ജര്‍മ്മന്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന മകളെ തിരികെ കിട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി ഇന്ത്യന്‍ വംശജരായ മാതാപിതാക്കള്‍. രണ്ട് വയസ്സുകാരി അരിഹ ഷാ 2021 സെപ്റ്റംബര്‍ മുതല്‍ ജര്‍മ്മനിയിലെ ബെര്‍ലിനിലെ ഒരു കെയര്‍ ഹോമിലാണ് കഴിയുന്നത്. അവളുടെ ഇന്ത്യന്‍ വംശജരായ മാതാപിതാക്കള്‍ ഭവേഷും ധാരാ ഷായും തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തിനായി നിയമ പോരാട്ടം തുടരുകയാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിയോടും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
‘അവള്‍ ഒരു ഇന്ത്യന്‍ കുട്ടിയാണ്. ‘പെണ്‍കുട്ടിയെ രക്ഷിക്കുക’ എന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിര്‍ണായക സമയത്ത് ഞങ്ങളെ സഹായിക്കണം. അവള്‍ ഞങ്ങളുടെ കുട്ടിയാണ്. അവള്‍ക്ക് അമ്മയുടെ സംരക്ഷണം ആവശ്യമാണ്. ജര്‍മ്മന്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഞങ്ങളുടെ കുഞ്ഞിനെ വിട്ടുകിട്ടാന്‍ പ്രധാനമന്ത്രി സഹായിക്കണമെന്ന് ഞാന്‍ കൂപ്പുകൈകളോടെ അഭ്യര്‍ത്ഥിക്കുന്നു.’ധാരാ ഷാ പറഞ്ഞു.
2021 സെപ്റ്റംബറില്‍ മകളുടെ സ്വകാര്യ ഭാഗത്ത് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ദമ്പതികള്‍ ഈ പ്രശ്‌നത്തില്‍ അകപ്പെട്ടത്. ജര്‍മ്മന്‍ അധികാരികള്‍ കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ കുറ്റം ചുമത്തുകയും അവളെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ആക്കുകയും ചെയ്തു. കുട്ടിയെ പരിപാലിക്കാന്‍ കഴിവില്ലാത്തവരാണെന്ന് രക്ഷിതാക്കളെന്നും അവര്‍ ആരോപിച്ചു. അന്നുമുതല്‍, തങ്ങളുടെ മകളെ വിട്ടുകിട്ടാന്‍ മാതാപിതാക്കള്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും സമരം ചെയ്യുകയും ചെയ്തുവരികയാണ്. ഇന്ന് മുംബൈയില്‍ എത്തിയ മാതാപിതാക്കള്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും മറ്റ് നേതാക്കളെയും കണ്ട് പിന്തുണ ആവശ്യപ്പെട്ടു.
ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന അരിഹയുടെ പിതാവിന് ജോലി നഷ്ടപ്പെട്ടു. മകളുടെ മോചനത്തിനായുളള നിയമപരമായ ഫീസും മറ്റ് കാര്യങ്ങളും മൂലം വലിയ കടം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ‘ഭാവിയില്‍ എന്തായിത്തീരുമെന്ന് അറിയില്ല, എനിക്ക് ജോലിയില്ല, കടം കൂടിക്കൊണ്ടേയിരിക്കുന്നു. അരിഹ മടങ്ങിയെത്തുമ്പോഴേക്കും കടം വളരെ വലുതാകുമെന്നും’ ഭവേഷ് ഷാ പറഞ്ഞു.
ശിശു സംരക്ഷകേന്ദ്രത്തില്‍ തന്റെ കുട്ടിയുടെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അവള്‍ക്ക് ഇന്ത്യന്‍ ഉത്സവങ്ങളെക്കുറിച്ചോ ഇന്ത്യന്‍ ഭക്ഷണത്തെക്കുറിച്ചോ നമ്മുടെ സംസ്‌കാരത്തെക്കുറിച്ചോ അറിയില്ല. ഹോളിയ്ക്ക് അവളെ പുറത്തിറങ്ങാന്‍ അനുവദിക്കണമെന്ന് ഞാന്‍ ജര്‍മ്മന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സംരക്ഷണ കേന്ദ്രത്തിലായതിനാല്‍ തന്നെ ഒരു ഗുജറാത്തി ജൈന എന്ന അവളുടെ ഐഡന്റിറ്റി സംരക്ഷിക്കപ്പെടുന്നില്ല, ഞങ്ങള്‍ ഇതില്‍ വളരെയധികം ആശങ്കാകുലരാണ്.’അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കുട്ടിയെ കൊണ്ടുപോകാന്‍ ജര്‍മ്മന്‍ അധികൃതര്‍ കാരണമായി പറഞ്ഞ ലൈംഗികാരോപണം തങ്ങളെ ഞെട്ടിക്കുന്നതാണെന്നും മാതാപിതാക്കള്‍ പറഞ്ഞു. ‘മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പോലും ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് സൂചിപ്പിച്ചിരിക്കുന്നതെങ്കിലും ബെര്‍ലിന്‍ ചൈല്‍ഡ് കെയര്‍ അധികൃതര്‍ കേസ് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. സാധാരണഗതിയില്‍ നിയമപരമായ കുരുക്കുകളിലും നീണ്ട കാലയളവുകളിലും നിരാശരായി മാതാപിതാക്കള്‍ കേസ് ഉപേക്ഷിക്കുകയാണ് പതിവ്, പക്ഷേ, എന്തു വന്നാലും ഞങ്ങള്‍ അങ്ങനെ ചെയ്യില്ല’ കുട്ടിയുടെ അമ്മ പറഞ്ഞു.
Leave a Reply