ഷോട്ട് ഗണ്ണും 200 തിരകളുമായി സ്‌കൂളിലെത്തിയ 15കാരന്റെ മനസുമാറിയതോടെ ഒഴിവായത് വന്‍ ദുരന്തം. 12-ബോര്‍ ഷോട്ട്ഗണ്ണുമായി നനീറ്റണിലെ ഹയം ലെയിന്‍ സ്‌കൂളിലെത്തിയ ശേഷം 999ല്‍ വിളിച്ച് അറിയിച്ച വിദ്യാര്‍ത്ഥിക്ക് സെപ്റ്റംബറില്‍ വാര്‍വിക്ക് ക്രൗണ്‍ കോര്‍ട്ട് ആറ് വര്‍ഷത്തെ തടവ് വിധിച്ചെങ്കിലും കുട്ടിയെ വെറുതെ വിടാന്‍ ലേഡി ജസ്റ്റിസ് ഹാലെറ്റ് ഇപ്പോള്‍ വിധിച്ചിരിക്കുകയാണ്. കുട്ടിക്ക് ശിക്ഷയേക്കാള്‍ പരിചരണവും ശ്രദ്ധയുമാണ് വേണ്ടതെന്ന് ജഡ്ജ് പറഞ്ഞു. മാതൃകാ പുത്രന്‍ എന്നാണ് ലണ്ടനിലെ അപ്പീല്‍ കോര്‍ട്ട് ജഡ്ജിയായ ഇവര്‍ പേര് വെളിപ്പെടുത്താത്ത പതിനഞ്ചുകാരനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ജൂണിലായിരുന്നു സംഭവമുണ്ടായത്. വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഷോട്ട്ഗണ്‍ സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ ആരുമില്ലാത്ത സ്ഥലം കണ്ടെത്തി തോക്ക് ലോഡ് ചെയ്യാന്‍ കുട്ടി ശ്രമിച്ചു. പെട്ടെന്ന് തന്നെ താന്‍ ചെയ്യാനുദ്ദേശിച്ച കാര്യത്തെക്കുറിച്ച് ബോധവാനായ കുട്ടി തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 999ലേക്ക് വിളിക്കുകയും സ്‌കൂളിലെത്തിയ തന്റെ കയ്യില്‍ ഷോട്ട്ഗണ്ണും തിരകളുമുണ്ടെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും രാവിലെ അകാരണമായി ദേഷ്യം തോന്നിയതിനാല്‍ ആര്‍ക്കെങ്കിലും നേരെ ഉപയോഗിക്കാനാണ് തോക്കെടുത്തതെന്നുമാണ് 999 ഓപ്പറേറ്ററോട് ഇയാള്‍ പറഞ്ഞത്.
കൊല ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് തോക്ക് കൊണ്ടുവന്നതെന്നും തിരകളും ഒരു കത്തിയും തന്റെ കയ്യില്‍ ഉണ്ടെന്നും അവന്‍ വെളിപ്പെടുത്തി. ഒരു നിമിഷത്തേക്ക് ചിന്തിച്ചിരുന്നില്ലെങ്കില്‍ ഹീനമായ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കാമായിരുന്ന സംഭവം ഉണ്ടാകുമായിരുന്നു എന്നാണ് കഴിഞ്ഞ വര്‍ഷം തടവുശിക്ഷ വിധിച്ചുകൊണ്ട് ജ്ഡജ് ആന്‍ഡ്രൂ ലോക്ക്ഹാര്‍ട്ട് ക്യുസി പറഞ്ഞത്. എന്നാല്‍ തോക്ക് ഉപയോഗിക്കാന്‍ വളരെ ചുരുങ്ങിയ നേരത്തേക്കുള്ള ചിന്ത മാത്രമേ ഇയാള്‍ക്കുണ്ടായിരുന്നുള്ളുവെന്ന് ജഡ്ജ് ഹാലെറ്റ് കണ്ടെത്തി. പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് തിരിച്ചു വന്നുവെന്നും അവര്‍ പറഞ്ഞു.
കുട്ടി കടുത്ത വിഷാദരോഗത്തിനും സോഷ്യല്‍ ആന്‍ക്‌സൈറ്റിക്കും അടിമയായിരുന്നുവെന്നും ജഡ്ജ് ഹാലെറ്റ് പറഞ്ഞു. പ്രത്യേകതരം ഓട്ടിസം കുട്ടിക്കുണ്ടായിരുന്നുവെന്നും മുമ്പ് പലവിധത്തിലുള്ള ഭീഷണിപ്പെടുത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനായിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കുട്ടിയെ ജയിലില്‍ നിന്ന് മോചിതനാക്കിയതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അവന്റെ മേലുണ്ടായിരുന്ന കുറ്റവാളി എന്ന മേല്‍വിലാസം മാറിയതില്‍ സന്തോഷമുണ്ട്. ഇനി അവന് ആവശ്യമായ പരിചരണം നല്‍കാന്‍ സാധിക്കുമെന്ന് മാതാപിതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
[…] March 24 04:39 2018 by News Desk 5 Print This Article […]