ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടികൾക്ക് നേരെയുള്ള യഹൂദ വിരുദ്ധ പ്രവർത്തികൾ നടക്കുമോ എന്ന ആശങ്കയെ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ച് ജൂത സ്കൂളുകൾ. ലണ്ടനിലെയും മാഞ്ചസ്റ്ററിലെയും ചില സ്കൂളുകൾക്ക് ചുറ്റും പട്രോളിംഗ് വർദ്ധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയിൽ തങ്ങൾക്ക് ആശങ്ക ഉണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. ജൂതന്മാരാണെന്ന് തിരിച്ചറിയാതിരിക്കാൻ ചില വിദ്യാർത്ഥികളോട് പൊതുസ്ഥലങ്ങളിൽ ബ്ലേസറുകൾ ധരിക്കാമെന്നും പറഞ്ഞിട്ടുണ്ട്. അതേസമയം യുകെയിൽ യഹൂദ സമൂഹത്തിൻെറ സുരക്ഷയെ വളരെ പ്രാധാന്യത്തോടെയാണ് സമീപിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.
ഇസ്രയേലിനെതിരെ ഹമാസിൻെറ തീവ്രവാദ ആക്രമണം ആരംഭിച്ച് മൂന്ന് ദിവസത്തിന് ആകുമ്പോൾ, ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് 1,000-ത്തിലധികം പേർക്ക് അവരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. ഗാസയിൽ നടന്ന തിരിച്ചടിയിൽ 830 പേർ കൊല്ലപ്പെട്ടു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളും മറ്റും നിലവിൽ സ്കൂൾ അധികൃതർ മാതാപിതാക്കളുമായി പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ഇരയായവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൗണിങ് സ്ട്രീറ്റിൽ ജനങ്ങൾ ഒത്തുകൂടിയിരുന്നു. ഗാസയിലെ ഭീകരാക്രമണത്തിൽ ഇതുവരെ പത്തോളം ബ്രിട്ടീഷുകാർക്ക് ജീവൻ നഷ്ടമായി. ഈ ആഴ്ച അവസാനത്തോടെ മരണപ്പെട്ട ബ്രിട്ടീഷുകാരുടെ എണ്ണം പത്തിൽ കൂടുമെന്നാണ് അധികൃതർ പറയുന്നത്. ഡൗണിംഗ് സ്ട്രീറ്റിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പങ്കെടുത്തവരിൽ ഭൂരിഭാഗവും കാണാതായതോ കൊല്ലപ്പെട്ടതോ ആയവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആയിരുന്നു.
Leave a Reply