ലണ്ടന്‍: വിടെക് കളിപ്പാട്ടങ്ങള്‍ ഉപേക്ഷിക്കാന്‍ സൈബര്‍ സുരക്ഷാ അധികൃതര്‍ രക്ഷിതാക്കളോട് നിര്‍ദേശിച്ചു. ഇവയുടെ മേല്‍ അതീവജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. ഈ ഇലക്ട്രോണിക് കളിപ്പാട്ടങ്ങളിലൂടെ ഹാക്കിംഗ് ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വിടെക്കിന്റെ പുതിയ ഉപാധികളാണ് ഇത്തരം നിയമലംഘനങ്ങള്‍ നടത്താന്‍ ഇടയുണ്ടെന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ വിദഗ്ദ്ധരെ പ്രേരിപ്പിച്ചത്. ഇത്തരത്തിലുളള സൈബര്‍ ആക്രമണങ്ങള്‍ക്ക് രക്ഷിതാക്കളാകും പൂര്‍ണമായും ഉത്തരവാദികളെന്നും വിദഗ്ദ്ധര്‍ പറയുന്നു.
അറുപത്തിമൂന്ന് ലക്ഷം കുട്ടികളുടെ അക്കൗണ്ടുകള്‍ കഴിഞ്ഞ കൊല്ലം ഇത്തരത്തില്‍ സൈബര്‍ ആക്രമണത്തിനിരയായി. ഇവരുടെ ചാറ്റ് ലോഗുകളും ഫോട്ടോകളും മറ്റും അതിക്രമിച്ച് കടക്കുന്നവര്‍ക്ക് വളരെയെളുപ്പും മോഷ്ടിക്കാനാകുന്നു. എന്നാല്‍ തങ്ങളുടെ ഡേറ്റാബേസുകള്‍ ഹാക്കിംഗില്‍ നിന്ന് സുരക്ഷിതമാണെന്നും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ആവിഷ്‌ക്കരിച്ചതായും വിടെക് അധികൃതര്‍ പറഞ്ഞു. തങ്ങളുടെ വെബ്‌സൈറ്റും സേവനങ്ങളും സംരക്ഷിച്ചുകൊണ്ട് ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമമെന്നും കമ്പനി പറയുന്നു. മറ്റെല്ലാ ഓണ്‍ലൈന്‍ സൈറ്റുകളെയും പോലെ തങ്ങള്‍ ടേംസ് ആന്‍ഡ് കണ്ടീഷന്‍ ബാധകമാണെന്ന കാര്യം പറഞ്ഞിട്ടുണ്ട്. ഹാക്കര്‍മാര്‍ പോലെയുളള മൂന്നാംകക്ഷികള്‍ കടന്നു കയറുന്നതില്‍ കമ്പനിക്ക് പരിമിതമായ ബാധ്യതമാത്രമേ ഉണ്ടാകൂ എന്നും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു.
സൈബര്‍ ആക്രമണങ്ങളെ മഹത്വവത്ക്കരിക്കുന്ന നയമാണ് കമ്പനി സ്വീകരിച്ചിട്ടുളളതെന്ന് ബ്ലോക് ബൈ ദി ആസ്‌ട്രേലിയന്‍ സ്‌പെഷ്യലിസ്റ്റിന്റെ ടോറി ഹണ്ട് പറഞ്ഞു. രക്ഷിതാക്കള്‍ക്ക് ഇതിന്റെ ഡിവൈസുകളിലേക്ക് ആപ്പുകള്‍ കൂട്ടിച്ചേര്‍ക്കാനും ഫോട്ടോയും മറ്റ് സേവ് ചെയ്ത ഫയലുകളും പകര്‍ത്താനാകുമെന്നും ഡിസംബര്‍ 24ന് കമ്പനി പുറത്ത് വിട്ട പുതിയ ടേംസ് ആന്‍ഡ് കണ്ടീഷനില്‍ പറയുന്നു. ഈ സൈറ്റ് ഉപയോഗിക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും നിങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും കമ്പനി ഊന്നിപ്പറയുന്നു. നിങ്ങള്‍ ഒരു വിവരം അയക്കുകയും സ്വീകരിക്കുകയോ ചെയ്യുമ്പോള്‍ അത് പൂര്‍ണമായും സുരക്ഷിതമാണെന്ന് കരുതാനാകില്ല. പിന്നീട് ഇത് മറ്റൊരാളുടെ പക്കല്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ തന്നെ തങ്ങളുടെ സൈറ്റോ സോഫ്റ്റ് വെയറോ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാമെന്നും കമ്പനി വ്യക്തമാക്കുന്നു.
ആളുകള്‍ പലപ്പോഴും ഈ ടേംസ് ആന്‍ഡ് കണ്ടീഷന്‍ ശ്രദ്ധിക്കാറുപോലുമില്ലെന്നും മറ്റൊരു സുരക്ഷാ ഗവേഷകനായ സ്‌കോട്ട് ഹെം പറഞ്ഞു. ആരുടെയും സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് കമ്പനി വ്യക്തമാക്കുകയാണ് ഇതിലൂടെയെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് തികച്ചും അരോചകവും അവിശ്വസനീയവും ആയ നിലപാടാണെന്നും സുരക്ഷാ വിദഗ്ദ്ധര്‍ പ്രതികരിച്ചു. തങ്ങള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം തങ്ങളുടെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ആണെന്ന പ്രഖ്യാപനം വിചിത്രമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ അവയെ ബഹിഷ്‌ക്കരിച്ച് നിങ്ങളുടെ പണം വേറെവിടെയെങ്കിലും ഉപയോഗിക്കാനും ഇവര്‍ നിര്‍ദേശിക്കുന്നു.
ചില ഉപയോക്താക്കള്‍ ഇതിനോടകം തന്നെ വിടെക്കിനെ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. അവര്‍ക്ക് തങ്ങളുടെ പരാതികളില്‍ യാതൊരു ജാഗ്രതയുമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ അവരുടെ സുരക്ഷാ നടപടികള്‍ സംശയിക്കേണ്ടതായണെന്നും ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു. ഉപയോക്താക്കളുടെ സുരക്ഷിതത്വത്തില്‍ നിരുത്തരവാദപരമായ നിലപാട് സ്വീകരിക്കുന്ന ഒരു കമ്പനിയെ എങ്ങനെ വിശ്വസിക്കുമെന്നാണ് ഇവരുടെ ചോദ്യം. ഇലക്ട്രോണിക് കളിപ്പാട്ട നിര്‍മാണക്കമ്പനികളെല്ലാം ഇത്തരം വെല്ലുവിളികള്‍ നേരിടുന്നുവെന്നും അതുകൊണ്ട് തന്നെ ഇവയെ എല്ലാം നിരീക്ഷിക്കേണ്ടതുണ്ടെന്ന ആവശ്യവും ഉയരുന്നു.