ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ആർച്ചി ബാറ്റേഴ്സ്ബീയുടെ മാതാപിതാക്കൾ തങ്ങളുടെ മകൻെറ ലൈഫ് സപ്പോർട്ട് പിൻവലിക്കുന്നതിനുള്ള തീരുമാനം മാറ്റിവയ്ക്കാനുള്ള ശ്രമവുമായി യൂറോപ്യൻ കോടതിൽ (ഇ സി എച്ച് ആർ) അപേക്ഷ സമർപ്പിച്ചു. പന്തണ്ട് വയസ്സുകാരന്റെ ജീവൻ നിലനിർത്തുന്ന ചികിത്സ ബുധനാഴ്ച പിൻവലിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. ചികിത്സ പിൻവലിക്കുന്നതിനെതിരെ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ കോടതി തള്ളിയിരുന്നു. ആർച്ചിയെ ചികിത്സിക്കുന്ന റോയൽ ലണ്ടൻ ആശുപത്രി പ്രവർത്തിപ്പിക്കുന്ന ബാഴ്സ് എൻഎച്ച്എസ് ഹെൽത്ത് ട്രസ്റ്റ് കുട്ടിയുടെ പേരിലുള്ള നിയമപരമായ പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം മാത്രമേ ചികിത്സ അവസാനിപ്പിക്കുകയുള്ളൂ എന്ന് വ്യക്തമാക്കി. അതേസമയം മസ്തിഷ്ക മരണത്തിനാണ് ഏറെ സാധ്യതയെന്നും കുട്ടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുകയില്ല എന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ലൈഫ് സപ്പോർട്ടിന്റെ സഹായം അവസാനിപ്പിക്കുന്നതാണ് ഈ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു. ചികിത്സ തുടരുന്നത് അർഥശൂന്യമാണെന്ന് ഹൈക്കോടതി ജഡ്ജി മുമ്പ് പറഞ്ഞിരുന്നു.
ഇ സി എച്ച് ആറിന് നൽകിയ അപേക്ഷയിൽ തങ്ങൾക്ക് അനുകൂലമായ ഒരു വിധി പ്രതീക്ഷിക്കുന്നുവെന്നും ആർച്ചിയുടെ ജീവൻ രക്ഷിക്കാൻ അവസാനം വരെ തങ്ങൾ പോരാടുമെന്നും ആർച്ചിയുടെ അമ്മ ഹോളി ഡാൻസ് പറഞ്ഞു. ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്ന് തന്റെ മകൻെറ ചികിത്സയ്ക്കായുള്ള സഹായ അഭ്യർഥനകൾ വന്നിട്ടുണ്ടെന്ന് മിസ്സ് ഡാൻസ് പറഞ്ഞു. ഈ രാജ്യത്തിൽ അവനെ ചികിത്സിക്കാൻ കഴിയുകയില്ലെങ്കിൽ മറ്റൊരു രാജ്യത്തേക്ക് പോകുന്നതിൽ താൻ തെറ്റ് കാണുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ആർച്ചിയുടെ പേരിൽ ഒരു അപേക്ഷ ലഭിച്ചതായി ഇ സി എച്ച് ആർ സ്ഥിരീകരിച്ചിരുന്നു. സൗത്ത്എൻഡ്-ഓൺ-സീ എസ്സെക്സിൽ താമസിക്കുന്ന ആർച്ചി ഏപ്രിൽ ഏഴിനാണ് അബോധാവസ്ഥയിൽ ആയത്.
Leave a Reply