കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് കൊടുത്തു വിടുന്ന സാന്‍ഡ്‌വിച്ചുകള്‍ ക്ലിംഗ് ഫിലിമില്‍ പൊതിയേണ്ടെന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം വരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്‌കൂളുകള്‍ പ്ലാസ്റ്റിക് രഹിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പ്ലാസ്റ്റിക് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ഷോപ്പിംഗ് ബാഗുകള്‍ക്ക് ഈടാക്കി വരുന്ന 5 പെന്‍സ് നിരക്ക് 10 പെന്‍സായി ഉയര്‍ത്തും. ഇത് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മാത്രമായിരിക്കില്ല ബാധകമാകുക. രണ്ടരലക്ഷത്തിലേറെ വരുന്ന ഇടത്തരം സ്റ്റോറുകളിലും ചെറിയ കോര്‍ണര്‍ ഷോപ്പുകളിലും ക്യാരി ബാഗുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തും. നിലവില്‍ ഇത്തരം സ്റ്റോറുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് സ്‌കൂളുകള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അവരുടേതായ പങ്കു വഹിക്കാനുണ്ടെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു.
സ്‌കൂളുകളില്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍, കുപ്പികള്‍, ഫുഡ് പാക്കിംഗുകള്‍, പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവയുടെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തണമെന്ന് ഹെഡ്ടീച്ചര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇവയ്ക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഫ്രീയാകാന്‍ ലക്ഷ്യമിടുന്ന സ്‌കൂളുകള്‍ കുട്ടികളുടെ രക്ഷിതാക്കളെയും അതിന് പ്രേരിപ്പിക്കണം. കുട്ടികള്‍ക്ക് കൊടുത്തയക്കുന്ന ഭക്ഷണത്തില്‍ പുനരുപയോഗം സാധ്യമായ പാക്കിംഗുകള്‍ വേണം ഉപയോഗിക്കാന്‍ എന്ന് നിര്‍ദേശിക്കാം. കുട്ടികള്‍ക്ക് നല്‍കുന്ന പാല്‍ കാര്‍ട്ടനുകള്‍ പ്ലാസ്റ്റിക് നിര്‍മിതമാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ പറയുന്നു.
ഡെവണിലെ ജോര്‍ജ്ഹാം പ്രൈമറി സ്‌കൂളാണ് യുകെയിലെ ആദ്യത്തെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഫ്രീ സ്‌കൂള്‍. ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ സ്‌കൂളിനെ ഹിന്‍ഡ് അഭിനന്ദിച്ചു. മറ്റു സ്‌കൂളുകളിലെ ഹെഡ്ടീച്ചര്‍മാര്‍ ഈ മാര്‍ഗ്ഗം പിന്തുടരണമെന്നും ഹിന്‍ഡ്‌സ് ആവശ്യപ്പെട്ടു. ഈ സ്‌കൂളിലേക്ക് പ്ലാസ്റ്റിക് കാര്‍ട്ടനുകളില്‍ പാല്‍ കൊണ്ടുവരുന്നതാണ് ആദ്യം നിര്‍ത്തിയത്. പ്ലാസ്റ്റിക് സ്‌ട്രോകളും പിന്‍വലിച്ചു. ഇവിടെ കുട്ടികള്‍ ഇപ്പോള്‍ ഗ്ലാസുകളിലാണ് പാല്‍ കുടിക്കുന്നത്. ഇവ കഴുകി ഉപയോഗിക്കുകയാണ് ചെയ്തു വരുന്നത്.
Leave a Reply