ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 8 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കിടയിൽ ഏറ്റവും ജനപ്രിയമായ ഗെയിമിംഗ് പ്ലാറ്റ്ഫോമായ റോബ്ലോക്സ് ഉപയോഗത്തിൽ സുരക്ഷാ ആശങ്കകൾ ഉയരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പ്ലാറ്റ്ഫോമിലെ പ്രായപരിശോധന അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ മതിയായതല്ലെന്ന് റോബ്‌ലോക്‌സിന് വേണ്ടി ഗെയിമുകൾ നിർമ്മിക്കുന്ന പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ഒരു സ്വതന്ത്ര ഡെവലപ്പർ പറഞ്ഞു. കുട്ടികൾ പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ 24 മണിക്കൂറും നിരീക്ഷണം അനിവാര്യമാണ്; അതിന് സാധിക്കില്ലെങ്കിൽ അവർ റോബ്ലോക്സ് ഉപയോഗിക്കരുത്” എന്നും അദ്ദേഹം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലോകമെമ്പാടും ദിനംപ്രതി 80 മില്യൺ ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോമിൽ 40% പേർ 13 വയസ്സിന് താഴെയാണെന്നതാണ് ആശങ്ക കൂട്ടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉപയോക്താക്കൾക്ക് സ്വന്തം ഗെയിമുകൾ സൃഷ്ടിക്കാനും മറ്റുള്ളവരുമായി സംവദിക്കാനും കഴിയുന്നതിനാൽ, ചില ഗെയിമുകൾ വഴി കുട്ടികൾ ഹിംസാത്മകമായതോ അനുചിതമായതായോ ആയ ഉള്ളടക്കങ്ങൾക്ക് ഇരയാകുന്നതായി വിമർശനം നേരെത്തെ ഉയർന്നു വന്നിരുന്നു . ചിലർ അന്യരുമായി ബന്ധപ്പെടാൻ പ്രേരിപ്പിക്കപ്പെടുന്നതും പ്ലാറ്റ്ഫോമിന് പുറത്തേക്ക് സംഭാഷണം മാറ്റുന്നതും ശ്രദ്ധയിൽപ്പെട്ടതായുമുള്ള റിപ്പോർട്ടുകൾ ഉണ്ട് . ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ഏകദേശം 30% മാത്രമേ നടപടി കാണുന്നുള്ളൂ . എന്നാൽ സുരക്ഷ മുൻഗണനയാണെന്നും, ഹാനികരമായ ഉള്ളടക്കവും ആശയവിനിമയവും തടയാൻ ശക്തമായ ഫിൽറ്ററുകളും നിരീക്ഷണ സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും ആണ് റോബ്ലോക്സ് ഈ വിഷയത്തിൽ പ്രതികരിച്ചത് .

കുട്ടികളുടെ സുരക്ഷയെ ചൂണ്ടിക്കാട്ടി റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ പ്ലാറ്റ്ഫോം നിരോധിച്ചിരിക്കുകയാണ്. ഇൻഡോനേഷ്യയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് ഇത് വിലക്കാനും തീരുമാനിച്ചിട്ടുണ്ട് . അതേസമയം, യുകെ സർക്കാർ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കുന്നതിനായി സോഷ്യൽ മീഡിയ നിരോധനം, സമയ നിയന്ത്രണം തുടങ്ങിയ നടപടികൾ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. റോബ്ലോക്സ് ഈ നിയന്ത്രണ പരിധിയിൽ വരുമോയെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.