ്രിട്ടീഷ് പൗരന്മാരുടെ ആത്മഹത്യയ്ക്ക് കാരണമായതായി കരുതപ്പെടുന്ന വെബ്സൈറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 26 വയസ്സുകാരിയായ ബ്രിട്ടീഷ് നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നിൽ വിവാദ വെബ്സൈറ്റ് ആണെന്ന് വെളിപ്പെടുത്തി അവളുടെ മാതാപിതാക്കൾ രംഗത്തുവന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2020 ഓഗസ്റ്റ് മാസത്തിൽ കാർഡിഫിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയ ബ്രോൺവെൻ മോർഗന്റെ മാതാപിതാക്കളാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. 50 ഓളം ബ്രിട്ടീഷുകാരുടെ ആത്മഹത്യയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന വെബ്സൈറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ബിബിസി ന്യൂസ് ആണ് പുറത്തു കൊണ്ടു വന്നത്. തങ്ങളുടെ മകളുടെ മരണത്തിന് ശേഷമാണ് അവളുടെ ആത്മഹത്യയ്ക്ക് പിന്നിൽ വിവാദ വെബ്സൈറ്റിന്റെ സ്വാധീനമുണ്ടായിരുന്നുവെന്ന് അവളുടെ മാതാപിതാക്കൾ കണ്ടെത്തിയത്. ഒന്നിലധികം ആത്മഹത്യാ ശ്രമങ്ങൾക്ക് ഒടുവിലാണ് മോർഗൻ ജീവൻ വെടിഞ്ഞത്. മകളുടെ മരണത്തിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കിയതിനു ശേഷം മോർഗന്റെ മാതാപിതാക്കളായ ജെയ്‌നും ഹെയ്‌ഡനും വിവാദ വെബ്സൈറ്റിനെ കുറിച്ച് ബോധവൽക്കരണം നടത്തിവരുകയാണ്. നിലവിൽ പല ഇൻറർനെറ്റ് പ്രൊവൈഡേഴ്‌സുമാരും വിവാദ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

പൊതുവെ മാനസികമായി ദുർബലരെയും വിഷാദരോഗം ബാധിച്ചവരെയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ആയിരുന്നു വെബ്സൈറ്റിൽ ഉണ്ടായിരുന്നത്. വിവാദങ്ങളെ തുടർന്ന് സ്കൈയും ടോക്ടോക്കും വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു . ഇതുവരെ 5.7 ദശലക്ഷം ഉപഭോക്താക്കൾക്ക് ഈ വെബ്സൈറ്റിലേയ്ക്ക് ഉള്ള പ്രവേശനം തടഞ്ഞതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവന്നിരിക്കുന്നത് . മറ്റൊരു ഇന്റർനെറ്റ് പ്രൊവൈഡർ ആയ ടോക്ക് ടോക്ക് വിവാദ വെബ്സൈറ്റിനെ അനുചിത പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിച്ചു. ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കൾ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ ഇൻറർനെറ്റ് സേവന ദാതാക്കൾക്ക് കത്തുകൾ അയച്ചിരുന്നു.വെബ്സൈറ്റിന്റെ പുറകിൽ പ്രവർത്തിക്കുന്നത് ആരാണെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ആത്മഹത്യയ്ക്ക് കീഴ്പ്പെട്ട പലരും വിഷാദ രോഗബാധിതരായിരുന്നു. ആത്മഹത്യ ചെയ്ത പലരും ജീവനൊടുക്കുന്നതിനു മുൻപ് വിവാദ വെബ്സൈറ്റ് സന്ദർശിച്ചതാണ് സംഭവം പുറംലോകം അറിയാൻ കാരണമായത്.